മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ ലോക വിപണിയിലേക്ക്; കയറ്റുമതി നയവുമായി സംസ്ഥാന സർക്കാർ

വ്യവസായ പങ്കാളികൾക്കും പൊതുജനങ്ങൾക്കും നിർദേശങ്ങൾ അറിയിക്കാം
cargo containers for export
image:@canva
Published on

കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് ആഗോള വിപണി നേടാനും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് എക്‌സ്‌പോർട്ട് പ്രൊമോഷൻ പോളിസി (ഇ.പി.പി) നടപ്പാക്കുന്നു. കയറ്റുമതി ശേഷി, വിപണി വൈവിധ്യവൽക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങൾ എന്നിവ വർധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് കരട് നയം ശ്രമിക്കുന്നത്.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) വഴിയാണ് ഇ.പി.പി നടപ്പാക്കുന്നത്. നയവുമായി ബന്ധപ്പെട്ട് വ്യവസായ പങ്കാളികൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരം നാളെ അവസാനിക്കും. നിർദ്ദേശങ്ങൾ ലഭിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സർക്കാരിന് സമർപ്പിക്കും. 2024 ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നയം ലക്ഷ്യമിടുന്നത് 

സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോത്പന്നങ്ങൾ, തേയില, ആയുർവേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങൾ, ടൂറിസം, ഐ.ടി സേവനങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്റെ കയറ്റുമതി സാധ്യത ഇതിനോടകം വെളിപ്പെട്ടതാണ്. ഇതിനുപുറമേ മറ്റ് മേഖലകളിലെ കൂടുതൽ ചരക്ക്, സേവന, മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, ഹോർട്ടികൾച്ചർ, കാർഷിക ഉത്പന്നങ്ങൾ, സീ ഫുഡ്, സംസ്‌കരിച്ച ഭക്ഷ്യസാധനങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, ജൈവ കീടനാശിനി, അജൈവ രാസവസ്തുക്കൾ, തുണിത്തരങ്ങൾ, പ്രതിരോധ-ബഹിരാകാശ-ഇലക്ട്രോണിക്‌സ് അനുബന്ധ ഉത്പന്നങ്ങൾ, ആയുർവേദം, ഫാർമസ്യൂട്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കയറ്റുമതിക്കാർക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും പിന്തുണയും നൽകുന്നതിന് സമഗ്രമായ ചട്ടക്കൂട് നിർദ്ദേശിക്കുന്നതിനൊപ്പം മൂല്യശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് ഫണ്ടിങ്, പെർഫോമൻസ് മാനേജ്‌മെന്റ്, എക്‌സ്‌പോർട്ട് സബ്സ്റ്റിറ്റിയൂഷൻ എന്നിവയുടെ കാര്യക്ഷമതയും കരട് നയം ആവശ്യപ്പെടുന്നു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുള്ള ജില്ലാ കേന്ദ്രീകൃത സമീപനം ഉൾപ്പെടെയുള്ള സഹായ നടപടികളും നിർദ്ദേശിക്കുന്നു.

സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തോട്ടവിളകൾ എന്നിവയുടെ മൂല്യവർധന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത നയം അടിവരയിടുന്നു. ഉത്പന്നങ്ങളുടെ മൊത്തത്തിലുള്ള അളവ്, വികസനം, പാക്കേജിങ് എന്നിവ മെച്ചപ്പെടുത്തുകയും അതുവഴി സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയും നയം ആവശ്യപ്പെടുന്നു.

കയറ്റുമതി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, നവീകരണവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, ഉത്പാദനക്ഷമത വർധിപ്പിക്കുക, സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വളർച്ച സൃഷ്ടിക്കുക, വ്യവസായ പങ്കാളികൾ,സർക്കാർ, അക്കാദമിക സമൂഹം എന്നിവയ്ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുക എന്നിവയും നയം മുന്നോട്ടുവയ്ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com