നാലാം വട്ടവും കടമെടുക്കാന്‍ സംസ്ഥാനം

ഓണത്തിന് മുന്നോടിയായി സംസ്ഥാനം വീണ്ടും വായ്പയെടുക്കുന്നു. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവര്‍ഡ്രാഫ്റ്റിലായതോടെയാണ് വീണ്ടും ആയിരം കോടി വായ്പയെടുക്കാന്‍ തീരുമാനിക്കുന്നത്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകാനിടയുണ്ടെന്ന കണക്കുകൂട്ടലിലാണ് കടമെടുപ്പ്. ഇതോടെ ജൂലായില്‍ മാത്രം എടുക്കുന്ന വായ്പ 5,500 കോടി രൂപയാവും. സാമൂഹ്യക്ഷേമ പെന്‍ഷന്റെ ഒരു മാസത്തെ കുടിശിക നല്‍കാന്‍ 870 കോടി അനുവദിച്ചു. ഇതിനും ഓവര്‍ഡ്രാഫ്റ്റ് മറികടക്കാനുമായി കഴിഞ്ഞയാഴ്ച 2000 കോടി വായ്പയെടുത്തിരുന്നു.

ഖജനാവില്‍ മിച്ചമില്ലാതായതോടെ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന നിത്യനിദാന വായ്പ കൊണ്ടാണ് സംസ്ഥാനം മുന്നോട്ടു പോയിരുന്നത്. പരമാവധി നിത്യനിദാന വായ്പാ തുകയായ 1,670 കോടി രൂപയാണ് ഓവര്‍ഡ്രാഫ്റ്റായി അനുവദിക്കുക. ഇത് രണ്ടും ചേര്‍ന്ന് 3,000 കോടിയിലേറെ രൂപ രണ്ടാഴ്ച കൊണ്ട് തിരിച്ചെത്തിയില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ പ്രതിസന്ധിയിലാകും. 2,000 കോടി രൂപ ഉടന്‍ കടമെടുത്ത് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്.

ശേഷിക്കുന്ന വായ്പ 2,890 കോടി മാത്രം

ശമ്പള പരിഷ്‌കരണം നടപ്പാക്കിയത് മുതല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി താളം തെറ്റിയ നിലയിലാണ്. ഇതിന്റെ കുടിശ്ശിക പോലും കൊടുത്തു തീര്‍ക്കാനായിട്ടില്ല. ഡി.എ പരിഷ്‌കരണങ്ങളും കുടിശ്ശികയാണ്. ലീവ് സറണ്ടര്‍ ആനുകൂല്യം പി.എഫിലേക്ക് മാറ്റി. ഈ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞതിന് ശേഷമേ അതെടുക്കാനാവൂ. ഈ വര്‍ഷം ഡിസംബര്‍ വരെ 15,390 കോടിയുടെ വായ്പയെടുക്കാനാണ് അനുമതി. ഇതില്‍ 12,500 കോടി എടുത്തു കഴിഞ്ഞു. ഇനി ഡിസംബര്‍ വരെ അഞ്ച് മാസത്തേക്ക് ശേഷിക്കുന്ന വായ്പ 2,890 കോടി മാത്രമാണ്. വരുമാന വര്‍ദ്ധനയ്ക്ക് ബജറ്റില്‍ നികുതികളും സേവന നിരക്കും കൂട്ടിയിട്ടും വേണ്ടത്ര പ്രയോജനം ചെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓണത്തിന് വേറെ കണ്ടെത്തണം
എന്നാല്‍, ഓണക്കാലത്തെ ചെലവുകള്‍ക്കായി ഭീമമായ തുക വേറെ കണ്ടെത്തേണ്ടി വരും. ഓണം ആഗസ്റ്റ് അവസാനമായതിനാല്‍ സെപ്തംബറിലെ ശമ്പളം മുന്‍കൂര്‍ നല്‍കേണ്ടി വരും. ഇതിനു പുറമെ, ഉത്സവ ബത്തയും ബോണസും കൂടി വരുന്നതോടെ ചെലവേറും. കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍, രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക എന്നിവയും ഇതോടൊപ്പം വിതരണം ചെയ്യേണ്ടതും വലിയ പ്രതിസന്ധി സൃഷ്ടിക്കും. വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം നല്‍കാനുള്ള സഹായധന കുടിശിക ഉടന്‍ നല്‍കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Next Story

Videos

Share it