കയറ്റുമതിയില്‍ കുതിപ്പ്; പുതുവര്‍ഷത്തില്‍ സാംസംഗിനെ വിഴുങ്ങാനൊരുങ്ങി ആപ്പിള്‍
നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി സാംസംഗിനെ മറികടന്നേക്കാം. ഇതോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയില്‍ ആപ്പിള്‍ ഒന്നാമനാകും. ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആപ്പിളിന്റെ കയറ്റുമതി വിഹിതം 2.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം സാംസംഗിന്റെ വിഹിതം 2.8 ബില്യണ്‍ ഡോളറാണ്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 5 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 2.2 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് 127 ശതമാനം ഉയര്‍ന്നു. ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ എന്നീ മൂന്ന് കമ്പനികളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 2021 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മൊത്തം കയറ്റുമതിയില്‍ ആപ്പിളിന്റെ വിഹിതം 10 ശതമാനമായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 50 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ 7.87 ബില്യണ്‍ ഡോളറില്‍ നിന്ന് 2022 ല്‍ 12.14 ബില്യണ്‍ ഡോളറായി. നിലവില്‍ മൊത്തം കയറ്റുമതിയുടെ 30 ശതമാനവും മൊബൈല്‍ ഫോണുകളാണ്. പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് കീഴില്‍ ആപ്പിളും, സാംസംഗും ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ട്.