കാലാവസ്ഥാ മാറ്റം ബിസിനസുകാരും കര്‍ഷകരും എന്തൊക്കെ ശ്രദ്ധിക്കണം?
കാലാവസ്ഥയെയും വ്യാപാര സീസണിനെയും കുറിച്ചുള്ള ധാരണകള്‍ കേരളത്തില്‍ തെറ്റുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ വരുന്നതെന്ന കണക്കില്‍ നാം കണ്ടു. എന്നാല്‍ ഈ വര്‍ഷം അതിതീവ്രമായ മഴ പെയ്ത് മണ്‍സൂണ്‍ എല്ലാ കണക്കുകളും തെറ്റിച്ചിരിക്കുന്നു.
'നമ്മള്‍ തിരിച്ചുവരും' കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോള്‍ ഓരോ കേരളീയനും മനസില്‍ പറഞ്ഞത് ഇതാണ്. തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്നും പലരും തിരിച്ചുവരുകയും ചെയ്തു. എന്നാല്‍ അതെല്ലാം ആന്തരികമായ കരുത്തോടെയുള്ള വരവായിരുന്നില്ല.
വീട്ടിലെ സ്വര്‍ണം പണയം വെച്ച് പ്രവര്‍ത്തന മൂലധനം കണ്ടെത്തിയും നല്ല കാലം പ്രതീക്ഷിച്ച് വായ്പയെടുത്തും മറ്റുമാണ് തിരിച്ചുവരവിന് ഇവര്‍ കളമൊരുക്കിയത്.
എന്നാല്‍ ഓഗസ്റ്റ് ആദ്യവാരത്തിലെ അതിതീവ്ര മഴ പിഴുതെറിഞ്ഞത് ബിസിനസുകാരുടെയും കര്‍ഷകരുടെയും പ്രതീക്ഷകള്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ നാം നഷ്ടങ്ങളുടെ കണക്കെടുപ്പ് മാത്രം നടത്തിയിട്ട് കാര്യമില്ല. കരുത്തുറ്റ അടിത്തറയില്ലാതെ ആത്മവിശ്വാസം മാത്രം കൈമുതലാക്കിയിട്ടും പ്രത്യേക മെച്ചമില്ല. ഇപ്പോള്‍ വേണ്ടത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നീക്കങ്ങളാണ്. ഓരോ മേഖലയിലും നിന്നുള്ളവര്‍ സ്വീകരിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്ന് നോക്കാം.
മാനുഫാക്ചറിംഗ്
മലപ്പുറം ജില്ലയിലെ എടക്കരയിലെ ഒരു സംരംഭകന്‍ ഓഗസ്റ്റ് ആദ്യത്തിലെ മഴക്കെടുതിയില്‍ കുടുംബത്തോടൊപ്പം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. സ്വന്തം ഫാക്ടറി മുങ്ങി. വിപണിയിലേക്ക് കൊണ്ടുപോകാന്‍ പാകത്തില്‍ ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണ്‍ വെള്ളത്തില്‍ മുങ്ങി.
ഇത് ഒരു വ്യക്തിയുടെ മാത്രം ദുരനുഭവമല്ല. കേരളത്തിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്നതാണ് സ്ഥിതി. അപ്പോള്‍ മാനുഫാക്ചറിംഗ് രംഗത്തുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?
* വന്‍ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി
സംഭരിക്കാതിരിക്കുക. ബള്‍ക്ക് സെയ്ല്‍ നടത്തുമ്പോള്‍ ലഭിക്കുന്ന മെച്ചം മാത്രം നോക്കരുത്. അവ സംഭരിച്ചുവെയ്ക്കുന്ന ഗോഡൗണുകള്‍ നശിച്ചാല്‍ പ്രവര്‍ത്തന മൂലധനം തന്നെയാണ് ഒലിച്ചുപോകുക. അസംസ്‌കൃത വസ്തുക്കളുടെ പര്‍ച്ചേസ്, ഉല്‍പ്പാദനം, വിപണനം എന്നിവ അങ്ങേയറ്റം ക്രമാനുഗതമാക്കണം.
* പല സംരംഭകരും തങ്ങളുടെ ഗോഡൗണുകള്‍ താഴ്ന്ന പ്രദേശത്തായിരിക്കും സജ്ജമാക്കിയിരിക്കുക. അതി തീവ്രമഴയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന വെള്ളക്കെട്ടുകളെ ഇനി മുന്‍കൂട്ടി കണ്ടേ മതിയാകു. കുറഞ്ഞ വാടക എന്നതുമാത്രമാകരുത് ഇനി മാനദണ്ഡം.
* മാറിയ സാഹചര്യത്തില്‍ സ്വന്തമായി ഗോഡൗണ്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കുക. ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങി അതിവേഗം വിപണിയിലേക്ക് വിടുന്ന പോലെ നിര്‍മാണ ജോലികള്‍ ഏകീകരിച്ചാല്‍ സംഭരണം ഒഴിവാക്കാന്‍ സാധിക്കും.
* വെള്ളം കയറി നശിച്ച മെഷിനറികള്‍ നന്നാക്കി എടുക്കുമ്പോള്‍ അവ കാലഹരണപ്പെട്ടതാണോയെന്ന് പരിശോധിക്കുക. അവ പുതുക്കാനുള്ള പണം കൊണ്ട് മനുഷ്യാധ്വാനം കുറവുള്ള പുതിയ മെഷീന്‍ വാങ്ങാന്‍ സാധിക്കുമെങ്കില്‍ അതിനെ കുറിച്ച് ചിന്തിക്കുക. നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. (ഇക്കാര്യം വിശദമായി ബോക്‌സില്‍)
* പല കമ്പനികളും സവിശേഷമായ മോള്‍ഡുകള്‍ക്ക് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടാകും. അവ കെട്ടിടത്തിന്റെ താഴെ നിലയില്‍ സൂക്ഷിക്കുന്നതിനു പകരം വെള്ളം കയറിയാലും അവ നശിക്കാത്ത വിധത്തിലും ഒഴുകി പോകാത്തവിധത്തിലും സംരക്ഷിക്കുക.
* പല കമ്പനികളിലേക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ വെള്ളക്കെട്ടിനെയോ പ്രളയത്തെയോ മുന്നില്‍ കണ്ടാവില്ല സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ട് ഉയര്‍ത്തി സ്ഥാപി
ക്കുക.
വ്യാപാരികള്‍
* കേരളത്തില്‍ ഇതുവരെയുള്ള വ്യാപാര സീസണുകള്‍ ആകില്ല ഇനി. ഒരു വര്‍ഷത്തെ വില്‍പ്പനയുടെ തളര്‍ച്ച മുഴുവന്‍ ഓണക്കാലത്ത് തീര്‍ക്കാമെന്നൊക്കെ കരുതാന്‍ പാടില്ല. നിത്യേന വില്‍പ്പന ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം.
* വിപണിയില്‍ അനിശ്ചിതത്വങ്ങള്‍ കരുതി തന്നെ മുന്നോട്ടുപോകുക. കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കരുതിയിരിക്കേണ്ടത്. നോട്ട് പിന്‍വലിക്കല്‍ പോലെ, പുതിയ നികുതി നിര്‍ദേശങ്ങള്‍ പോലെ എന്തും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. കച്ചവടം പഴയ കാലഘട്ടത്തില്‍ നടത്തിയ പോലെ ഇനി തുടരാന്‍ ആകില്ല.
* വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക.
* താല്‍ക്കാലിക ഷെഡുകള്‍ കെട്ടി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ പാടില്ല.
* വിപണിയിലെ ആവശ്യമറിഞ്ഞുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ വരെ മാറുന്നുണ്ട്. അവരും വെള്ളക്കെട്ടും പ്രളയവുമൊക്കെ മുന്നില്‍ കാണുന്നുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ഒരു സ്ഥലത്ത് വീടുവെയ്ക്കുന്ന ഒരാള്‍ വുഡ് പാനലിംഗും ഫ്‌ളോറിംഗും ഇനി നടത്തുമെന്ന് കരുതാന്‍ വയ്യ. അവര്‍ തെരഞ്ഞെടുക്കുന്ന ഫര്‍ണിച്ചറുകള്‍ വ്യത്യസ്തമായിരിക്കും. ഇവയെല്ലാം കണക്കിലെടുത്ത് വേണം കച്ചവടക്കാരന്‍ മുന്നോട്ടു
പോകേണ്ടത്.
കൃഷി
* കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടുമാത്രം കൃഷിയിറക്കുക. നിശ്ചിത ഇടവേളയില്‍ വരുമാനം ലഭിക്കത്തക്കവിധം ബഹുമുഖ കാര്‍ഷിക വിളകളെ ആശ്രയിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം.
* വിള ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും എടുക്കണം.
* പൊതുവേ ഓണക്കാലത്ത് നേന്ത്രക്കുലകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ആ കാലത്ത് വരുന്ന മഴയില്‍ ഇവ മൂപ്പെത്താതെ നശിക്കുകയും ചെയ്യും. നേന്ത്രക്കുലകള്‍ മുന്‍കൂട്ടി പാകമാകുന്ന വിധത്തില്‍ കൃഷി നടത്തി, അവ ചിപ്‌സോ ശര്‍ക്കര വരട്ടിയോ പോലുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കിയാല്‍ ദീര്‍ഘകാലം കേടുകൂടാതെ നില്‍ക്കും. കൂടുതല്‍ വിലയും കിട്ടും. അതായത് കാര്‍ഷികോല്‍പ്പന്നങ്ങള്‍ അതേപടി വില്‍പ്പന നടത്തി ലാഭം നേടാന്‍ സാധിക്കില്ലെന്ന് കണ്ടാല്‍ അതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നം സൃഷ്ടിക്കാന്‍ നോക്കുക. ഇതിന് നാട്ടിലെ കുടുംബശ്രീ കൂട്ടായ്മകള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവരുടെ സഹായം തേടുന്നതും ഉചിതമാകും.
* കടുത്ത വേനല്‍, മഴ എന്നിവയെല്ലാം മുന്നില്‍ കണ്ടുള്ള വിളകള്‍ മാത്രം തെരഞ്ഞെടുക്കുക. ഇഞ്ചി, കപ്പ, കുരുമുളക്, ഏലം എന്നുവേണ്ട എല്ലാ വിളകള്‍ക്കും കാലാവസ്ഥാ വ്യതിയാനം ബാധകമാണ്. ഇപ്പോള്‍ ഏലം വില സര്‍വകാല റെക്കോഡിലാണ്. പക്ഷേ കര്‍ഷകരുടെ കൈയില്‍ ഉല്‍പ്പന്നമില്ല. സമാനമായ സ്ഥിതി ഭാവിയില്‍ മറ്റ് വിളകളുടെ കാര്യത്തിലും സംഭവിക്കാം. അതു മുന്‍കൂട്ടി കണ്ട് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശാനുസരണം കൃഷി ചെയ്യണം. വിളകള്‍ എപ്പോള്‍ വില്‍ക്കണമെന്നതും ഇനിയുള്ള കാലത്ത് നിര്‍ണായകമാണ്.
ഹോസ്പിറ്റാലിറ്റി/ടൂറിസം
* ടൂറിസം മേഖലയില്‍ ഈ വര്‍ഷം ഒക്യുപെന്‍സി റേറ്റില്‍ 40 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്. കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ച ഒരു വാര്‍ത്ത മതി സഞ്ചാരികള്‍ ഇങ്ങോട്ടുള്ള യാത്ര റദ്ദ് ചെയ്യാന്‍. അതോടൊപ്പം പകര്‍ച്ച വ്യാധികളെയും ഭയക്കണം. ഈ സാഹചര്യത്തില്‍ ബുക്കിംഗ് സ്വീകരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബുക്കിംഗ് വേളയില്‍ ലഭിക്കുന്ന പണം അതിവേഗം ചെലവിട്ടാല്‍ അപ്രതീക്ഷിതമായ ക്യാന്‍സലേഷന്‍ വന്നാല്‍ തിരിച്ചുകൊടുക്കാന്‍ പണമുണ്ടാകില്ല. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് സംരംഭകരെ തള്ളിയിടും. ക്യാന്‍സലേഷന്‍ പ്രതീക്ഷിച്ചു തന്നെ ബുക്കിംഗ് തുകകള്‍ കൈകാര്യം ചെയ്യണം.
* ഒരു സീസണ്‍ പ്രതീക്ഷിച്ചിരിക്കാന്‍ പാടില്ല. വര്‍ഷത്തില്‍ എല്ലാ ദിവസവും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള എന്തെങ്കിലും പുതുമകള്‍ സ്വന്തം പ്രോപ്പര്‍ട്ടിയില്‍ കൊണ്ടുവരണം. നൂതനാശയങ്ങള്‍ കൊണ്ടു മാത്രമേ അതിന് സാധിക്കൂ.
* ഓരോ ടൂറിസം സ്‌പോട്ടിലേക്കുമുള്ള റോഡുകള്‍, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം കാലാവസ്ഥാ മാറ്റത്താല്‍ താറുമാറായിട്ടുണ്ടാകും. ഇവ പുനഃസൃഷ്ടിക്കാന്‍ തദ്ദേശീയരായ ജനങ്ങളെ കൂടി ചേര്‍ത്ത് ഈ രംഗത്തെ സംരംഭകരെല്ലാം ഒറ്റക്കെട്ടായി നിന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക. നാടിനും നാട്ടാര്‍ക്കും മെച്ചം കിട്ടുന്ന റെസ്‌പോണ്‍സിബ്ള്‍ ടൂറിസത്തിനാകും ഇനി നിലനില്‍പ്പുണ്ടാകുക.
* കുന്നും മലകളും ഇടിച്ചു നിരത്തി റിസോര്‍ട്ട് പണിയാന്‍ ഇറങ്ങിപ്പുറപ്പെടരുത്. ഭൂവിനിയോഗം സംബന്ധിച്ച നിയന്ത്രണങ്ങള്‍ വളഞ്ഞ വഴിയിലൂടെ മറികടന്നാലും പ്രകൃതി അതിന് വില നല്‍കും. അതുകൊണ്ട് നിക്ഷേപം നടത്തും മുമ്പ് പ്രകൃതിയുടെ, മണ്ണിന്റെ. പരിസ്ഥിതിയുടെ തനിമ കണ്ടറിഞ്ഞ് മാത്രം മുന്നോട്ടുപോകുക.
* അടിയന്തര ഘട്ടങ്ങളില്‍ അതിഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട കാര്യങ്ങള്‍ സജ്ജീകരിക്കുക.
റിയല്‍ എസ്‌റ്റേറ്റ്
* മലയാളിയായാല്‍ പുഴയോരത്തെ, മലയോരത്തെ വീട് ഒരു സ്വപ്‌നമാണ്. അതുണ്ടാക്കി വില്‍ക്കാമെന്ന ചിന്തയൊക്കെ തല്‍ക്കാലത്തേക്ക്
വിടുന്നതാണ് നല്ലത്. ഉറച്ച ഭൂമിയില്‍ സുരക്ഷിതമായ വീടുകളാകും മലയാളികള്‍ ഇനി തെരഞ്ഞെടുക്കുക.
* ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പലരും അണ്ടര്‍ ഗ്രൗണ്ടിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക. കാറുടമകള്‍ക്ക് ഇനി അത് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതാകും ഉചിതം.
* അപ്പാര്‍ട്ട്‌മെന്റുകളിലെ വൈദ്യുതി, ശുദ്ധജല വിതരണ സംവിധാനങ്ങള്‍ വെള്ളക്കെട്ട്, പ്രളയം എന്നിവ മുന്‍കൂട്ടി കണ്ട് മാത്രം സ്ഥാപിക്കുക.
* വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടം നിര്‍മിക്കുന്നവര്‍ പ്രധാന റോഡുകളോട് ചേര്‍ന്നുള്ള വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കരുത്.
* പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നിര്‍മാണ രീതികള്‍ അവലംബിക്കുക.
* മൊത്തം കോണ്‍ക്രീറ്റ് കൊണ്ടുളള നിര്‍മിതികളാകില്ല ഇനി ഒരുപക്ഷേ വേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന, ചെലവ്
കുറഞ്ഞ സാങ്കേതിക വിദ്യകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരിക.
ഹോസ്പിറ്റല്‍/ ആതുരസേവനം
* കഴിഞ്ഞ മഹാപ്രളയത്തില്‍ കൊച്ചി നഗരത്തിലെ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് നശിച്ചുപോയത്. ആശുപത്രി ഉപകരണങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. വെള്ളം കയറുന്ന സ്ഥലത്ത് അവ വെയ്ക്കരുത്.
* ആശുപത്രികളുടെ പ്രവര്‍ത്തി സമയത്തിലും ബിസിനസ് മോഡലിലും മാറ്റം വരുത്തണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുള്ള അസുഖങ്ങള്‍ കൂടി മുന്‍കൂട്ടി കാണണം. ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ സമയക്രമീകരണം മുതല്‍ മരുന്ന് സംഭരണം വരെയുള്ള കാര്യങ്ങളിലും കാലാവസ്ഥയെ മുന്നില്‍ കാണേണ്ടിയിരിക്കുന്നു.
* മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. അതുപോലെ തന്നെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ സേവനം ആശുപത്രിയില്‍ ലഭ്യമാക്കുക.
നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കാം ഈ വഴി
ബിസിനസുകാരും കര്‍ഷകരും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയേ മതിയാകൂ. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വസ്തുവകകളുടെ മുഴുവന്‍ തുകയ്ക്കുമുള്ള ഇന്‍ഷുറന്‍സ് എടുക്കുക. പലരും ബാങ്കുകളില്‍ നിന്നുള്ള വായ്പാ തുകയ്ക്കു മാത്രമേ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളൂ. ഇത്തരം ക്ലെയ്മുകള്‍ സെറ്റില്‍ ചെയ്ത ശേഷം കിട്ടുന്ന തുക പലപ്പോഴും നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ മതിയാകില്ല. അതുകൊണ്ട് മുഴുവന്‍ തുകയ്ക്ക് മതിയായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവ ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ കെട്ടിടത്തിനും അതിലെ സാധനസാമഗ്രികള്‍ക്കും കോമ്പൗണ്ട് വാളിനും ഇലക്ട്രിക്കല്‍ ഫിറ്റിംഗ്‌സിനുമെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
റിസ്‌കുകളുടെ ലോകത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് വരാനിടയുള്ള റിസ്‌കുകള്‍ മുന്‍കൂട്ടി കണ്ട് ഇന്‍ഷുര്‍ ചെയ്യണം. ഉദാഹരണത്തിന് കവര്‍ച്ച, തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം
വെള്ളം കയറിയ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഹൈഡ്രോളിക് ലോക്ക് കാരണം കേടുപാടുകള്‍ സംഭവിക്കും. ഇതിന് സാധാരണ മോട്ടോര്‍ പോളിസിയില്‍ സംരക്ഷണം ലഭിക്കില്ല. അതുകൂടി കവര്‍ ചെയ്യുന്ന പോളിസികള്‍ വാങ്ങുക.
ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ എടുക്കുന്നയാളും കമ്പനിയും തമ്മിലുള്ള കരാര്‍ ആണത്. അതുകൊണ്ട് എല്ലാ വിവരവും സത്യസന്ധമായി തന്നെ നല്‍കുക. കൃത്യമായി വിവരങ്ങള്‍ പൂരിപ്പിക്കുക.