ആശ്വാസ നടപടി; 50 കോടി വരെയുള്ള സംരംഭത്തിന് താത്കാലിക കെട്ടിട നമ്പര്‍

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്തു. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.

കെ-സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ നമ്പർ താൽക്കാലിക കെട്ടിട നമ്പറായി പരിഗണിക്കും. ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്‌ പറഞ്ഞു.

കെ.സ്വിഫ്റ്റ് അക്നോളജ്മെന്റുള്ള സംരംഭങ്ങൾക്ക് മൂന്നുവർഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവർത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വർഷം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ആവശ്യമുള്ള അനുമതികൾ നേടിയാൽ മതി. എന്നാൽ വായ്പ നേടുന്നതിനുൾപ്പെടെ കെട്ടിടനമ്പർ ആവശ്യമായതിനാൽ കെ സ്വഫ്റ്റ് മുഖേന താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നത്. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഡോ.കെ.സി. സണ്ണി കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയംഭരണവകുപ്പും വ്യവസായവകുപ്പും സണ്ണി കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് വിജ്ഞാപനം.

കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്പറായിരിക്കും അതിന്റെ കാലാവധിവരെ താൽക്കാലിക കെട്ടിടനമ്പർ. മൂന്നു വർഷത്തിനുള്ളിൽ സ്ഥിര നമ്പർ നേടിയാൽ മതിയാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it