സംസ്ഥാന ബജറ്റ്: ജനങ്ങളെ സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.

സാമ്പത്തിക വളര്‍ച്ചയും വരുമാനം കൂട്ടാനും ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷ. ഫെബ്രുവരി രണ്ടിന് നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (GSDP) 2022-23ല്‍ 6.6 ശതമാനം വളര്‍ന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2021-22ലെ 5.78 ലക്ഷം കോടി രൂപയില്‍ നിന്ന് സ്ഥിരവിലയില്‍ 6.16 ലക്ഷം കോടി രൂപയായാണ് കേരളത്തിന്റെ ജി.എസ്.ഡി.പി വളര്‍ന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം കൂട്ടാന്‍ പുതിയ മേഖലകളില്‍ നിന്ന് വിഭവസമാഹരണം നടത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കാം.
രണ്ട് രൂപ ഇന്ധന സെസ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടും. കൂടാതെ ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകളും ഉയര്‍ത്താനിടയുണ്ട്.
ക്ഷേമപെന്‍ഷന്‍ഷന്‍ കൂട്ടിയേക്കുമെന്നും കരുതുന്നുണ്ട്. വരുമാനം കൂട്ടാന്‍ പുതിയ നികുതി നിരക്കുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ കുടിശിക നല്‍കാന്‍ പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗവും ബജറ്റില്‍ ഉണ്ടായേക്കും.
ജനങ്ങളെ ഈ ബജറ്റ് സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ ബജറ്റ് കോപ്പി ഉദ്യോഗസ്ഥരില്‍ നിന്ന് വാങ്ങുന്നതിനിടെ ധനമന്ത്രി പറഞ്ഞു.
Related Articles
Next Story
Videos
Share it