ടാറ്റയുടെ മാതൃ കമ്പനിയും ഐ.പി. ഒയ്ക്ക്; ₹55,000 കോടി സമാഹരിക്കുമെന്ന് റിപ്പോര്‍ട്ട്

ടാറ്റ ഗ്രൂപ്പിന്റെ മുഖ്യകമ്പനിയായ ടാറ്റസണ്‍സിന്റെ അഞ്ച് ശതമാനം ഓഹരികള്‍ പ്രാരംഭ ഓഹരി വില്‍പ്പന വഴി വിറ്റഴിക്കാനൊരുങ്ങുന്നതായി കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് റിപ്പോര്‍ട്ട്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സണ്‍സിന്റെ ഓഹരി വില്‍പ്പന വഴി 55,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

റിസര്‍വ് ബാങ്ക് എന്‍.ബി.എഫ്.സികളുടെ അപ്പര്‍ ലെയര്‍ പട്ടികയിലാണ് ടാറ്റ സണ്‍സിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പര്‍ ലെയറില്‍ പെടുന്ന കമ്പനികള്‍ മൂന്ന് വര്‍ഷത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് നിബന്ധന ഉള്ളതിനാലാണ് ടാറ്റ സണ്‍സ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിനകം ഐ.പി.ഒ നടക്കും.
രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ സണ്‍സിന്റേത്. 2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലുത്. 2021ല്‍ നടന്ന പേയ്ടിഎമ്മിന്റെ 18,300 കോടി രൂപയുടെ ഐ.പി.ഒയെ ആണ് എല്‍.ഐ.സി മറികടന്നത്.
ടാറ്റ സണ്‍സ് ഐ.പി.ഒ നടന്നാല്‍ ഷാപ്പൂര്‍ജി പല്ലോന്‍ജി അവരുടെ 18.4 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തയാറായേക്കും. എന്നാല്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ ടാറ്റ സണ്‍സ് ഐ.പി.ഒയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍, മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ എന്നിവര്‍ക്ക് ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ താത്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിരനിരയായി കമ്പനികള്‍
ടാറ്റ ഗ്രൂപ്പില്‍ നിന്ന് നാല് കമ്പനികള്‍ കൂടി ഐ.പി.ഒ വിപണിയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നുണ്ട്. ബാറ്ററി സ്റ്റോറേജ് സ്ഥാപനമായ ടാറ്റ ഓട്ടോകോമ്പ്, ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റ്, ഏയ്‌റോസ്‌പേസ് മേഖലയിലുള്ള ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, സാറ്റലൈറ്റ് ടി.വി വിതരണ സ്ഥാപനമായ ടാറ്റ പ്ലേ എന്നിവയാണ് ഐ.പി.ഒയ്ക്കുള്ള നീക്കം നടത്തുന്നത്. ഇതില്‍ ബിഗ്ബാസ്‌കറ്റിന്റെ ഐ.പി.ഒ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെയുണ്ടാകുമെന്ന് കരുതുന്നു. കമ്പനി ലാഭത്തിലേക്ക് ചുവടുവച്ചു തുടങ്ങിയിട്ടുണ്ട്.
ടാറ്റ സണ്‍സിന് 41.5 ശതമാനം ഓഹരിയുള്ള ടാറ്റ പ്ലേയ്ക്ക് സെബിയുടെ അനുമതി നേരത്തെ തന്നെ ലഭിച്ചുകഴിഞ്ഞു. ഇനി തീയതി മാത്രം പ്രഖ്യാപിച്ചാല്‍ മതി.
ടാറ്റ ക്യാപിറ്റലും അധികം വൈകാതെ ഓഹരി വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Next Story

Videos

Share it