നിങ്ങളുടെ ബിസിനസ് വളര്‍ത്താം, കൊച്ചി മെട്രോയ്‌ക്കൊപ്പം ചേര്‍ന്ന്

കൊച്ചി നഗരത്തിന് ആധുനികതയുടെ മുഖം സമ്മാനിച്ച കൊച്ചി മെട്രോ കുതിപ്പിന്റെ ട്രാക്കിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ലോക്നാഥ് ബെഹ്റ ധനത്തോട് പറഞ്ഞു. ''കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് 60 കോടി രൂപ നഷ്ടമായിരുന്നു. അതിന് ശേഷമുള്ള വര്‍ഷത്തില്‍ നഷ്ടം 34 കോടിയായി. കഴിഞ്ഞ വര്‍ഷം മൂന്ന് കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനായി''- ലോക്നാഥ് ബെഹ്റ പറയുന്നു.

മെട്രോയിലുണ്ട് ബിസിനസ് അവസരങ്ങള്‍
ബിസിനസുകളെയും ഒപ്പം ചേർത്താണ് മെട്രോ വളർച്ചയുടെ അടുത്ത തലങ്ങൾ തൊടുന്നത്. മെട്രോ സ്റ്റേഷനുകളില്‍ ബിസിനസ് ഓഫീസുകളും സ്റ്റോറുകളും ആരംഭിക്കുന്നത് മുതല്‍ ബ്രാന്‍ഡിംഗ്, പ്രോഡക്റ്റ് ലോഞ്ചിംഗ്, പ്രോഡക്റ്റ് ഡിസ്പ്ലേ തുടങ്ങിയവയ്ക്കെല്ലാം ഇപ്പോള്‍ അവസരമുണ്ട്. ''ആലുവ മുതലുള്ള എല്ലാ സ്റ്റേഷനിലും ബ്രാന്‍ഡിംഗ് നടത്താം. പല സ്റ്റേഷനുകളുടെയും ഇതിനുള്ള അവകാശം ഇപ്പോള്‍ തന്നെ ബിസിനസ് ഗ്രൂപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളുടെ പേരും അനൗണ്‍സ്മെന്റുമെല്ലാം ആ ബ്രാന്‍ഡിന്റെ പേര് (ഉല്‍പ്പന്ന നാമം) കൂടി ചേര്‍ത്താവും. ഡിസ്പ്ലേകളിലും ബ്രാന്‍ഡ് നെയിമുണ്ടാകും''- ലോക്നാഥ് ബെഹ്റ പറയുന്നു.


ഇത് കൂടാതെ ട്രെയ്ന്‍ റാപ്പിംഗ്, സ്റ്റേഷനുള്ളിലും ട്രെയ്നിനുള്ളിലും രൂപകല്‍പ്പനയുടെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലുള്ള ബ്രാന്‍ഡിംഗ് സൗകര്യമെല്ലാം ഇപ്പോഴുണ്ട്.മെട്രോ സ്റ്റേഷനുകളില്‍ ഓഫീസ് സ്പേസുകളും റീറ്റെയ്ല്‍ സ്പേസുകളും ലഭ്യമാണ്. അതുപോലെ തന്നെ മെട്രോയ്ക്കുള്ളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള അവസരമുണ്ട്. സിനിമ, സീരിയല്‍, ഡോക്യുമെന്ററി ഷൂട്ടിംഗ്, സിനിമാ പ്രൊമോഷന്‍ സംബന്ധിച്ചുള്ള പരിപാടികള്‍ എന്നിവയ്ക്കെല്ലാം ഇപ്പോള്‍ സൗകര്യമുണ്ട്.


സംരംഭകർക്കും കൈത്താങ്ങ്‌

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ സംരംഭകര്‍ക്കും കൊച്ചി മെട്രോ കൈത്താങ്ങാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് വനിതകള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വികസന മാതൃകയാണ് കൊച്ചി മെട്രോ പിന്തുടരുന്നത്. ''വനിതകള്‍ക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്‍കി പ്രതിദിനം 1,000 രൂപയോളം വരുമാനം ഉറപ്പാക്കാന്‍ പറ്റുന്ന വിധമാണ് മെട്രോ ഇപ്പോള്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പക്ഷേ ആവശ്യത്തിന് അപേക്ഷകരെ കണ്ടെത്താനായിട്ടില്ല. മനുഷ്യവിഭവശേഷി സൂചികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇവിടുത്തെ സ്ത്രീ സമൂഹത്തിന് അവരുടെ അറിവും കഴിവും വൈദഗ്ധ്യവും പുറത്തെടുത്ത് മികച്ച ജീവിത നിലവാരം നേടിയെടുക്കാനുള്ള പിന്തുണ കുടുംബവും സമൂഹവും നല്‍കേണ്ടിയിരിക്കുന്നു''- ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടുന്നു.

കാക്കനാടേക്കുള്ള രണ്ടാംഘട്ട വികസനത്തില്‍ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാകില്ല. പകരം സ്വകാര്യ വ്യക്തികളുമായി ചേര്‍ന്ന് പാര്‍ക്കിംഗ് സംവിധാനം സജ്ജമാക്കാനാണ് ശ്രമം. ഇതും നഗരപ്രദേശത്ത് പുതിയ ബിസിനസ് അവസരമാകുമെന്ന് ലോക്നാഥ് ബെഹ്റ പറയുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it