ഉത്സവകാലത്ത് യു.എ.ഇയിലേക്ക്; 3-മാസ വീസയ്ക്ക് വന്‍ ഡിമാന്‍ഡ്

പ്രവാസി ഇന്ത്യക്കാരുടെ പ്രിയ രാജ്യമായ യു.എ.ഇ സന്ദര്‍ശിക്കാനുള്ള മൂന്ന് മാസത്തെ വീസ സ്വന്തമാക്കാന്‍ തിരക്കോട് തിരക്ക്. ഏകദേശം 35 ലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. അതില്‍ തന്നെ മുന്തിയപങ്കും മലയാളികളാണ്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് ഉത്സവകാല സന്ദര്‍ശനത്തിനായി യു.എ.ഇയുടെ മൂന്നുമാസ വീസ നേടാന്‍ തിരക്ക് കൂട്ടുന്നത്.

യു.എ.ഇ കാണാനും ആസ്വദിക്കാനും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ യു.എ.ഇ ഭരണകൂടവും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് യു.എ.ഇയിലേക്ക് സന്ദര്‍ശക വീസകള്‍ അനുവദിച്ചിരിക്കുന്നത്.

മൂന്ന് തരം വീസകള്‍

ഒറ്റ തവണ പോയി വരാവുന്ന മൂന്ന് തരം വിസിറ്റ് വീസകളാണ് യു.എ.ഇ സര്‍ക്കാര്‍ അനുവദിക്കുന്നത്. 30 ദിവസം, 60 ദിവസം, 90 ദിവസം എന്നിങ്ങനെ കാലാവധിയുള്ള വീസകളാണ് അവ.

കൊവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന മൂന്ന് മാസ വീസകള്‍ മേയ് മാസത്തിലാണ് പുന:സ്ഥാപിച്ചത്. ഇപ്പോള്‍ മൂന്നു മാസക്കാലവധിയുള്ള വീസയ്ക്ക് ആവശ്യക്കാരുടെ എണ്ണം കുതിയച്ചുയരുകയാണ്. പ്രതിദിനം 20 വിസിറ്റ് വീസ അപേക്ഷകള്‍ വരെ ലഭിക്കുന്നുണ്ടെന്നാണ് ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. രണ്ട് മാസത്തെ വീസ വേഗത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും മൂന്ന് മാസ കാലാവധിയുള്ള വീസയ്ക്ക് കാലതാമസമെടുക്കുന്നുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു.
സ്‌പോണ്‍സര്‍ ചെയ്യാം

മൂന്ന് മാസത്തെ വിസിറ്റ് വീസ തന്നെ രണ്ടു തരത്തിലുണ്ട്. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണ് ആദ്യത്തേത്. കുടുബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇത്തരത്തില്‍ സ്‌പോണ്‍സര്‍ ചെയ്യാം. ഇതിനായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തി 1,000 ദിര്‍ഹം വരെ കെട്ടിവയ്ക്കണം. കൂടാതെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് 6,000 മുതല്‍ 8,000 ദിര്‍ഹം വരെ (ഏകദേശം 1,35,000-1,80,000) ശമ്പളവും ഉണ്ടായിരിക്കണം. ഈ വിഭാഗത്തിലുള്ള വീസയ്ക്ക് 800 ദിര്‍ഹമാണ് (18,000 രൂപ )ചെലവ് വരുന്നത്. ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ട്രാവല്‍ ഏജന്റ് വഴി

നേരിട്ട് ട്രാവല്‍ ഏജന്റുമാര്‍ വഴി അപേക്ഷിക്കാവുന്നതാണ് രണ്ടാമത്തേത്. ആര്‍ക്കും ഈ വിസിറ്റ് വീസയ്ക്ക് അപേക്ഷിക്കാം. ട്രാവല്‍ ഏജന്റായിരിക്കും സ്‌പോണ്‍സര്‍. പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും നല്‍കി വീസ ലഭ്യമാക്കാം. മൂന്ന് മാസത്തെ വിസയ്ക്ക് 27,500 രൂപയാണ് നിരക്ക്.

മൂന്ന് മാസ വിസയ്ക്ക് യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് അതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനോ തൊഴില്‍ വീസയിലേക്ക് മാറാനോ സാധിക്കില്ല. മൂന്നു മാസത്തിനുള്ളില്‍ തിരിച്ചു നാട്ടിലേക്ക് പോരുകയും ചെയ്യണം.

ഒരു മാസ കാലാവധിയുള്ള വിസയ്ക്ക് 6,800 രൂപയാണ് നിരക്ക്. രണ്ട് മാസ കാലാവധി വീസയ്ക്ക് 9,800 രൂപയും. ഈ രണ്ട് വീസകള്‍ക്കും ഒരു മാസത്തിനു ശേഷം രാജ്യത്തനകത്തു നിന്ന് തന്നെ കാലാവധി ഒരുമാസത്തേക്ക് ദീര്‍ഘിപ്പിക്കാനാകും.

Related Articles

Next Story

Videos

Share it