സര്‍ക്കാരിന്റെ കടമെടുക്കല്‍ പരിധി തീരുന്നു; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

കടമെടുക്കല്‍ പരിധി അവസാനിക്കാറായതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിനുശേഷം ഈ വര്‍ഷം ഡിസംബര്‍ വരെ ആകെ 21,852 കോടി രൂപ കടമെടുക്കാനായിരുന്നു സംസ്ഥാനത്തിന് അനുമതിയുണ്ടായിരുന്നത്. അതില്‍ 21,800 കോടി രൂപയും കേരളം കടമെടുത്തു.

നിലവിലെ സാഹചര്യത്തില്‍ കേവലം 52 കോടി മാത്രമാണ് ഇനി സംസ്ഥാനത്തിന് കടമായി ലഭിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ പാതിമാത്രം പിന്നിടുമ്പോഴേക്കും ദൈനംദിന ചെലവിനുപോലും പണമില്ലാത്ത സാഹചര്യം എങ്ങനെ തരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കിഫ്ബിക്കും ക്ഷേമ പെന്‍ഷനുമായി എടുത്ത വായ്പകള്‍ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കടമെടുക്കാവുന്നതിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്ന പരിധിയായി കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. ഇത് നാല് ശതമാനമാക്കിയാല്‍ ഇനി 4,550 കോടി കൂടി കടമെടുക്കാനാകും. ഇതിനുള്ള ശ്രമങ്ങളാകും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക.
പ്രതീക്ഷ അടിയന്തര കേന്ദ്ര സഹായത്തില്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിനുമാത്രം വേണ്ടത് 5,300 കോടി രൂപയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ 900 കോടി രൂപ വേറെയും വേണം. മറ്റു ദൈനംദിന ചെലവുകള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധി ഗുരുതരമാകും. പ്രതിസന്ധി മറികടക്കാന്‍ അടിയന്തര കേന്ദ്ര സഹായമാണ് ഏക പോംവഴി. ഇത് ലഭിച്ചില്ലെങ്കില്‍ അടുത്ത മാസങ്ങളില്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ധനവകുപ്പ്.
അതേസമയം ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സിയായ കേരള റൂറല്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ വഴി സമാഹരിക്കുന്ന വായ്പ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മൊത്തം കടപരിധിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

സര്‍ക്കാര്‍ വാദം തള്ളി സാമ്പത്തിക വിദഗ്ധര്‍

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടായെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കുറഞ്ഞതും കടമെടുപ്പിന് നിയന്ത്രണം വരുത്തിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സംസ്ഥാനത്തിന്റെ വാദം. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തിയതുമൂലം 12,000 കോടി രൂപ കേരളത്തിന് കുറവുണ്ടായെന്നും ധനവകുപ്പ് പറയുന്നു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ 8,400 കോടി രൂപയുടെ കുറവുണ്ടായെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ന്യായവാദങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും വരവറിയാതെയുള്ള ചെലവ്, തിരിച്ചടക്കാന്‍ വഴി കാണാതെയുള്ള കടമെടുപ്പ്, ധൂര്‍ത്ത് തുടങ്ങി, മുന്‍കാലങ്ങളില്‍ ചെയ്ത അച്ചടക്കമില്ലാത്ത സാമ്പത്തിക മാനേജ്മെന്റാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Related Articles
Next Story
Videos
Share it