വിഴിഞ്ഞം തുറമുഖം കേരളത്തിന് എങ്ങനെയൊക്കെ നേട്ടമാവും?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ത്യയുടെ സമുദ്ര ചരക്കുഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷ വളരുകയാണ്. എന്തൊക്കെയാണ് പ്രതീക്ഷക്ക് വക നൽകുന്ന ഘടകങ്ങൾ?
നിലവില്‍ ഇന്ത്യയുടെ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. 13 മേജര്‍ തുറമുഖങ്ങളും 120ലധികം ചെറു തുറമുഖങ്ങളുമുള്ള ഇന്ത്യ എന്തിനാണ് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത്?
സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം പ്രധാനമായും മദര്‍ഷിപ്പുകള്‍ എന്ന് വിളിക്കുന്ന വലിയ കപ്പലുകളുടെ സഹായത്തോടെയാണ് നടക്കുന്നത്. ഇത്തരം കപ്പലുകളില്‍ എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ തുറമുഖത്ത് ഇറക്കുകയും ചെറിയ കപ്പലുകളില്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതുമാണ് രീതി. നിലവില്‍ ഇന്ത്യയില്‍ ഇതിന് പറ്റിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രീലങ്കയിലെ കൊളംബോ, യു.എ.ഇയിലെ ദുബായ് ജബല്‍ അലി, സിംഗപ്പൂര്‍ തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. വിദേശവ്യാപാരത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തിയ ഇന്ത്യയുടെ 75 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റും നടക്കുന്നത് വിദേശ തുറമുഖങ്ങളിലൂടെയാണ്.
എന്തുകൊണ്ട് വിഴിഞ്ഞം?
മദര്‍ഷിപ്പുകള്‍ക്ക് അടുക്കണമെങ്കില്‍ 18 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തുറമുഖങ്ങള്‍ ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സ്വാഭാവിക ആഴം 24 മീറ്ററാണ്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 19 കിലോമീറ്റര്‍) അടുത്ത് സ്ഥിതി ചെയ്യുന്നതിന്റെ ഭൂമി ശാസ്ത്രപരമായ നേട്ടവും വിഴിഞ്ഞത്തിനുണ്ട്. കപ്പല്‍ചാലില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് വിഴിഞ്ഞത്തെത്താന്‍ കഴിയുന്ന കപ്പലുകള്‍ക്ക് 10 മണിക്കൂര്‍ കൊണ്ട് ചരക്കിറക്കി തിരികെ മടങ്ങാന്‍ കഴിയും. ആധുനിക ഉപകരണങ്ങള്‍ ഉള്ളതുകൊണ്ട് കയറ്റിറക്ക് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. 800 മീറ്ററാണ് ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിലെ ബെര്‍ത്തിന്റെ നീളം. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകള്‍ 300 മുതല്‍ 400 വരെ മീറ്റര്‍ നീളമുള്ളവയാണ്. അതായത് ഒരേ സമയം രണ്ട് മദര്‍ഷിപ്പുകള്‍ക്ക് വരെ ഒരേ സമയം തീരത്തടുക്കാം.
വിദേശത്തേക്കുള്ള ചരക്കുനീക്കത്തിന് രാജ്യത്തിന് ചെലവാകുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കണ്ടെയ്‌നര്‍ ഷിപ്പ്‌മെന്റ് എകണോമിക്‌സ് പഠനം വ്യക്തമാക്കുന്നത്. വിദേശ ചരക്കുനീക്കത്തില്‍ ഒരു ടി.ഇ.യു കണ്ടെയ്‌നറിന് 200 ഡോളര്‍(16,000 രൂപ) വരെ ലാഭിക്കാനാകും. പ്രതിവര്‍ഷം ഇന്ത്യയിലെ വിവിധ തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നത് 46.1 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്‌നറുകളാണ്. വിഴിഞ്ഞത്തിന് 10 ദശലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പ്രതിവര്‍ഷം 15 ദശലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് നിര്‍മാണമെന്ന് അദാനി പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പ്രഖ്യാപിച്ചത്. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 30 ലക്ഷം കണ്ടെയ്‌നറുകളെന്ന സ്വപ്‌ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുമാകും.
വരുമാനം ലഭിക്കുന്നത് ഇങ്ങനെ
അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ലാഭവിഹിതത്തിന് പുറമെ നികുതിയിനത്തില്‍ വലിയ നേട്ടമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖം വഴി കേരളത്തിലേക്ക് ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍ കസ്റ്റംസ് വിഭാഗം ഈടാക്കുന്ന സംയോജിത ചരക്കു സേവന നികുതി (IGST)യുടെ പകുതി കേരളത്തിന് അവകാശപ്പെട്ടതാണ്. കരാര്‍ കാലയളവില്‍ ലഭിക്കുന്ന ജി.എസ്.ടി ഏകദേശം 29,000 കോടി രൂപ വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതിന് പുറമെ ശേഷി വര്‍ധനവിലൂടെ ഉണ്ടാക്കുന്ന വരുമാനത്തിലെ അധിക വര്‍ധന ജി.എസ്.ടി രൂപത്തില്‍ സര്‍ക്കാരിന് ലഭിക്കും. ചരക്ക് കയറ്റാനും ഇറക്കാനുമുള്ള ഫീസിനത്തിലെ നികുതി, തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റ് സേവനങ്ങളുടെ നികുതി, കപ്പലുകള്‍ ഇന്ധനം നിറയ്ക്കുന്നതിലെ നികുതി തുടങ്ങിയവയും ലഭിക്കും.
കോര്‍പറേറ്റ് പ്രത്യക്ഷ വരുമാന നികുതി വരവിലും വന്‍ വര്‍ധനയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 36 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ വരുമാന വിഹതമായും നികുതിയായും 48,000 കോടി രൂപയാണ് അധികമായി ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.
തൊഴിലവസരങ്ങള്‍
തുറമുഖവും അനുബന്ധ വ്യവസായങ്ങളും വഴി നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ആദ്യഘട്ടത്തില്‍ നേരിട്ട് 5000 പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ 3600 തൊഴിലവസരങ്ങള്‍ കൂടി ലഭിക്കും. നിലവിലുള്ള 600ന് പുറമെ 400 തൊഴിലവസരം കൂടി തുറമുഖത്ത് നേരിട്ട് സൃഷ്ടിക്കപ്പെടും. തുറമുഖം പ്രവര്‍ത്തനം തുടങ്ങുന്നതോടെ പരോക്ഷമായി നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഇത് നേരിട്ടുള്ള അവസരങ്ങളുടെ നാല് മടങ്ങു വരെ വരും. അനുബന്ധ വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ നേരിട്ടുള്ള അവസരങ്ങളുടെ 10 മടങ്ങോളം ആകും. ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് തുടങ്ങിയ മേഖലയിലെ ലോകോത്തര കമ്പനികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഇംപോര്‍ട്ട്-എക്‌സ്‌പോര്‍ട്ട് ബില്ലുകള്‍, ഉപയോക്താക്കളുമായുള്ള പണമിടപാടുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാരം തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴിലവസരമുണ്ടാകും.
സാന്‍ ഫെര്‍ണാണ്ടോ ഇന്ന് മടങ്ങും
കഴിഞ്ഞ ദിവസം ട്രയല്‍ റണ്ണിന്റെ ഭാഗമായി എത്തിയ സാന്‍ ഫെര്‍ണാണ്ടോ ഇന്ന് മടങ്ങും. 2000 കണ്ടെയ്‌നറുമായി എത്തിയ കപ്പലില്‍ നിന്ന് 1,930 കണ്ടെയ്‌നറുകളാണ് ഇറക്കുന്നത്. ഇതിന് ശേഷം 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റി റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. തിങ്കളാഴ്ച ഫീഡര്‍ വെസല്‍ എത്തും. വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ ഇതിലൂടെ കൊല്‍ക്കത്ത, മുംബയ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ഉടന്‍ തന്നെ മറ്റൊരു മദര്‍ഷിപ്പ് കൂടി വിഴിഞ്ഞത്തെത്തും.

Related Articles

Next Story

Videos

Share it