Begin typing your search above and press return to search.
വാക്‌പോര് എക്‌സില്‍, ഓല ഇലക്ട്രിക്കിന് 'പണികിട്ടിയത്' അങ്ങ് ഓഹരി വിപണിയില്‍
പ്രമുഖ ഇരുചക്ര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ഓഹരി വില ഇന്ന് രാവിലത്തെ വ്യാപാരത്തില്‍ 9.4 ശതമാനം ഇടിഞ്ഞ് 89.7 രൂപയിലേക്ക് എത്തി. ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാളും കൊമേഡിയനായ കുനാല്‍ കമ്രയും തമ്മില്‍ എക്‌സില്‍ (X) നടന്ന വാദപ്രതിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഓഹരിയുടെ വന്‍ വീഴ്ച. ഓല ഇലക്ടിക് സ്‌കൂട്ടറുകളുടെ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാഗ്വാദത്തിന് ഇടയാക്കിയത്.
സര്‍വീസ് ചെയ്യാനെത്തിയ ഓല സ്‌കൂട്ടറുകള്‍ പൊടിപിടിച്ച നിലിയില്‍ ഡീലര്‍ഷിപ്പുകളുടെ പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കമ്രയാണ് വിവാദത്തിനു തിരി കൊളുത്തിയത്.
സാധരണക്കാരന്റെ വാഹനമായ ഇരുചക്ര വാഹനങ്ങളെ ഡീലര്‍ഷിപ്പുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും ഉപയോക്താക്കള്‍ക്ക് ഇവിടെ യാതൊരു വിലയുമില്ലെയെന്നും ചോദിച്ച കമ്ര കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഉള്‍പ്പെടെ ടാഗും ചെയ്തു. കൂടാതെ ഓല ഉപയോക്താക്കളോട് സര്‍വീസുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും ആവശ്യപ്പെട്ടു.
ഇതിനെതിരെ എം.ഡിയും സി.ഇ.ഒയുമായി ഭവിഷ് അഗര്‍വാള്‍ പരിഹാസ ട്വീറ്റ് ഇട്ടത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഓലയുടെ കാര്യത്തില്‍ ഇത്രയും ശ്രദ്ധ ചെലുത്തുന്നയാള്‍ ഇങ്ങോട്ട് വന്ന് ഞങ്ങളെ സഹായിക്കുവെന്നും പെയ്ഡ് ട്വീറ്റിന് അല്ലെങ്കില്‍ പരാജയപ്പെട്ട കോമഡി കരിയറിന് കൂടുതല്‍ പ്രതിഫലം താന്‍ തരാമെമെന്നും അതിന് പറ്റില്ലെങ്കില്‍ മിണ്ടാതിരിക്കൂ, ഞങ്ങളുടെ യഥാര്‍ത്ഥ കസ്റ്റമേഴ്‌സിന്റെ പ്രശ്‌നം പരിഹിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധചെലുത്തട്ടെ എന്നുമായിരുന്നു ഭവിഷിന്റെ മറുപടി ട്വീറ്റ്. സര്‍വീസ് ശൃംഖലകള്‍ അതിവേഗം വിപുലീകരിക്കുകയാണെന്നും വേഗം പണികള്‍ തീര്‍ത്തു നല്‍കുമെന്നും അദ്ദേഹം ട്വീറ്റില്‍ അവകാശപ്പെടുയും ചെയ്തു.
എന്നാല്‍ അഗര്‍വാളിന്റെ മറുപടി നിഷേധാത്മകമാണെന്നും ആളുകളുടെ അഭിപ്രായങ്ങള്‍ കേട്ട് കസ്റ്റമര്‍ സര്‍വീസിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് വേണ്ടതെന്നുമൊക്കെ നിരവധി പേര്‍ കമന്റില്‍ പറഞ്ഞു.
മൂന്ന് നാല് മാസത്തെ ശമ്പളം കൂട്ടിവച്ച് വാങ്ങുന്ന ഓല വാഹനങ്ങള്‍ ഒരാഴ്ചയ്ക്ക് ശേഷം ഡീലര്‍ഷിപ്പുകളുടെ പുറത്ത് കൂട്ടിയിടാന്‍ വേണ്ടി നല്‍കേണ്ടി വരുന്നത് പരിതാപകരമാണെന്ന് മറ്റ് ചിലര്‍ കമന്റിട്ടു.
എന്തായാലും ഇരുവരും തമ്മിലുള്ള വാദ പ്രതിവാദത്തോടെ ഇലക്ട്രിക് വാഹന വിപണി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആളുകള്‍ പരസ്യമായി പറഞ്ഞു തുടങ്ങി. കൂടുതല്‍ ഉപയോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്ന സമയത്ത് ഓല പോലുള്ള കമ്പനികള്‍ മികച്ച രീതിയില്‍ ആശയ വിനിമയം നടത്താനും ഉപയോക്താക്കള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കുകയുമാണ് ചെയ്യേണ്ടതെന്ന് നിരീക്ഷകര്‍ പറയുന്നു.
ഓഹരികളുടെ യുടേണ്‍
ഓല ഓഹരികള്‍ കഴിഞ്ഞ കുറച്ചു നാളുകളായി താഴ്ചയിലാണ്. ഒരു സമയത്ത് 157.5 രൂപ വരെ എത്തിയ ഓഹരി പിന്നീട് 43 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഐ.പി.ഒ വിലയേക്കാള്‍ വെറും 18 ശതമാനമാണ് ഓഹരിയുടെ നേട്ടം. 76 രൂപയ്ക്കായിരുന്നു ഓഹരിയുടെ ലിസ്റ്റിംഗ്.
ഓഹരി വിപണിയില്‍ വില ഇടിഞ്ഞതോടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ആകാശ് ബാനര്‍ജിയും (ഭക്ത് ബാനര്‍ജി) അക്ഷയ് അഗര്‍വാളിനെതിരെ ട്വീറ്റുമായി രംഗത്തെത്തി. ഓല സ്‌കൂട്ടറുകളുടെ പ്രശ്‌നം വേഗം പരിഹരിച്ചില്ലെങ്കില്‍ ഓഹരികള്‍ കുനാല്‍ കമ്രയുടെ ഷോകളേക്കാള്‍ വലിയ പരാജയമാകുമെന്നാണ് അദ്ദേഹം കുറിച്ചത്.
Next Story
Videos