കേരളത്തിലെ പ്രമുഖ പാല്‍ ഉത്പാദകരായ മില്‍മ (Kerala Co-operative Milk Marketing Federation/KCMMF) വൈവിധ്യവത്കരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ട് പുതിയ മേഖലകളിലേക്കും ചുവടുവയ്ക്കുന്നു. ആലപ്പുഴയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള മില്‍മയുടെ സ്ഥലങ്ങളില്‍ ഇന്ധന-ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി (എച്ച്.പി.സി.എല്‍) മില്‍മ ഒപ്പുവച്ചു. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറി (സി.എഫ്.പി), പുന്നപ്ര സെന്‍ട്രല്‍ പ്രോഡക്ട്‌സ് ഡയറി (സി.പി.ഡി) എന്നിവിടങ്ങളിലുള്ള മില്‍മയുടെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക. സ്റ്റേഷനുകളുടെ ദൈനംദിന നടത്തിപ്പ് മില്‍മയ്ക്കായിരിക്കും. 20 വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് പദ്ധതി ആരംഭിക്കുന്നത്. പെട്രോള്‍, ഡീസല്‍, സി.എന്‍.ജി എന്നിവ കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
പട്ടം മില്‍മ ഭവനില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയുടേയും എച്ച്.പി.സി.എല്‍ ജനറല്‍ മാനേജര്‍ (ഇന്‍ ചാര്‍ജ് ഓഫ് സൗത്ത് വെസ്റ്റ് സോണ്‍ റീറ്റെയില്‍) എം. സന്ദീപ് റെഡ്ഡിയുടേയും സാന്നിധ്യത്തില്‍ മില്‍മ എം.ഡി ആസിഫ് കെ. യൂസഫും എച്ച്.പി.സി.എല്‍ സീനിയര്‍ റീജിയണല്‍ മാനേജര്‍ (കൊച്ചിന്‍ റീറ്റെയ്ല്‍ ആര്‍.ഒ) അരുണ്‍.കെയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു.
പദ്ധതി ചെലവ്
റീറ്റൈയ്ല്‍ ഇന്ധന ഔട്ട്‌ലെറ്റും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഓരോ യൂണിറ്റിനും 3.5 കോടി രൂപ വീതം എച്ച്.പി.സി.എല്‍ ചെലവാക്കും. ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നേടുന്നതും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതും എച്ച്.പി.സി.എല്‍ ആയിരിക്കും.
പാര്‍ലറും ഭക്ഷണശാലയും
മില്‍മ ഉത്പന്നങ്ങളുടെ വിപണി ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ധന-ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളോട് ചേര്‍ന്ന് മില്‍മ പാര്‍ലര്‍, ഭക്ഷണശാല, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും.
മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന 'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ തുടര്‍ച്ചയായി വിപണി സാധ്യത ഉറപ്പാക്കാനും ലാഭകരമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.
മില്‍മയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും ഇത്തരം ഇന്ധന-ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളിലൂടെ സാധിക്കും. ഭാവിയില്‍ എല്ലാ യൂണിറ്റുകളിലും ഇത്തരം സംരംഭങ്ങള്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരം കോടി രൂപ വിറ്റുവരവ് ലക്ഷ്യം
കൂടുതല്‍ ആളുകളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനും ക്ഷീരകര്‍ഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയ്ക്കായി നൂതന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനുമാണ് മില്‍മ ലക്ഷ്യമിടുന്നത്. നൂതന ഉത്പന്നങ്ങളും സംരംഭങ്ങളും ഇതിന്റെ ഭാഗമായി കൊണ്ടുവരും.
വരുമാനവും വിപണിയും വര്‍ധിപ്പിക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മില്‍മ 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 42 വര്‍ഷം പിന്നിടുന്ന മില്‍മയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണിത്. മറ്റു സ്ഥാപനങ്ങളുമായി ചേര്‍ന്ന് സമാനമായ സംരംഭങ്ങളും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മില്‍മയുടെ വിറ്റുവരവില്‍ 12 ശതമാനത്തോളം വര്‍ധന ഉണ്ടായതായും അദ്ദേഹം പറഞ്ഞു. 4,300 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിറ്റുവരവ്.
എറണാകുളം യൂണിയനു കീഴില്‍ 'മില്‍മ റിഫ്രഷ്'
സുരക്ഷിതവും രുചികരവുമായ ഭക്ഷണ വിഭവങ്ങള്‍ മില്‍മയുടെ നേതൃത്വത്തില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് എറണാകുളം മേഖല യൂണിയന്‍ മില്‍മ റിഫ്രഷിന് തുടക്കമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ആദ്യ ഭക്ഷണശാല തൃശൂര്‍ എം.ജി റോഡില്‍ കോട്ടപ്പുറത്ത് തുറന്നിരുന്നു. ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, ചൈനീസ്, വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 1,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഭക്ഷണശാലയും മില്‍മ സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നത്. ഭക്ഷണശാലയില്‍ 20 സീറ്റുകളാണുള്ളത്.
കോട്ടയം ജില്ലയില്‍ മില്‍മ റിഫ്രഷ് തുറക്കുന്നതിന് ജില്ലയിലെ സംരംഭകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതു കൂടാതെ കോട്ടയത്തെ വടവാതൂര്‍ ഡെയറിയോട് ചേര്‍ന്ന് മില്‍മ നേരിട്ടും ഭക്ഷണശാല ആരംഭിക്കും. ടീ പോയ്ന്റ്, സൂപ്പര്‍മാര്‍ക്കറ്റോട് കൂടിയ ഭക്ഷണ ശാല എന്നിങ്ങനെ രണ്ട് തരത്തിലുള്ളവയ്ക്കാണ് മില്‍മ അപേക്ഷ ക്ഷണിച്ചത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് അനുമതി നല്‍കുക.
കോഴിക്കോട് ഒരു വര്‍ഷം മുന്‍പ് ഡ്രൈവ് ഇന്‍ പാര്‍ലറും മില്‍മ ആരംഭിച്ചിരുന്നു.