പുതുവർഷത്തിൽ ബാങ്കുകൾക്ക് സന്തോഷ വാർത്തയുമായി ആർബിഐ

2018 ഇന്ത്യയിലെ ബാങ്കുകൾക്ക് പ്രതിസന്ധികളുടെയും തിരിച്ചറിയലുകളുടേയും വർഷമായിരുന്നു. മുൻപെങ്ങും കാണാത്ത വിധം കിട്ടാക്കടം പെരുകിയതോടെ പല ബാങ്കുകളേയും വായ്പ നൽകുന്നതിൽ നിന്ന് ആർബിഐക്ക് വിലക്കേണ്ടി വന്നു. എന്നാൽ പുതുവർഷത്തിൽ പുറത്തിറങ്ങിയ ആർബിഐ റിപ്പോർട്ട് ബാങ്കുകൾക്ക് ശുഭപ്രതീക്ഷയേകുന്നതാണ്.

2019 മാർച്ച് ആകുമ്പോഴേക്കും കിട്ടാക്കടത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തേക്കാളും മെച്ചപ്പെട്ട നിലയിലാണിപ്പോൾ എൻപിഎ റേഷ്യോ. ഇത് മാർച്ച് പാദത്തിൽ ഇനിയും മെച്ചപ്പെടുമെന്ന് ആർബിഐ പറയുന്നു.

2018 സെപ്റ്റംബറിൽ കിട്ടാക്കട അനുപാതം (GNPA) 2018 മാർച്ചിലെ 11.5 ശതമാനത്തിൽ നിന്നും 10.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് 2019 മാർച്ച് ആകുമ്പോഴേക്കും 10.3 ശതമാനമാകുമെന്നാണ് ആർബിഐയുടെ സ്ട്രെസ് ടെസ്റ്റ് ഫലങ്ങൾ കാണിക്കുന്നത്.

അതേസമയം കണക്കുകൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും വിശ്രമിക്കാറായിട്ടില്ലെന്നാണ് ആർബിഐ ഗവർണർ ശക്തികാന്തദാസിന്റെ അഭിപ്രായം. കിട്ടാക്കടത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അത് വളരെ ഉയർന്ന നിലയിലാണ്.

ഐഎൽ & എഫ്എസിന്റേതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it