Begin typing your search above and press return to search.
കൈയ്യെത്താ ദൂരത്ത് സ്വര്‍ണം, ഇന്ന് പുതിയ റെക്കോഡില്‍; ആഭരണങ്ങളോട് അകന്ന് മലയാളികള്‍
വിവാഹ പാര്‍ട്ടികളെയും ആഭരണപ്രേമികളെയും നിരാശരാക്കി കുതിച്ചുയരുകയാണ് കേരളത്തില്‍ സ്വര്‍ണ വില. ഇന്ന് ഒറ്റ ദിവസം പവന്‍ വില 400 രൂപ ഉയര്‍ന്ന് 51,680 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കൂടി 6,460 രൂപയുമായി. ഇന്നലെ പവന് 600 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് ആയിരം രൂപയുടെ വര്‍ധന. ഈ വര്‍ഷം ഇതു വരെയുള്ള വര്‍ധന 5,160 രൂപ.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,400 രൂപയായി. വെള്ളി ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 85 രൂപയായി.
ഇന്ന് സ്വര്‍ണം വാങ്ങണമെങ്കില്‍
അക്ഷരാര്‍ത്ഥത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് സ്വർണത്തിന്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി അത്യാവശ്യമായി സ്വര്‍ണം വാങ്ങേണ്ടവരെയാണ് വില വര്‍ധന കൂടുതലായി ബാധിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 4,350 രൂപയെങ്കിലും അധികമായി വേണ്ടി വരും. അതായത് 56,030 രൂപയെങ്കിലും നല്‍കേണ്ടി വരും. ഡിസൈനിന് അനുസരിച്ച് പണിക്കൂലിയും വ്യത്യാസപ്പെടും. അതിനനുസരിച്ചു കൂടുതൽ തുക കരുതണം.
അത്യാവശ്യക്കാരല്ലാത്തവര്‍ സ്വര്‍ണം വാങ്ങിക്കുന്നത് താത്കാലത്തേക്കെങ്കിലും മാറ്റി വച്ചിരിക്കുന്നതായാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പഴയ സ്വര്‍ണം മാറ്റിയെടുക്കാനായാണ് കൂടുതല്‍പേരും എത്തുന്നതെന്ന് പ്രേംദീപ് ജൂവല്‍സ് മാനേജിംഗ് ഡയറക്ടര്‍ ദേവരാജ് ഭാസ്‌കര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് 20-30 ശതമാനത്തോളം ഇടിവ് വില്‍പ്പന തോതിലുണ്ടായിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില കൂടാന്‍ കാരണം
അന്താരാഷ്ട സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില കൂടുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ആദ്യമായി 2,300 ഡോളര്‍ കടന്നു. ഇന്നലെ 2,302.10 ഡോളര്‍ വരെ എത്തിയശേഷം അല്‍പം താഴ്ന്നാണ് ക്ലോസ് ചെയ്തത്. അവധി വില ഔണ്‍സിന് 2,320 ഡോളറിനു മുകളിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷഭീതി, ചൈനയിലെ വര്‍ധിച്ച ഡിമാന്‍ഡ് എന്നിവയ്ക്കു പുറമേ ഡോളറിന്റെ ദൗര്‍ബല്യവും ഇന്നലെ സ്വര്‍ണക്കുതിപ്പിന് സഹായകമായി.
പലിശ നിരക്ക് ഈ വര്‍ഷം കുറയ്ക്കുമെന്ന് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ആവര്‍ത്തിച്ചതും സ്വര്‍ണത്തെ ഉയര്‍ത്തി. പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും ലക്ഷ്യത്തിനു മുകളിലാണ്. എങ്കിലും ഈ വര്‍ഷം തന്നെ നിരക്ക് കുറയ്ക്കുന്നത് ഉചിതമായിരിക്കുമെന്നാണ് ജെറോം പവല്‍ പറഞ്ഞത്.
വില കുറയുമോ?
എന്നാൽ അന്താരാഷ്ട്ര തലത്തില്‍ വില ഉയരാന്‍ കാരണമായി പറഞ്ഞിരുന്ന കാര്യങ്ങള്‍ മാത്രമല്ല സ്വര്‍ണ വില ഉയര്‍ത്തുന്നതെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന ജെറോം പവലിന്റെ പ്രസ്ഥാവനയ്ക്ക് ശേഷവും വില കുതിച്ചുയര്‍ന്നത് ഇതാണ് തെളിയിക്കുന്നതെന്നും ചെറുകിട, വന്‍കിട നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള സെന്റിമെന്റ്‌സ് കൂടുകയാണെന്നും അവര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത് വില ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,350 ഡോളര്‍ ഉടൻ മറികടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തിന് വര്‍ഷാവസാന ലക്ഷ്യവില 2,300 ഡോളര്‍ പറഞ്ഞിരുന്ന ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ചില നിക്ഷേപ ബാങ്കുകള്‍ ഇപ്പോള്‍ 2,500 ഡോളറിലേക്ക് ലക്ഷ്യവില ഉയര്‍ത്തി. സമീപ ഭാവിയില്‍ സ്വര്‍ണത്തിന്റെ വില കുറയാനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്.
Next Story