ഡിസംബറില്‍ ജി എസ് ടി കലക്ഷനിലെ റെക്കോര്‍ഡ് നേട്ടത്തിന്റെ കാരണങ്ങള്‍ ഇവയാണ്‌

ജി എസ് ടി കലക്ഷനില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് നേട്ടമാണ് 2020 ഡിസംബറിലുണ്ടായിരിക്കുന്നത്. 1.5 ലക്ഷം കോടി രൂപയാണ് ജി എസ് ടിയിലൂടെ വരുമാനമായി ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.


ഉത്സവ വില്‍പ്പനയും റിസ്റ്റോക്കിംഗും

ഡിസംബറില്‍ ജി എസ് ടി കലക്ഷന്‍ കുതിച്ചുയരുന്നതിന്റെ ഏറ്റവും അടിസ്ഥാന കാരണമായി കണക്കാക്കപ്പെടുന്നത് വിപണിയിലുണ്ടായ മുന്നേറ്റമാണ്. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ തന്നെ സാമ്പത്തികരംഗത്ത് ക്രമാനുഗതമായ വീണ്ടെടുക്കല്‍ നടക്കുന്നുണ്ട്. 2020 സെപ്റ്റംബര്‍ മുതല്‍ പ്രതിമാസ ജി എസ് ടി കലക്ഷന്‍ ഉയര്‍ന്നുവരികയായിരുന്നു. നവംബറിലെ ഉത്സവ വില്‍പ്പനയും ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ചില്ലറ വ്യാപാര മേഖല ഉണര്‍ന്നതും ഡിസംബറിലെ ജി എസ് ടി കലക്ഷന്‍ കുതിക്കാന്‍ കാരണമായി.
'ജി എസ് ടി കലക്ഷനിലെ തുടര്‍ച്ചയായ വര്‍ധനവ് സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിന് ആത്മവിശ്വാസം പകരുന്നതാണ്. വാണിജ്യ മേഖല പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യം തുടരുകയാണ് എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്' ഡിലോയ്ട്ട് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ എം.എസ് മണി പറഞ്ഞു.

ഇറക്കുമതി ജി എസ് ടിയിലെ വര്‍ധന

രാജ്യത്തിനകത്തുള്ള ഇടപാടുകളില്‍ എട്ട് ശതമാനം ജി എസ് ടിയാണ് വര്‍ധിച്ചതെങ്കില്‍ ഇറക്കുമതിയിനത്തില്‍ 27 ശതമാനത്തോളമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 2020 ഡിസംബറില്‍ ഇറക്കുമതിയില്‍ നിന്നുള്ള ജി എസ് ടി 27,050 കോടി രൂപയായിരുന്നു, 2019 ഡിസംബറില്‍ ഇറക്കുമതിയുടെ ജി എസ് ടിയേക്കാള്‍ (21,295 കോടി രൂപ) 6,000 കോടി രൂപ കൂടുതലാണിത്.
അതേസമയം ഇറക്കുമതി ജി എസ് ടിയിലുണ്ടായ വര്‍ധനവ് ആഗോളവിപണി സാധാരണഗതിയിലേക്കെത്തുന്നതായാണ് സൂചിപ്പിക്കുന്നതെന്ന് എം.എസ് മണി പറയുന്നു.
'കഴിഞ്ഞ കുറച്ചുമാസങ്ങളായി ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇടെപടലിലൂടെ അവ പരിഹരിക്കുകയും തുറമുഖങ്ങളില്‍ കുടുങ്ങിക്കിടന്ന സാധനങ്ങള്‍ രാജ്യത്ത് ഇറക്കാന്‍ അനമുതി ലഭിച്ചു' ശര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ലോ ഫേം പാര്‍ട്ണര്‍ രജത് ബോസ് പറഞ്ഞു.

ക്രമക്കേടുകള്‍ക്കെതിരായ കര്‍ശന നടപടി

കുറച്ചുമാസങ്ങളായി വിജിലന്‍സും നികുതി വകുപ്പും നടത്തുന്ന പരിശോധനകളും ജി എസ് ടിയുടെ ഉയര്‍ച്ചയ്ക്ക് കാരണമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നികുതി ഫയല്‍ ചെയ്യാത്തവര്‍ക്കെതിരേയും നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിച്ചത് ഈ മേഖലയിലുള്ളവരെ ജാഗരൂകരാക്കിയിട്ടുണ്ട്. ആറ് മാസത്തില്‍ കൂടുതല്‍ ജി എസ് ടി ആര്‍ 3 ബി ഫയല്‍ ചെയ്യാത്തതിനാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 1.63 ലക്ഷം രജിസ്‌ട്രേഷനുകളാണ് റദ്ധാക്കിയിട്ടുള്ളത്. ക്രമക്കേടുകള്‍ നടത്തിയ 164 തട്ടിപ്പുകാരെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി എസ് ടിയും സി ജി എസ് ടി കമ്മിഷണറേറ്റും കൂടി അറസ്റ്റ് ചെയ്തത്. കൂടാതെ 1768 കേസുകളും രജസിറ്റര്‍ ചെയ്തു.
2017-18, 2018-19 വര്‍ഷങ്ങളിലെ ജി എസ് ടി ഓഡിറ്റുകള്‍ ഇനിയും വലിയ രീതിയില്‍ ആരംഭിച്ചിട്ടില്ലെങ്കിലും നികുതി വെട്ടിപ്പുകാരെ പിടികൂടുന്നതിനുള്ള അന്വേഷണം കര്‍ശനമാക്കുന്നതാണ് ഈ വളര്‍ച്ചയുടെ കാരണമെന്ന് പി ഡബ്ല്യൂ സി ഇന്ത്യ പാര്‍ട്ണര്‍ പ്രതിക് ജെയ്ന്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it