21 ലക്ഷം ഡയറക്റ്റര്‍മാരുടെ തിരിച്ചറിയല്‍ നമ്പര്‍ റദ്ദാകും

കമ്പനികളുടെ 21 ലക്ഷത്തോളം ഡയറക്റ്റര്‍മാരുടെ തിരിച്ചറിയല്‍ നമ്പറുകള്‍ റദ്ദാക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. പരിഷ്കരിച്ച know your customer നയങ്ങളില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതാണ് ഇതിന് കാരണം. ഇതിന് മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് കൊടുത്തിരുന്ന അവസാനതീയതി കഴിഞ്ഞ ശനിയാഴ്ചയോടെ അവസാനിച്ചു.

50 ലക്ഷത്തോളം ഡയറക്റ്റര്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതില്‍ 33 ലക്ഷത്തോളം പേര്‍ മാത്രമാണ് ആക്റ്റീവ് ഡയറക്റ്റര്‍മാര്‍ എന്നാണ് കണക്ക്. ഇതില്‍ തന്നെ പേരിന് മാത്രമുള്ള വലിയൊരു വിഭാഗം 'ഡമ്മി (ghost) ഡയറക്റ്റര്‍' മാരും ഉള്‍പ്പെടുന്നു. റദ്ദാക്കപ്പെട്ട ഡയറക്റ്റര്‍മാര്‍ യോഗ്യതകള്‍ പാലിക്കുന്നുണ്ടെങ്കില്‍ 5000 രൂപ ഫീസ് നല്‍കി വീണ്ടും രജിസ്ട്രേഷന് അപേക്ഷിക്കാം.

രജിസ്റ്റേര്‍ഡ് കമ്പനികളിലെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ നമ്പറാണ് ഡയറക്റ്റര്‍ ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍. സര്‍ക്കാരിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് യോഗ്യതയുള്ളവര്‍ക്കാണ് ഇത് നല്‍കുന്നത്. ഇതിനുള്ള മാനദണ്ഡം ഈയിടെ പരിഷ്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായെടുത്ത നടപടിയായിരുന്നു ഇത്. കമ്പനികളിലെ ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാരുടെ പേരുകള്‍ അവര്‍ പോലും അറിയാതെ കമ്പനി ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാണ്.

കൂടാതെ യാതൊരു വിധത്തിലുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളുമില്ലാതെ പേരിന് മാത്രം തുടങ്ങുന്ന 'ഷെല്‍ കമ്പനികള്‍' പല സാമ്പത്തിക തട്ടിപ്പുകളുടെയും കേന്ദ്രമായി മാറുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഷെല്‍ കമ്പനികളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത മൂന്ന് ലക്ഷത്തോളം കമ്പനികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഇവയുടെ മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഡയറക്റ്റര്‍മാരും അയോഗ്യരായി.

ഭൂരിപക്ഷം ഡയറക്റ്റര്‍മാരുടെയും പാന്‍ തിരിച്ചറിയല്‍ നമ്പറില്‍ ലിങ്ക് ചെയ്തിരുന്നു. അധാര്‍ നമ്പറും ലിങ്ക് ചെയ്യുന്നതും നിര്‍ബന്ധിതമാക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it