സ്വപ്‌നതീരത്ത് കപ്പലടുത്തു: വിഴിഞ്ഞത്ത് ആദ്യ മദര്‍ഷിപ്പെത്തി, വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം

സംസ്ഥാനത്തിന്റെ ചിരകാല സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മാതൃയാനം (മദര്‍ഷിപ്പ്) എത്തി. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ ഇന്ന് രാവിലെ 07.15നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ മേഖലയിലെത്തിയത്. ടഗുകള്‍ ഉപയോഗിച്ചാണ് തുറമുഖത്തോട് അടുപ്പിച്ച കപ്പലിനെ വാട്ടര്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്ടന്‍ ഏറ്റെടുത്തു. ചെണ്ടമേളത്തോടെ ദേശീയ പതാക വീശി പ്രദേശവാസികളും കാത്തുനിന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെര്‍സ്‌കിന്റെ ഒമ്പത് വര്‍ഷം പഴക്കമുള്ള മാതൃയാനത്തില്‍ നിന്നും 1960 കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കും.
സ്വപ്‌നം തീരമണഞ്ഞു: മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്‌നം തീരമണഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്പ് എത്തി. നാളെ രാവിലെ കേരളത്തിന് വേണ്ടി കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
ചരക്ക് നീക്കം റോഡിലൂടെയല്ല
വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാള്‍ ട്രാന്‍ഷിപ്പ്‌മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. നിരവധി മന്ത്രിമാര്‍ വിഴിഞ്ഞം പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന അവസരത്തില്‍ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നല്‍കാനുള്ളവര്‍ക്കെല്ലാം അത് നല്‍കും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ട് കേന്ദ്രം നല്‍കാനുണ്ട്. ഈ മാസം തുക നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച മന്ത്രി ഒരുക്കങ്ങളും വിലയിരുത്തി.
മൂന്ന് മാസത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ തുടങ്ങും
മലയാളിക്ക് ഓണസമ്മാനമായി ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്ന തുറമുഖത്ത് മൂന്ന് മാസത്തിനുള്ളില്‍ വാണിജ്യടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. സാന്‍ ഫെര്‍ണാണ്ടോയ്ക്ക് പിന്നാലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ മാതൃയാനങ്ങളും തുറമുഖത്തെത്തും. ഏറെ വര്‍ഷത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ശേഷം 2015 ആഗസ്റ്റ് 17നാണ് തുറമുഖം നിര്‍മിക്കുന്നതിനുള്ള കരാറൊപ്പിടുന്നത്. പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങള്‍ നടത്തിയും ദൈനംദിന അവലോകനങ്ങള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിര്‍മ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതയും ഉറപ്പാക്കിയിരുന്നു. ഇടയ്ക്ക് തുറമുഖ നിര്‍മാണത്തിനെതിരെ പ്രദേശവാസികള്‍ സമരം ചെയ്തത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് അത്തരം എതിര്‍പ്പിന്റെ ശക്തിയും കുറഞ്ഞു.
100 കോടി രൂപ പുനരധിവാസം
തുറമുഖത്തിന്റെ ഭാഗമായി 5,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

Related Articles

Next Story

Videos

Share it