Begin typing your search above and press return to search.
ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളില്‍ മികച്ച വളര്‍ച്ചയെന്ന് മന്ത്രി പി.രാജീവ്
കേരളത്തിലെ വ്യാവസായിക അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടെന്നും പുതിയ വ്യവസായങ്ങളുമായി നിരവധി സംരഭകര്‍ കടന്നുവരുന്നുണ്ടെന്നും വ്യവസായ മന്ത്രി പി.രാജീവ്. ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സേവന മേഖലയിലാണ് കേരളം മികച്ചതെന്നും മാനുഫാക്ചറിംഗില്‍ പിന്നിലാണെന്നുമാണ് പൊതുവേ വിലയിരുത്തലുകള്‍. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ വ്യവസായ വളര്‍ച്ച 17.3 ശതമാനമാണെന്നും സംസ്ഥാന ജി.ഡി.പി ഇക്കാലയളവില്‍ 12 ശതമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ മാനുഫാക്ചറിംഗ് മേഖലയുടെ സംഭാവന 18.9 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിനി പാര്‍ക്കുകളും സ്വകാര്യ പാര്‍ക്കുകളും
കേരളത്തിലേക്ക് തുടര്‍ച്ചയായി വ്യവസായങ്ങള്‍ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1,39,000 എം.സ്.എം.ഇകള്‍ കേരളത്തിലാരംഭിച്ചു. അതില്‍ നല്ലൊരു പങ്കും ഫുഡ് പ്രോസസിംഗ് വിഭാഗത്തിലാണ്. മികച്ച മുന്നേറ്റമാണ് ഈ രംഗത്തുണ്ടാകുന്നത്. കെ.എസ്.ഐ.ഡി.സിയുടെ മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ അതിനുള്ളിലെ സ്ഥലം മുഴുവന്‍ വിറ്റുപോയി. പാലക്കാട് ആരംഭിച്ച മെഗാ ഫുഡ് പാര്‍ക്കിലും സ്ഥലം ഒഴിവില്ല. കൂടുതല്‍ ആവശ്യം കണക്കിലെടുത്ത് 10 മിനി ഫുഡ് പ്രോസസിംഗ് പാര്‍ക്കുകള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നുണ്ട്. ഇതുകൂടാതെ സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിലുള്ള പാര്‍ക്കുകളും ഉടന്‍ ആരംഭിക്കും. എട്ട് എണ്ണത്തിന് ഡവലപ്പര്‍ പെര്‍മിറ്റ് നല്‍കി. പുതുതായി 53 അപേക്ഷകള്‍ കൂടി ലഭിച്ചിട്ടുണ്ട്. 10 ഏക്കറിലധികം ഭൂമിയുള്ളവര്‍ക്കാണ് അനുമതി നല്‍കുന്നത്. മൊത്തം 600-700 ഏക്കറോളം പാര്‍ക്കാണ് ഇതു വഴി സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുള്ള എല്ലാ സൗകര്യങ്ങളും ഇത്തരം പാര്‍ക്കുകളിലും ഉണ്ടായിരിക്കും. 3 കോടി രൂപ വരെ സബ്‌സിഡിയും ലഭ്യമാക്കുന്നുണ്ട്.
ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
കേരളത്തിലെ കോളേജുകളില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് നിയമ സഭയില്‍ പദ്ധതി പ്രഖ്യാപിച്ചത്. 38 എഞ്ചിനിയറിംഗ് കോളേജുകളും 5 യൂണിവേഴ്‌സിറ്റികളും ഇതിനകം താത്പര്യം പ്രകടിപ്പിച്ചു. വിദ്യാഭ്യാസ ആവശ്യം കഴിഞ്ഞ് അഞ്ച് ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ ക്യാംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കും. രണ്ട് ഏക്കറുണ്ടെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയും തുടങ്ങാം. ഇതിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഒന്നരക്കോടി രൂപ വരെ ഇന്‍സെന്റീവും സര്‍ക്കാര്‍ നല്‍കും. അടുത്ത വര്‍ഷം തന്നെ ഇതു നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ബഹുരാഷ്ട്ര കമ്പനികളും കേരളത്തിലേക്ക്
കൂടാതെ ബഹുരാഷ്ട്ര കമ്പനികളും കേരളത്തിലേക്കെത്തുന്നു. എയര്‍ബസ് എന്‍ജിന്‍ നിര്‍മിക്കുന്ന സഫ്രാന്‍ തിരുവനന്തപുരത്ത് ഓഫീസ് തുറന്നു. കൂടാതെ ബി.എം.ഡബ്ല്യു ഉള്‍പ്പെടെയുള്ള ഓട്ടോമൊബൈല്‍ കമ്പനികളും ഇങ്ങോട്ടെത്തുന്നു. ഐ.ബി.എം ഇവിടെ പ്രവർത്തനം തുടങ്ങി ആറു മാസത്തിനുള്ളിൽ തന്നെ 500 പേരെയാണ് നിയമിച്ചത്. 300 പേരെ കൂടി നിയമിക്കാനൊരുങ്ങുന്നു. നിറ്റ ജെലാറ്റിന്‍ 250 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ മുന്നോട്ടു വന്നിട്ടുണ്ട്. കൂടാതെ ഡി സ്‌പേസ്, ഗ്രഫീന്‍, ക്രാസ്‌നി ഡിഫന്‍സ് ടെക്‌നോളജീസ് വെന്‍ഷ്വര്‍ തുടങ്ങിയവരും കടന്നുവന്നത് കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കരുത്താണെന്ന് മന്ത്രി പറഞ്ഞു.
Next Story