Begin typing your search above and press return to search.
പ്ലാന്‍ ഫണ്ട് വിനിയോഗത്തിലും പതിവുതെറ്റിക്കാതെ കേരളത്തിന്റെ അലംഭാവം; ചെലവാക്കിയത് 53.7% തുക മാത്രം
2023-24 സാമ്പത്തിക വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഫണ്ടിന്റെ (plan fund) 46 ശതമാനത്തോളവും വിനിയോഗിക്കാനാകാതെ കേരളം. മൊത്തം (Aggregate Plan Outlay) 38,629.19 കോടി രൂപയാണ് പ്ലാന്‍ഫണ്ട് പ്രഖ്യാപിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസവും അഞ്ച് ദിവസവും ശേഷിക്കെ ഇതുവരെ ചെലവഴിക്കാനായത് 53.69 ശതമാനം മാത്രം. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴികെയുള്ള വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ചത് 22,120 കോടി രൂപയാണ്. ഇതിന്റെ 54.97 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ വര്‍ഷം അനുവദിച്ച പല പദ്ധതികളും നടപ്പാക്കാനാകാതെ പോയത്. പൊതു വിപണിയില്‍ നിന്ന് കടമെടുക്കുന്നതിലും കേന്ദ്ര ഫണ്ടുകള്‍ കിട്ടുന്നതിലും വന്ന കാലതാമസം സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്നതിനിടയാക്കുകയുമായിരുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍സ്‌പേസ് വെബ് പോര്‍ട്ടല്‍ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം ഉള്‍പ്പെടെയുള്ള 8,259.19 കോടിയില്‍ 50.24 ശതമാനം മാത്രമാണ് ഇതു വരെ ചെലവഴിച്ചത്.
പദ്ധതി ഫണ്ട് വിനിയോഗത്തില്‍ അമാന്തമുണ്ടാകുന്നതില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ചിനു മുമ്പായി കൂടുതല്‍ തുക വിനിയോഗിക്കാനായേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
പതിവ് പോലെ നീക്കിവയ്ക്കും
ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്ലാന്‍ ഫണ്ട് വിനിയോഗത്തിന്റെ ലക്ഷ്യം കാണാന്‍ സർക്കാരിന് സാധിക്കുമോ എന്നത് സംശയമാണ്. മിക്കവാറും വര്‍ഷങ്ങളില്‍ ജനുവരി വരെയുള്ള കാലയളിവില്‍ പദ്ധതി വിഹിതത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് വിനിയോഗിച്ചിട്ടുണ്ടാകുക. ശേഷിക്കുന്ന മൂന്ന് മാസം കൊണ്ട് 70-75 ശതമാനത്തോളം വിനിയോഗിക്കാന്‍ ശ്രമം നടത്തും. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഏപ്രില്‍ പകുതി വരെയൊക്കെ സമയം നല്‍കി പദ്ധതികള്‍ ബില്ലുകള്‍ പാസാക്കി നല്‍കാറുമുണ്ട്. ഇത്തവണയും അതില്‍ മാറ്റം വരാനിടയില്ലെന്ന് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രഷറിയില്‍ പണമില്ലെങ്കില്‍ പദ്ധതി വിഹിതം ക്കുറയ്ക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കാറില്ല. പകരം വിനിയോഗിക്കാവുന്നതിന്റെ പരമാവധി ചെലവഴിച്ചതിനു ശേഷം ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഇലക്ട്രോണിക് ലെഡ്ജറില്‍ കാണിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തിലും ഈ രീതി അവംലംബിക്കാനാണ് സാധ്യത.
ഒട്ടുമിക്ക വര്‍ഷങ്ങളിലും പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 43.17 ശതമാനം മാത്രമായിരുന്നു വിനിയോഗിച്ചത്. എന്നാല്‍ കൊവിഡിന്റെ മൂര്‍ധന്യത്തിലായിരുന്ന 2021ല്‍ 47 ശതമാനം പദ്ധതി ഫണ്ട് വിനിയോഗം നടന്നിരുന്നു.
സര്‍ക്കാര്‍ പദ്ധതി ഫണ്ട് വകമാറ്റി ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഉള്‍പ്പെടെയുള്ള റവന്യു ചെലവുകള്‍ക്കായി മാറ്റുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണമെന്ന് മേരി ജോര്‍ജ് പറഞ്ഞു. വികസനത്തിനു വേണ്ടിയുള്ള ഫണ്ടാണ് പ്ലാന്‍ ഫണ്ട് എന്നു പറയുന്നത്. എന്നാല്‍ പലപ്പോഴും വികസനേതര ആവശ്യങ്ങള്‍ക്കായാണ് സര്‍ക്കാര്‍ ഇത് വിനിയോഗിക്കുന്നത്. കേരളത്തില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി കടമെടുക്കുന്ന തുകയുടെ 82 ശതമാനം വരെ മറ്റ് ചെലവുകള്‍ക്കായി നീക്കു വയ്ക്കുന്ന രീതിയാണുള്ളത്. ഇച്ഛാശക്തിയുള്ള സര്‍ക്കാരുണ്ടാകുകയും പറയുന്ന തീയതിയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സാധിക്കുകയും ചെയ്യുമ്പോഴാണ് പദ്ധതി ഫണ്ട് വിനിയോഗം പൂര്‍ണമായി സാധ്യമാകുക എന്നും മേരി ജോര്‍ജ് കൂട്ടിചേര്‍ത്തു.
കൂടുതല്‍ വിനിയോഗിച്ചത് ഊര്‍ജ്ജ പദ്ധതികളില്‍
12 വിഭാഗങ്ങളിലായാണ് പദ്ധതി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 2,030.07 കോടി രൂപ കാര്‍ഷിക അനുബന്ധ മേഖലകളിലെ 289 പദ്ധതികള്‍ക്കായാണ്. ഇതിന്റെ 36.98 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചിട്ടുള്ളത്. ഇന്‍ഡസ്ട്രി ആന്‍ഡ് മിനറല്‍സ് വിഭാഗത്തിനായി 1,818.66 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ 32.87 ശതമാനം ചെലവഴിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, സാമൂഹ്യ പദ്ധതികള്‍ എന്നിവയ്ക്കായി യഥാക്രമം 59.38 ശതമാനം, 53.6 ശതമാനം എന്നിങ്ങനെ ചെലവഴിച്ചു.
ഊര്‍ജ പദ്ധതികള്‍ക്കായാണ് കൂടുതല്‍ തുക ചെലവഴിച്ചത്. 69.9 ശതമാനം. ഏറ്റവും കുറവ് വിഹിതം ചെലവഴിച്ചിരിക്കുന്നത് സഹകരണ വിഭാഗത്തിലാണ്. വെറും 8.82 ശതമാനമാണ് ഈ വിഭാഗത്തില്‍ ഇതുവരെ ചെലവഴിച്ചത്. ഗ്രാമീണ വികസനം 54.53 ശതമാനം, ജലസേചനവും പ്രളയ നിയന്ത്രണവും 35.1 ശതമാനം, സൈന്റിഫിക് സര്‍വീസ് ആന്‍ഡ് റിസര്‍ച്ച് 20.16 ശതമാനം, സാമ്പത്തിക സേവനം 67.58 ശതമാനം, പൊതുസേവനങ്ങള്‍ 53.66 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്ലാന്‍ ഫണ്ട് വിനിയോഗം.
Next Story
Videos