സര്‍ക്കാരില്‍ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കില്‍ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയില്‍ സപ്ലൈകോ. ഭക്ഷ്യവസ്തുക്കള്‍ നല്‍കിയ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള സപ്ലൈകോയുടെ കുടിശിക 650 കോടിയില്‍ നിന്ന് 750 കോടിയായി ഉയര്‍ന്നു. ഇതിനൊപ്പം ഓണക്കാലത്തെ 350 കോടിയുടെ ബില്ലും കൂടി ചേര്‍ന്നപ്പോള്‍ കുടിശിക തുക 1,000 കോടി കവിഞ്ഞു. അടിയന്തരമായി 250 കോടിയെങ്കിലും കിട്ടിയാലെ കച്ചവടം തുടരാനാകൂ എന്ന് സപ്ലൈകോ ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വില വര്‍ധനയും സഹായിക്കില്ല
നിലവില്‍ സ്ബസിഡിയിനത്തില്‍ നല്‍കുന്ന 13 ഇനം ഭക്ഷ്യധാന്യങ്ങളുടെ വില ഉയര്‍ത്തി തത്കാലം പിടിച്ചു നില്‍ക്കാമെന്ന പ്രതീക്ഷയിലായിരുന്നു സപ്ലൈകോ. വില വര്‍ധനയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജനരോഷം ഉയര്‍ന്നതു മൂലം തല്‍കാലത്തേക്ക് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നവകേരള യാത്ര കഴിയുന്നത് വരെ വില വര്‍ധന വേണ്ടെന്നാണ് തീരുമാനം. പക്ഷെ, ഇപ്പോഴത്തെ സാഹചര്യത്തില്‍ വില വര്‍ധന നടപ്പാക്കിയാല്‍ പോലും സപ്ലൈകോയ്ക്ക് മുന്നോട്ടു പോകുക പ്രയാസമായിരിക്കും.
കുടിശിക കിട്ടാതെ കിട്ടാതെ സാധനങ്ങള്‍ ലഭ്യമാക്കില്ലെന്ന തീരുമാനത്തിലാണ് വിതരണക്കാര്‍. സപ്ലൈകോയുടെ മിക്ക ഷോപ്പുകളിലും സാധനങ്ങള്‍ പലതും ലഭ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. സാധനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം ടെന്‍ഡര്‍ വിളിച്ചെങ്കിലും രണ്ടിനത്തിന്റെ ടെന്‍ഡര്‍ മാത്രമാണ് നടന്നത്. വില കൂട്ടാതെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് കമ്പനികളുടേത്.
സര്‍ക്കാരില്‍ നിന്ന് 2,593 കോടി രൂപയാണ് സപ്ലൈകോയ്ക്ക് ലഭിക്കാനുള്ളത്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയതും ഓണക്കാല വിപണിയുടെ കുടിശികയും കൂടാതെ കിറ്റുവിത
രണ വകയിലെ 158 കോടിയും കിട്ടാനുണ്ട്. ഇതുകൂടാതെ കഴിഞ്ഞ 11 വര്‍ഷമായി വിപണി ഇടപെടല്‍ നടത്തിയ ഇനത്തില്‍ 1,367.34 കോടി രൂപയും ലഭിക്കാനുണ്ട്. ഇതുകിട്ടാ
തെ വില വര്‍ധിപ്പിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്.
13 ഇനം സാധനങ്ങള്‍
ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ 13 ഇനം അവശ്യസാധനങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവയുടെ വില കൂട്ടിയിട്ടില്ല. 25 ശതമാനം വരെ വില കൂട്ടാനാണ് നിര്‍ദേശം. എല്ലാ ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാമാണ് ലഭിക്കുക. പൊതു വിപണിയില്‍ ഈ ഉത്പന്നങ്ങള്‍ക്ക് ഇരട്ടിയലധികം വില നല്‍കണം. 76 രൂപയ്ക്ക് ലഭിക്കുന്ന പയറിന് പൊതു വിപണിയില്‍ 200 രൂപയ്ക്കടുത്താണ് വില. ജയ അരിക്ക് 25 രൂപയാണ് സപ്ലൈകോയിലെങ്കില്‍ പുറത്ത് 50 രൂപയ്ക്ക് മുകളില്‍ നല്‍കണം.
സബ്‌സിഡി സാധനങ്ങള്‍ കൂടാതെ ശബരി ബ്രാന്‍ഡിലുള്ള തേയില, കാപ്പിപ്പൊടി, മല്ലിപ്പൊടി അടക്കമുള്ള ഉത്പന്നങ്ങളും സപ്ലൈകോ സ്‌റ്റോറുകളില്‍ വില കുറച്ച് നല്‍കുന്നുണ്ട്. പ്രതിമാസം 35-45 ലക്ഷം പേരാണ് സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയിരുന്നത്.