ഐ.പി.ഒ ഡിമാന്‍ഡ് ഇടിവിന്റെ ഗതി മാറ്റാനുറച്ച് എല്‍ഐസി

കോവിഡും ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ അടിമുടി ഉലച്ചതോടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) രാജ്യത്ത് ഡിമാന്‍ഡ് ഇടിഞ്ഞെന്ന കണക്കുകള്‍ പുറത്തുവന്നത് എല്‍ഐസി ഓഹരി വിറ്റഴിക്കലിനെ ബാധിക്കുമെന്ന ആശങ്ക വിപണിയില്‍ ഉയരുന്നു. നിര്‍ദ്ദിഷ്ട ഐപിഒയ്ക്കു വേണ്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ നിയോഗിക്കാനുള്ള ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം ജൂണ്‍ 19 ന് പുറത്തിറക്കിയിരുന്നു.

ബിപിസിഎല്‍, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ നീക്കം തികഞ്ഞ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് ഐ.പി.ഒയ്ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇക്വിറ്റി പോര്‍ട്ട്ഫോളിയോയില്‍ പ്രവര്‍ത്തനരഹിതമായും കുറഞ്ഞ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനോടെയും തുടരുന്നവയെ സാവധാനം ഒഴിവാക്കുന്നത് ഈ ദൂരക്കാഴ്ചയോടെയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഇന്ത്യാ വിപണികളിലെ ഏറ്റവും വലിയ ഒറ്റ നിക്ഷേപകരായ എല്‍ഐസി ഉയര്‍ന്ന വിപണി മൂലധനങ്ങളുള്ളതും അറിയപ്പെടുന്നതുമായ കമ്പനികളുടെ മാത്രം ഓഹരികള്‍ കൈവശം വയ്ക്കാനാണു തുനിയുന്നത്.

പ്രൈം ഇന്‍ഫോബേസ് ഡാറ്റയുടെ വിശകലനം കാണിക്കുന്നത്, കഴിഞ്ഞ വര്‍ഷം എല്‍ഐസി 33 കമ്പനികളിലുള്ള ഓഹരി വിഹിതം പൂജ്യമോ ഒരു ശതമാനത്തില്‍ താഴെയോ ആക്കി കുറച്ചെന്നാണ്.ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയാക്കിയ 7 കമ്പനികളില്‍ പ്രീമിയര്‍ ലിമിറ്റഡ്, ഹെക്‌സ ട്രേഡെക്‌സ്, വെല്‍സ്പണ്‍ ഇന്‍വെസ്റ്റ്മെന്റ്‌സ്, കൊമേഴ്സ്യല്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു.

വലിയ കമ്പനികളില്‍ പുതുതായി നിക്ഷേപം തുടരുന്നുമുണ്ട് എല്‍ഐസി. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയില്‍ 28 കമ്പനികളില്‍ പുതിയ നിക്ഷേപം നടത്തുകയോ ഒരു ശതമാനത്തിന് മുകളില്‍ ഹോള്‍ഡിംഗ് ഉയര്‍ത്തുകയോ ചെയ്തു. ഇതില്‍ 16 കമ്പനികളില്‍ 10,000 കോടിയിലധികം വിപണി മൂലധനമുള്ളവയാണ്. ഒമ്പത് കമ്പനികള്‍ക്ക് 30,000 കോടിയിലധികം വിപണി മൂലധനമുണ്ട്. ഈ പാദത്തില്‍ എല്‍ഐസി യെസ് ബാങ്കിലും (8.06 ശതമാനത്തില്‍ നിന്ന് 1.64 ശതമാനം) ഡ്രെഡ്ജിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും (5.61 ശതമാനത്തില്‍ നിന്ന് 1.79 ശതമാനം) ഹോള്‍ഡിംഗ് ഗണ്യമായി കുറച്ചു.

എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ശ്രീ സിമന്റ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുള്‍പ്പെടെ 14 കമ്പനികളില്‍ പുതിയ നിക്ഷേപം നടത്തുകയോ ഒരു ശതമാനത്തിന് മുകളില്‍ വിഹിതം എത്തിക്കുകയോ ചെയ്തു.2020 നാലാം പാദത്തില്‍, എല്‍ഐസി നിക്ഷേപം നടത്തിയ 14 കമ്പനികളില്‍ ഒമ്പതിനും 10,000 കോടിയിലധികം വിപണി മൂലധനമുണ്ട്. ഇതു കൂടാതെ, റൈറ്റ്‌സ് ലിമിറ്റഡിലെ ഓഹരി നിക്ഷേപം 5.45 ശതമാനത്തില്‍ നിന്ന് 7.83 ശതമാനമാക്കി. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേത് 4.71 ശതമാനത്തില്‍ നിന്ന് 6.41 ശതമാനമായും വര്‍ദ്ധിപ്പിച്ചു.പ്രീമിയം ശേഖരണത്തോടൊപ്പം നിക്ഷേപ പോര്‍ട്ട്ഫോളിയോയും ഇന്‍ഷുറന്‍സ് കമ്പനികളുടെ കാര്യത്തില്‍ പ്രധാനമാണെന്ന് പ്രൈം ഡാറ്റാബേസ് എംഡി പ്രണവ് ഹാല്‍ദിയ പറഞ്ഞു.

അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷത്തെ (2020-21) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ വെറും നാല് കമ്പനികളേ ഐ.പി.ഒ വഴി ഓഹരി വിപണിയില്‍ എത്തിയുള്ളൂ എന്ന കണക്കുകളും പുറത്തുവന്നു. ഈ വര്‍ഷം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ പകുതിയോളവും നെഗറ്റീവ് റിസള്‍ട്ടാണ് ഇതുവരെ നിക്ഷേപകര്‍ക്ക് നല്‍കിയതെന്നതും പുതിയ ഐ.പി.ഒ നീക്കങ്ങള്‍ നിലയ്ക്കാനിടയാക്കി.

ചെറുകിട-ഇടത്തരം സംരംഭങ്ങളേ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രാരംഭ ഓഹരി വില്പനയ്ക്ക് തുനിഞ്ഞുള്ളൂ.ഏകദേശം 1,500 കോടി രൂപയാണ് നാലു കമ്പനികളും കൂടി സമാഹരിച്ചത്. പ്രാരംഭ ഓഹരി വില്പനയിലൂടെ കഴിഞ്ഞ വര്‍ഷം നിക്ഷേപക ലോകത്ത് വന്‍ തരംഗമുണര്‍ത്താന്‍ ഐആര്‍സിടിസിക്കും എസ്.ബി.ഐ കാര്‍ഡ്‌സിനും കേരളത്തില്‍ നിന്നുള്ള സിഎസ്ബി ബാങ്കിനും മറ്റും കഴിഞ്ഞിരുന്നു.

ലക്ഷ്മി ഗോള്‍ഡോര്‍ണ ഹൗസ്, നിര്‍മ്മിറ്റി റോബോട്ടിക്‌സ് ഇന്ത്യ , ബില്‍വിന്‍ ഇന്‍ഡസ്ട്രീസ്്, ഡിജെ മീഡിയപോയിന്റ് & ലോജിസ്റ്റിക്‌സ് എന്നിവയാണ് ജൂണ്‍ പാദത്തില്‍ ഐപിഒകളുമായി ഇറങ്ങിയതെന്ന് ഇ വൈ ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എംഇ വിഭാഗത്തില്‍ നിന്ന് യഥാക്രമം 14, 11 ഐപിഒകള്‍ 2019 ലെ രണ്ടാം പാദത്തിലും, 2020 ഒന്നാം പാദത്തിലും ഉണ്ടായിരുന്നു. 2020 രണ്ടാം പാദത്തിലെ ഐപിഒകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ (ബിഎസ്ഇ, എന്‍എസ്ഇ ) ലോകത്ത് ഏഴാം സ്ഥാനത്താണ്. അതിര്‍ത്തി കടന്നുള്ള ഡീലുകളില്ലായിരുന്നു.

വന്‍കിട കമ്പനികളൊന്നും ഈ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐ.പി.ഒയ്ക്ക് ശ്രമിച്ചില്ല. 2020ന്റെ ആദ്യ പകുതിയില്‍ (ജനുവരി-ജൂണ്‍) 17 കമ്പനികള്‍ ഐ.പി.ഒ നടത്തിയിരുന്നു. അതില്‍ എസ്.ബി.ഐ കാര്‍ഡ്‌സ് ഒഴികെയുള്ളവയെല്ലാം എസ്.എം.ഇകളാണ്. 755 രൂപയ്ക്ക് ഐ.പി.ഒ നടന്ന എസ്.ബി.ഐ കാര്‍ഡ്സ് സമാഹരിച്ചത് 7,571.10 കോടി രൂപയായിരുന്നു. മാര്‍ച്ച് 16നായിരുന്നു ഐ.പി.ഒ. തുടര്‍ന്നിങ്ങോട്ട് ഓഹരി വിലയിലുണ്ടായ ഇടിവ് 16.42 ശതമാനം. മാധവ് കോപ്പര്‍ (33.33 ശതമാനം), ചന്ദ്ര ഭഗത് ഫാര്‍മ (13.14 ), ട്രാന്‍വേ ടെക്നോളജീസ് (13.50), ജിയാന്‍ ലൈഫ് കെയര്‍(18.18 ), വലെന്‍സിയ ന്യൂട്രീഷന്‍ (11.41 ) എന്നിവ നെഗറ്റീവ് 10 ശതമാനത്തിനു മേല്‍ നഷ്ടം കുറിച്ചു.

2019ന്റെ ആദ്യപകുതിയില്‍ ഏഴ് വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ 35 കമ്പനികളാണ് ഐ.പി.ഒ വഴി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഈവര്‍ഷത്തെ ആദ്യ പകുതിയില്‍ ഓഹരി വിപണിയില്‍ എത്തിയത് 17 കമ്പനികള്‍. 16 കമ്പനികളും എസ്.എം.ഇകളാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it