കല്യാണ്‍ ഓഹരിക്ക് ഇന്ന് പുതിയ ഉയരം, മൂന്നാം ദിവസവും കുതിപ്പ് തുടരാന്‍ കാരണം ഇതാണ്

രാജ്യത്തെ പ്രമുഖ ജുവലറി ഗ്രൂപ്പുകളിലാന്നായ കല്യാണ്‍ ജുവലേഴ്‌സ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ച്ച തുടരുന്നു. ഇന്ന് 7.3 ശതമാനം ഉയര്‍ന്ന് ഓഹരി വില 739.80 രൂപ എന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ മൂന്ന് ദിവസത്തെ ഓഹരിയുടെ നേട്ടം 15.5 ശതമാനമാണ്.

ആഗോള ബ്രോക്കറേജായ എച്ച്.എസ്.ബി.സി കല്യാണ്‍ ഓഹരികളുടെ ലക്ഷ്യവില ഉയര്‍ത്തിയതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. 610 രൂപയില്‍ നിന്ന് 810 രൂപയായാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 'ബൈ' ശിപാര്‍ശ നിലനിര്‍ത്തിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 23.5 ശതമാനം ഉയര്‍ച്ചയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

ഇനിയും മുന്നേറുമോ?

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഓഹരി 800 ശതമാനം ഉയര്‍ച്ച കാഴ്ചവച്ചതിനു ശേഷവും കല്യാണ്‍ ഓഹരികള്‍ക്ക് മുന്നേറ്റ സാധ്യതയുണ്ടെന്നാണ് എച്ച്.എസ്.ബി.സി കരുതുന്നത്. ഓഹരി ഇപ്പോഴും വാല്യു ക്രീയേഷന്‍ തുടങ്ങിയിട്ടേയുള്ളുവെന്നതാണ് വിലയിരുത്തല്‍.
2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ലാഭത്തിന്റെ 56 മടങ്ങ് ഉയരത്തിലാണ് കല്യാണിന്റെ വാല്വേഷന്‍ എന്നാണ് എച്ച്.എസ്.ബി.സി പറഞ്ഞത്. ഇന്‍ഡസ്ട്രി ലീഡറായ ടൈറ്റനുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം കുറവാണിത്.
മൂലധനം അധികം വേണ്ടാത്ത ഫ്രാഞ്ചൈസ് മോഡലിലേക്ക് മാറിയ കമ്പനിയുടെ കമ്പനിയുടെ മൂന്നു വര്‍ഷത്തെ സംയോജിത വാര്‍ഷിക വരുമാന വളര്‍ച്ച 30 ശതമാനവും ലാഭ വളര്‍ച്ച 58 ശതമാനവുമാണ്. 2027 സാമ്പത്തിക വര്‍ഷത്തോടെ ടൈറ്റനുമായി താരതമ്യം ചെയ്യാനാകുന്ന വിധത്തിലേക്ക് കല്യാണ്‍ ജുവലേഴ്‌സ് വളരുമെന്നാണ് എച്ച്.എസ്.ബി.സിയുടെ വിലയിരുത്തല്‍.
2024 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 204 സ്‌റ്റോറുകള്‍ നടത്തുന്ന കല്യാണിന് മുന്നില്‍ ഇനിയും കൂടുതല്‍ വിപുലീകരണ സാധ്യതകളുണ്ട്. നിലവില്‍ ടൈറ്റന്റെ ഷോറൂമുകളുമായി നോക്കുമ്പോള്‍ പകുതിയോളം മാത്രമേ ആയിട്ടുള്ളു.
മാത്രമല്ല, ഫ്രാഞ്ചൈസ് മോഡല്‍ വിജയകരമാക്കിയ കല്യാണിന് മുന്നില്‍ കാന്‍ഡിയര്‍ ഷോപ്പുകളുടെ വിപുലീകരണ സാധ്യതയും നിലനില്‍ക്കുന്നു. ടൈറ്റന്‍ കാരറ്റ്‌ലൈന്‍ ബ്രാന്‍ഡിനെ ഉയര്‍ത്തിയതു പോലെ കാന്‍ഡിയറിനെയും വളര്‍ത്താനായാല്‍ ഓഹരിയുടെ പ്രകടനം ഇനിയും മെച്ചപ്പെടുമെന്ന് എച്ച്.എസ്.ബി.സി പറയുന്നു. കല്യാണിന്റെ ഓഹരികളില്‍ നിന്നുള്ള നേട്ടം സ്ഥിരമായി മെച്ചപ്പെടുന്നത് നിക്ഷേപകരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. ഇത് കല്യാണിന് ദീര്‍ഘകാലത്തില്‍ മികച്ച പിന്തുണ നല്‍കുന്നുണ്ട്.

സ്വര്‍ണ വിലയിലെ കുതിപ്പ്

സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത് കല്യാണ്‍ ഉള്‍പ്പെടെയുള്ള ജുവലറി ഓഹരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉയര്‍ച്ച ഉണ്ടാക്കിയത്. സെപ്റ്റംബര്‍ 18ന് ശേഷം വീണ്ടും ഈ ഓഹരികളില്‍ വന്‍ കുതിപ്പിന് സാധ്യതയാണ് പ്രവചിക്കുന്നത്.


Related Articles
Next Story
Videos
Share it