ഭൂമി തരം മാറ്റല്‍: പണം തട്ടാന്‍ സ്വകാര്യ വ്യക്തികള്‍ രംഗത്ത്, വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികൃതര്‍

ഭൂമി സംബന്ധമായ ബിടിആര്‍ രേഖ തിരുത്താന്‍ സഹായിക്കാമെന്ന പേരില്‍ സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ബിടിആര്‍ രേഖ തിരുത്താന്‍ സഹായിക്കാമെന്ന അറിയിപ്പുമായി പരസ്യ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് എറണാകുളം ജില്ലാ കളക്റ്റര്‍ എസ് സുഹാസ് ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.

''പൂര്‍ണ്ണമായും സര്‍ക്കാര്‍ അധീനതയിലുള്ള രജിസ്റ്റാണ് ബി ടി ആര്‍. റവന്യും ഓഫീസുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭൂമി സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സുപ്രധാന രേഖയാണിത്. രേഖകളില്‍ മാറ്റം വരുത്താന്‍ സ്വകാര്യ സ്ഥാപനങ്ങളെയോ വ്യക്തികളെയോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല,'' കളക്റ്റര്‍ എസ് സുഹാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാലതാമസം തട്ടിപ്പിന് വളം വെയ്ക്കുന്നു

ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് കേരളത്തിലെ ആര്‍ ഡി ഒ, താലൂക്ക്, വില്ലേജ്, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.

ഭൂമി തരം മാറ്റുന്നത് 2008ലെ കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ്. ആര്‍ ഡി ഒ, താലൂക്ക് , വില്ലേജ്, കൃഷിഭവന്‍ തുടങ്ങിയ ഓഫീസുകളിലെ ഫയലുകളുടെ പരിശോധന, റവന്യു- കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധന, റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍, സര്‍വേ സബ് ഡിവിഷന്‍ നടപടികള്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ഭൂമി തരം മാറ്റുന്നത്. ഇതിന് ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഭൂവുടമകള്‍ നല്‍കേണ്ടത്. പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള നടപടിയാണ് ഭൂമി തരം മാറ്റല്‍. ഉടമകള്‍ നേരിട്ടല്ലാതെ ഇടനിലക്കാര്‍ വഴിയെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 20,000 രൂപ വരെ വാങ്ങിയാണ് ഇടനിലക്കാര്‍ തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനിരയാകുന്നവര്‍ പിന്നീട് പരാതിയുമായി രംഗത്തു വരുന്നതും കുറവാണ്.

സ്ഥലം വാങ്ങാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ടുവരുമ്പോഴാണ്, പണത്തിന് ആവശ്യമുള്ളവര്‍ ഇത്തരം ഇടനിലക്കാരുടെ സേവനം തേടാന്‍ നിര്‍ബന്ധിതരാകുന്നത്. പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫയലുകള്‍ നീങ്ങാതെ വരുമ്പോള്‍ പണം നല്‍കി കാര്യം നടത്താന്‍ ജനങ്ങളും നിര്‍ബന്ധിതരാകുന്നുണ്ട്.

കോവിഡ് മൂലം ഇപ്പോള്‍ പല സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പലപ്പോഴും പകുതിയിലും താഴെ മാത്രമാണ്. നിശ്ചിത എണ്ണം ടോക്കണുകള്‍ നല്‍കിയാണ് പല ഓഫീസുകളിലും ജനങ്ങളെ നിയന്ത്രിക്കുന്നതും. ഈ സാഹചര്യത്തില്‍ അത്യാവശ്യക്കാര്‍ ഇടനിലക്കാരെയും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരെയും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it