'വ്യവസായ മേഖലയില്‍ അതിവേഗ മുന്നേറ്റം ലക്ഷ്യം' ഇ.പി.ജയരാജന്‍

വ്യവസായങ്ങളിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി ഉറപ്പാക്കി ഓരോ മനുഷ്യന്റെയും ജീവിതം മെച്ചപ്പെടുത്താനുള്ള സമഗ്രപരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപംകൊടുത്തിരിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പ്രസ്താവിച്ചു. മാധ്യമപ്രവര്‍ത്തകരുമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി സര്‍ക്കാര്‍ ഇതേവരെ നടപ്പാക്കിയ നിയമ ഭേദഗതികളെയും പരിഷ്‌ക്കാരങ്ങളെയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 3 വര്‍ഷത്തേക്ക് ലൈസന്‍സുകള്‍ നേടാതെ വ്യവസായങ്ങള്‍ തുടങ്ങാനുള്ള എം.എസ്.എം.ഇ ബില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍

പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള ഒട്ടനവധി വ്യവസായ പാര്‍ക്കുകള്‍ക്ക്് സര്‍ക്കാര്‍ രൂപംകൊടുത്തിട്ടുണ്ട്്. പെട്രോകെമിക്കല്‍, ലൈഫ് സയന്‍സ്, ഇലക്ട്രോണിക്‌സ് & ലൈറ്റ് എന്‍ജിനീയറിംഗ്, ഫുഡ് പ്രോസസിംഗ്് തുടങ്ങിയവ ഉള്‍പ്പെടെ 14 വ്യവസായ പാര്‍ക്കുകള്‍ക്ക് കേരളം രൂപംകൊടുത്തിട്ടുണ്ട്. ചേര്‍ത്തലയില്‍ മറൈന്‍ ഫുഡ് പാര്‍ക്കും പാലക്കാടുള്ള മെഗാ ഫുഡ്പാര്‍ക്കും ലൈറ്റ് എന്‍ജിനീയറിംഗ് പാര്‍ക്കും പൂര്‍ത്തിയായി. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്റഗ്രേറ്റഡ് റൈസ് ടെക്‌നോളജി പാര്‍ക്കുകള്‍ക്ക് തറക്കല്ലിട്ടിട്ടുണ്ട് .ഇവയെല്ലാം നമ്മുടെ നെല്ലറകള്‍ കേന്ദ്രീകരിച്ചാണ് ചെയ്തിരിക്കുന്നതെന്നും പൊതുവിപണിയില്‍ അരി ലഭ്യമാക്കുന്നതിനും കൃഷിക്കാര്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും ഇത്തരം പാര്‍ക്കുകള്‍ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

തിരുവന്തപുത്ത് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കും വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കും വരുന്നുണ്ട്. റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയര്‍മാന്‍. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ റബ്ബര്‍ കൃഷിക്കാരെ സഹായിക്കുന്നതിനായി ഒരു സര്‍ജിക്കല്‍ ഗ്ലൗസ് ഫാക്ടറി ആരംഭിക്കും. ഇതോടൊപ്പം തന്നെ കൈത്തറി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്്. പുതിയ എം.എസ്.എം.ഇ നിയമപ്രകാരം വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്‍ഡിംഗ് നമ്പര്‍ ആവശ്യമില്ലെന്നും ജില്ലാ ബോര്‍ഡില്‍ അപേക്ഷ നല്‍കി കൈപ്പറ്റ രസീത് നേടി പണം അടച്ചാല്‍ കണക്ഷന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it