കോളടിച്ചു, സ്വര്‍ണവില ഇന്നും താഴോട്ട്; ആഭരണപ്രേമികള്‍ക്ക് ബുക്കിംഗിന് അവസരം

രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,675 രൂപയും പവന് 320 രൂപ കുറഞ്ഞ് 53,400 രൂപയുമാണ് വില.

ഏപ്രില്‍ 19ന് കേരളത്തില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരം കുറിച്ച ശേഷം പിന്നീട് ചാഞ്ചാടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അന്ന് വില ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 1,120 രൂപ; ഗ്രാമിന് 140 രൂപയും കുറഞ്ഞു. മേയ് 10ന് അക്ഷയ തൃതീയ ദിനത്തില്‍ രേഖപ്പെടുത്തിയ 54,050 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.
ഇന്ന് 18 കാരറ്റ് സ്വര്‍ണവില 30 രൂപ കുറഞ്ഞ് 5,560 രൂപയായി. കഴിഞ്ഞ നാല് ദിവസമായി അനങ്ങാതെ നിന്ന വെള്ളിവില ഇന്ന് ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 91 രൂപയായി.
ഇടിവിന് കാരണം
രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായകമായത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,351 ഡോളറായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 2,343 ഡോളറിലാണ്. അതേ സമയം 30 ദിവസത്തിനിടെ ആഗോള സ്വര്‍ണ വില 1.82 ശതമാനം വിലയിടിവുണ്ടായി.
ഇന്നും നാളെയുമായി യു.എസില്‍ നിന്നുള്ള ഉത്പാദന സൂചികയും ഉപയോക്തൃ സൂചികയും പുറത്തുവരും. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉടന്‍ കുറയ്ക്കുമോ എന്നതിലേക്ക് വെളിച്ചംവീശുന്നതാണ് ഈ കണക്കുകള്‍. പലിശ നിരക്ക് ഉടന്‍ കുറച്ചില്ലെങ്കില്‍ സ്വര്‍ണവില ഇനിയും താഴും. നിലവില്‍ പത്തുവര്‍ഷ യു.എസ് കടപത്രങ്ങളിലെ നേട്ടം 4.48 ശതമാനമായി കുറഞ്ഞിരിക്കുന്നത് സ്വര്‍ണത്തിന് അനുകൂലമാണ്.
ഒരു പവന്‍ ആഭരണത്തിന് ഇന്നെന്ത് നല്‍കണം?
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,400 രൂപയാണ് വില. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID charge), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും കൂടി നല്‍കിയാലെ ഒരു പവന്‍ ആഭരണം സ്വന്തമാകാനാകൂ. അതായത് കുറഞ്ഞത് 57,300 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും.
മുന്‍കൂര്‍ ബുക്ക് ചെയ്യാം
ആഗോള വിപണികള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വില ഉയരാനാണ് സാധ്യത. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ഈ അവസരം ബുക്കിംഗിനായി പ്രയോജനപ്പെടുത്താം. ഒട്ടുമിക്ക
ജുവലറി
കളും അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ നല്‍കുന്നുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞവില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാൻ അവസരം നാളുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, വാങ്ങുന്നത് ആറുമാസം കഴിഞ്ഞാണെന്നും കരുതുക. അന്ന് വില പവന് 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും.
Related Articles
Next Story
Videos
Share it