25 ലക്ഷം ട്രക്കുകളില്‍ 85 % നിശ്ചലം; മേഖല അനിശ്ചിതത്വത്തില്‍
രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വന്നശേഷവും ഓടിത്തുടങ്ങാന്‍ കഴിയാതെ വാണിജ്യ വാഹനങ്ങളില്‍ 85 ശതമാനവും.
തളര്‍ന്ന സമ്പദ് വ്യവസ്ഥയുടെയും വ്യവസായ, വാണിജ്യ മേഖലയുടെയും നേര്‍ചിത്രമാണ് ലോക്ക്ഡൗണ്‍ വന്നപ്പോള്‍ മുതല്‍ സംസ്ഥാന, ദേശീയ പാതകളില്‍ ചലമനമറ്റു കിടക്കുന്ന ആയിരക്കണക്കിന് ട്രക്കുകള്‍
കാറുകള്‍ കൊണ്ടുപോയിരുന്ന 18,000 ട്രക്കുകളും ഇരുചക്രവാഹനങ്ങള്‍ കൊണ്ടുപോയിരുന്ന 20,000 ട്രക്കുകളും ഇതില്‍പ്പെടുന്നു. ഇന്ത്യയിലുടനീളമായുള്ള 25 ലക്ഷം വാണിജ്യ വാഹനങ്ങളില്‍ 15% മാത്രമേ ഓട്ടം പുനരാരംഭിച്ചിട്ടുള്ളൂ. ചരക്കുകളുടെ ഉല്‍പ്പാദനം നിലച്ചതും ആവശ്യകതയിലെ കുറവും ഉയര്‍ന്ന പ്രവര്‍ത്തന ചെലവുമെല്ലാം വാണിജ്യ വാഹന ബിസിനസിനെ ഗുരുതരമായാണ് ബാധിച്ചത്.
സിമന്റ്, സ്റ്റീല്‍, കാര്‍ കാരിയറുകളുടെ ആവശ്യകതയില്ലാത്ത സ്ഥിതിയാണ് ഇതുവരെയുള്ളത്. ഡ്രൈവര്‍മാരുടെ അഭാവവുമുണ്ടെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഓപ്പറേറ്റര്‍ മുകേഷ് ചേതക് പറഞ്ഞു.അദ്ദേഹത്തിന് 2,400 വലിയ ട്രക്കുകളാണുള്ളത്. ഫാര്‍മസ്യൂട്ടിക്കല്‍, എഫ്എംസിജി, അവശ്യവസ്തുക്കള്‍ എന്നിവ കടത്തുന്നത് ഒഴികെ മറ്റൊന്നിനും ചരക്ക് വാഹനങ്ങള്‍ വേണ്ട.ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമിത് ചന്ദവാര്‍ തന്റെ 2000 വാഹനങ്ങളുടെ 10-15 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് സമ്മതിച്ചു.
നിരവധി വന്‍കിട ഫ്‌ളീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇഎംഐ അടയ്ക്കാനാകുന്നില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഹനങ്ങള്‍ കെവശപ്പെടുത്തുമെന്നതാണവസ്ഥ. വായ്പ തിരിച്ചടയ്ക്കാനാകാതെ വാഹനം ഫിനാന്‍സിയര്‍മാരെ ഏല്‍പ്പിക്കുന്ന ധാരാളം ഉടമകളുമുണ്ട്. ഫിനാന്‍സിയര്‍മാരും എന്‍ബിഎഫ്സികളും തിരിച്ചെടുത്തതും പിടിച്ചെടുത്തതുമായ ഇത്തരം 50,000 ട്രക്കുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഡ്രൈവര്‍മാരുടെ അഭാവം മൂലം ഓടിക്കാനാകാത്തതും വാങ്ങാന്‍ ആളില്ലാത്തതുമാണ് പ്രശ്‌നം.
നിലവില്‍ റീട്ടെയില്‍ വായ്പാ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും ഉയര്‍ന്ന തിരിച്ചടവു വീഴ്ചയുള്ളത് വാണിജ്യ വാഹന വായ്പാ വിഭാഗത്തിലാണ്.
'സാമ്പത്തിക പ്രവര്‍ത്തനം എത്ര വേഗത്തില്‍ പുനരാരംഭിക്കുമെന്നതാണ് പ്രധാന കാര്യം. എങ്കിലേ ചരക്കു ഗതാഗതമുണ്ടാകൂ,'- സുന്ദരം ഫിനാന്‍സ് എംഡി ടി.ടി ശ്രീനിവാസരാഘവന്‍ പറഞ്ഞു.സാധാരണഗതിയില്‍, ഒരു ട്രക്ക് വായ്പ 3 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാണ്. അഞ്ചു വര്‍ഷത്തെ വായ്പയില്‍ 95-100% വരെ വരും ഫിനാന്‍സിയേഴ്‌സ് ഫണ്ട്.
വാഹനം തിരിച്ചെടുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഫിനാന്‍സിയര്‍മാര്‍ക്ക് മുന്നില്‍ അവശേഷിക്കുന്നില്ലെങ്കിലും ഡ്രൈവര്‍മാരെ ലഭിക്കാത്തതുള്‍പ്പെടെയുള്ള നിരവധി ബുദ്ധിമുട്ടുകള്‍ ഇതിന്റെ അനുബന്ധമായുണ്ടാകുമെന്ന് മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ സിഒഒ സുശീല്‍ രാത്തിയും യെസ് ബാങ്കിലെ സിവി ഫിനാന്‍സിംഗ് മേധാവി അനില്‍ മേനോനും പറഞ്ഞു. ഡ്രൈവര്‍മാര്‍ നാട്ടിലേക്കു പോയി മടങ്ങിവരാത്തതും റിട്ടേണ്‍ ലോഡിന്റെ അനിശ്ചിതത്വവും നിലവില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ നേരിടുന്ന പ്രധാന പ്രതിബന്ധങ്ങളാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ജോയിന്റ് പ്രസിഡന്റ് അമിത് മോഹന്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ് ബാങ്ക് വായ്പാ മൊറട്ടോറിയം സെപ്റ്റംബര്‍ വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുള്ളത് ഈ മേഖലയ്ക്ക് ആശ്വാസം പകരുന്നുവെന്ന് ധനകാര്യ വിദഗ്ധര്‍ പറഞ്ഞു. എന്‍ബിഎഫ്സിയില്‍ നിന്ന് വായ്പയെടുത്ത വാണിജ്യ വാഹന ഉടമകളില്‍ ഏകദേശം 90% പേരും സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 70% പേരും മൊറട്ടോറിയം തിരഞ്ഞെടുത്തു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline