Begin typing your search above and press return to search.
ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ മണിയനെത്തുമോ? മൂന്ന് പേരുകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ മൂന്ന് പേരുകളടങ്ങിയ പട്ടിക റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചതായി സി.എന്‍.ബി.സി റിപ്പോര്‍ട്ട്.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കെ.വി.എസ് മണിയന്‍, ഫെഡറല്‍ ബാങ്കിന്റെ നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശാലിനി എസ്. വാര്യര്‍, ഹര്‍ഷ് ദുഗര്‍ എന്നിവരാണ് ലിസ്റ്റിലുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഫെഡറല്‍ ബാങ്ക് ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. പുതിയ പിന്‍ഗാമിയെ കണ്ടെത്താന്‍ സെര്‍ച്ച് പാനല്‍ രൂപീകരിച്ചതായി ഫെഡറല്‍ ബാങ്കിന്റെ നിലവിലെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ശ്യാം ശ്രീനിവാസന്റെ കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പിന്‍ഗാമിയെ തേടുന്നത്. 2010ലാണ് ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആകുന്നത്. റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 വര്‍ഷമാണ് പദവിയില്‍ തുടരാനാകുക. ഒരു വര്‍ഷത്തേക്ക് കൂടി ശ്യാം ശ്രീനിവാസന്റെ കാലാവധി കൂട്ടി നല്‍കാന്‍ ഫെഡറല്‍ ബാങ്ക് റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചങ്കിലും മൂന്നു പേരുകളെങ്കിലും ഉള്‍പ്പെടുത്തി പാനല്‍ നല്‍കാനായിരിന്നു റിസര്‍വ് ബാങ്ക് തിരിച്ച് ആവശ്യപ്പെട്ടത്. അതിനനുസരിച്ചാണ് ഇപ്പോള്‍ മൂന്നു പേരുകളടങ്ങിയ പാനല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സാധ്യത കൂടുതല്‍
കെ.വി.എസ് മണിയനാണ് എം.ഡി.ആന്‍ഡ് സി.ഇ.ഒ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മുഴുവന്‍-സമയ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടറായിരുന്ന മണിയന്‍ കഴിഞ്ഞ ഏപ്രില്‍ 30നാണ് രാജി വച്ചത്. ഇതോടെയാണ് അദ്ദേഹം ഫെഡറല്‍ ബാങ്കിന്റെ തലപ്പത്തേക്ക് എത്തിയേക്കുമെന്ന സൂചന ശക്തമായത്. കൊട്ടക് ബാങ്കില്‍ നീണ്ട 30 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് മണിയന്‍ പടിയിറങ്ങിയത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-വാരാണസി, മുംബൈയിലെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷമാണ് കെ.വി.എസ് മണിയന്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടുവച്ചത്.
ഓഹരിയും ലാഭവും
ഫെഡറല്‍ ബാങ്കിന്റെ സി.ഇ.ഒ ആന്‍ഡ് എം.ഡി സ്ഥാപനത്തേക്ക് പുതിയ പേരുകള്‍ സമര്‍പ്പിച്ചെന്ന സൂചനയില്‍ ഇന്നലെ ഓഹരി 174.56 രൂപ വരെ കയറി സര്‍വകാല റെക്കോഡിലെത്തിയിരുന്നു. അതേ സമയം, ഇന്ന് 0.78 ശതമാനം ഇടിഞ്ഞ് 172.50 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 42,134.15 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 38ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ഫെഡറല്‍ ബാങ്ക് ഓഹരി നല്‍കിയത്.2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 24 ശതമാനം വര്‍ധിച്ച് 3,721 കോടി രൂപയിലെത്തിയിരുന്നു.
Next Story
Videos