സ്വര്‍ണവായ്പയിലും സ്വരംകടുപ്പിച്ച് റിസര്‍വ് ബാങ്ക്; ഉലഞ്ഞ്‌ മണപ്പുറം, മുത്തൂറ്റ് ഓഹരികള്‍

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന സ്വര്‍ണ വായ്പകൾക്കുള്ള നിബന്ധനകള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കി. 20,000 രൂപയില്‍ കൂടുതലുള്ള സ്വര്‍ണ വായ്പകള്‍ പണമായി കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്നാണാണ് റിസര്‍വ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ എന്‍.ബി.എഫ്.സികള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

റിസര്‍വ് ബാങ്ക് നിർദ്ദേശത്തിന് പിന്നാലെ കേരളം ആസ്ഥാനമായ എൻ.ബി.എഫ്.സികളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവ അടക്കമുള്ളവയുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി രാവിലെ 8.87 ശതമാനം ഇടിഞ്ഞ് 1,510 രൂപയിലെത്തി. മണപ്പുറം ഓഹരികള്‍ 165.15 രൂപയിലേക്കാണ് താഴ്ന്നത്. മുന്‍ ദിവസത്തെ ക്ലോസിംഗ് വിലയേക്കാള്‍ 8.3 ശതമാനം ഇടിഞ്ഞു. പിന്നീട് ഇരു ഓഹരികളും നഷ്ടം ചെറുതായി കുറച്ചിട്ടുണ്ട്.

നിലവിൽ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 1,628 രൂപയിലും മണപ്പുറം ഫിനാന്‍സ് ഓഹരി 6 ശതമാനത്തോളം ഇടിഞ്ഞ് 169.90 രൂപയിലുമാണ് വ്യാപാരം നടത്തുന്നത്.
വടിയുമായി പിന്നാലെ
നിലവില്‍ വ്യക്തികള്‍ക്ക് 20,000 രൂപയില്‍ കൂടുതലുള്ള വായ്പകള്‍ പണമായി സ്വീകരിക്കുന്നതില്‍ ആദായ നികുതി വകുപ്പ് പ്രകാരം നിയന്ത്രണമുണ്ട്. സ്വര്‍ണ വായ്പ കമ്പനികളും ഈ നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അടുത്തിടെയായി ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് റിസര്‍വ് ബാങ്ക്. പ്രവര്‍ത്തനചട്ടങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാര്‍ച്ചില്‍ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിനെ പുതിയ സ്വര്‍ണ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു. നിയമം അനുശാസിക്കുന്നതില്‍ കൂടുതല്‍ തുക പണമായി കൈമാറിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇത്. ഐ.ഐ.എഫ്.എല്‍ മാത്രമല്ല ആര്‍.ബി.ഐയുടെ നിരീക്ഷണത്തിലുള്ളത്.

സ്വർണ വായ്പകൾക്ക് ഡിമാൻഡ് കൂടുന്നു

കൊവിഡിനു ശേഷം എന്‍.ബി.എഫ്.സികളുടെ റീറ്റെയ്ല്‍ വായ്പകള്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബാങ്കുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് വ്യവസ്ഥ കര്‍ക്കശമാക്കുന്നത് ഇടപാടുകള്‍ ദുഷ്‌കരമാക്കുമെന്നാണ് എന്‍.ബി.എഫ്.സികള്‍ പറയുന്നത്. റിസര്‍വ് ബാങ്ക് നടപടി മൂലം സ്വര്‍ണ പണയ കമ്പനികള്‍ പ്രവര്‍ത്തനരീതിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടിവരുമെന്ന് ആഗോള ബ്രോക്കിംഗ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.

അതേസമയം റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണ വായ്പ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണപ്പുറം ഫിനാന്‍സിനെ സംബന്ധിച്ച് ഞങ്ങളുടെ ഉപഭോക്താക്കളെല്ലാം ഡിജിറ്റല്‍ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നവരാണ്. ആകെ ബിസിനസിന്റെ 50 ശതമാനം വരുന്ന ഓണ്‍ലൈന്‍ സ്വര്‍ണ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ണമായും കടലാസ് രഹിതമായാണ് നടക്കുന്നത്. ശാഖകളില്‍ വന്ന് ആരംഭിക്കുന്ന അക്കൗണ്ടുകളില്‍ പോലും ഡിജിറ്റല്‍ ഇടപാടുകളാണ് നടക്കാറുള്ളത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ വായ്പ മേഖലയുടെ സുതാര്യത ഉറപ്പിക്കുന്ന റിസര്‍വ് ബാങ്ക് നടപടികളോട് മണപ്പുറം ഫിനാന്‍സ് പൂര്‍ണമായും സഹകരിക്കുമെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള കാലവയളിവില്‍ സ്വര്‍ണ വായ്പകള്‍ 22.7 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് വരെ ബാങ്കുകളുടെയും എന്‍.ബി.എഫ്.സികളുടെയും മൊത്തം സ്വര്‍ണ വായ്പകള്‍ 6.1 ലക്ഷം കോടി രൂപയാണ്.
സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ സ്വര്‍ണ വായ്പകള്‍ക്കുള്ള ആവശ്യവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ചെറുകിട വായ്പക്കാരുടെ സംരക്ഷണം ഉറപ്പാക്കാൻ റിസർവ് ബാങ്ക് വീണ്ടും കര്‍ശന നടപടികൾ കൈക്കൊണ്ടേക്കും.
Related Articles
Next Story
Videos
Share it