Begin typing your search above and press return to search.
ഉപയോക്താക്കളെ അറിയിക്കാതെ മിനിമം ബാലന്‍സ് ചാര്‍ജ് ഈടാക്കി! കേരളത്തില്‍ നിന്നുള്ള ബാങ്കിന് പിഴചുമത്തി ആര്‍.ബി.ഐ
തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് പിഴയിട്ട് റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങളുടെ പലിശ നിരക്കിലും ബാങ്കിന്റെ കസ്റ്റമര്‍ സര്‍വീസിലും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 59.20 ലക്ഷം രൂപ പിഴ ഈടാക്കിയത്.
2023 മാര്‍ച്ച് 31ലെ സാമ്പത്തിക കണക്കുകള്‍മേല്‍ റിസര്‍വ് ബാങ്ക് നടത്തിയ നിയമപരമായ മൂല്യനിര്‍ണയ പരിശോധനയില്‍ ചില നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേട്ടീസ് നല്‍കിയിരുന്നു. ഇതിന് ബാങ്ക് സമര്‍പ്പിച്ച മറുപടിയും ഇതുമായി ബന്ധപ്പെട്ട് നടന്ന വ്യക്തിഗത ഹിയറിംഗും പരിഗണിച്ച ആര്‍.ബി.ഐ ബാങ്കിനെതിരെയുള്ള തെളിവുകള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തതിനെ തുടര്‍ന്ന് പിഴ ചുമത്തുകയായിരുന്നു.
മിനിമം ബാന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളെ എസ്.എം.എസ് മുഖേനയോ ഇ-മെയില്‍ വഴിയോ അറിയിക്കാതെ തന്നെ ഫീസ് ചുമത്തിയെന്നാണ് ആര്‍.ബി.ഐ പറയുന്നത്. എന്‍.ആര്‍.ഇ സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിലും സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിപ്പില്ലാതെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും ആര്‍.ബി.ഐ പറയുന്നു.
നിയമപരമായ മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നതിലുള്ള വീഴ്ചയെ അടിസ്ഥാനമാക്കി മാത്രമാണ് പിഴയെന്നും ഉപഭോക്താക്കളും ബാങ്കും തമ്മിലുള്ള ഇടപാടുകളുടേയോ കരാറുകളുടേയോ സാധുതയെ കുറിച്ച് പരമാര്‍ശിച്ചിട്ടില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചതിനുശേഷമാണ് ആര്‍.ബി.ഐയുടെ നടപടിയെ കുറിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അറിയിപ്പ് നല്‍കിയത്. ഇന്നലെ 1.52 ശതമാനം ഇടിഞ്ഞ് 24.01 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
Next Story
Videos