കോറോണ കര്‍വ് നികന്നു, വിപണിയില്‍ ആത്മവിശ്വാസം

കോവിഡ് 19 താറുമാറാക്കിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തിയതിന് തെളിവായി ചരക്കുസേവന നികുതി(ജി എസ് ടി) പിരിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1.13 ലക്ഷം കോടി രൂപയാണ് പോയ മാസത്തിലെ ജി എസ് ടി കളക്ഷന്‍. കോവിഡ് ബാധയെ തുടർന്ന് പിന്നോക്കം പോയ ജിഎസ്ടിവരുമാനം ‌ കഴിഞ്ഞ അഞ്ച് മാസങ്ങളായി തുടര്‍ച്ചയായി ഒരു ലക്ഷം കോടിയുടെ മുകളിലാണ്.

ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ 32,172 കോടിയിലേക്ക് ഇടിഞ്ഞ ജി എസ് ടി കളക്ഷന്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളെ മറികടന്ന് തിരിച്ചുവരവ് നടത്തിയത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നതിന് തെളിവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

കുത്തനെ ഉയര്‍ന്നു കൊണ്ടിരുന്ന രാജ്യത്തെ കൊറോണ കര്‍വ് സെപ്തംബര്‍ മധ്യത്തോടെ നികന്നതോടെയാണ് ഇന്ത്യയുടെ സാമ്പത്തിക നില തിരിച്ചുവരവ് കാണിച്ചു തുടങ്ങിയത് എന്ന് മിന്റ് ദിനപത്രത്തിലെ ഒരു വിശകലനം വ്യക്തമാക്കുന്നു.

കടകമ്പോളങ്ങള്‍ തുറക്കുകയും ഫാക്ടറികള്‍ തുറക്കുകയും ചെയ്തതോടെ ചരക്കുനീക്കം പുനരാരംഭിച്ചു. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിന് വ്യാജ ഇന്‍വോയ്‌സ് നല്‍കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി.

സെപ്തംബറിന് ശേഷം സാമ്പത്തിക രംഗം ഊര്‍ജസ്വലമായതും ഉല്‍പന്നങ്ങളുടെ വില വര്‍ധച്ചതും ജി എസ് ടി കളക്ഷന്‍ ക്രമാനുഗതമായി വര്‍ധിക്കാന്‍ ഇടയാക്കി. കോവിഡിനെക്കുറിച്ച് നിലനിന്ന ആശങ്കകള്‍ ഒഴിയുകയും ഉപഭോഗം പഴയ നിലവാരത്തിലേക്ക് കുതിക്കുകയും ചെയ്തു. രാജ്യത്തെ ഊര്‍ജോപഭോഗം സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഗണ്യമായി ഉയര്‍ന്നു. ഇറക്കുമതിയിലും കഴിഞ്ഞ മൂന്നു മാസമായി വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കാറുകളുടെ വില്‍പന, നിര്‍മാണം, ഇന്ധന ഉപഭോഗം എന്നിവയും സാമ്പത്തിക വീണ്ടെടുപ്പിന്റെ ചൂണ്ടുപലകയായി. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകള്‍ സജീവമാകുന്നതോടെ ജി എസ് ടി കളക്ഷന്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന് 'മിന്റ്' റിപ്പോര്‍ട്ട് ചെയ്തു..

ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ പകുതിയിലേറെയും സംഭാവന ചെയ്യുന്ന സേവന മേഖല ഫെബ്രുവരിയോടെ ഗിയര്‍ഷിഫ്റ്റ് നടത്തി മുന്നോട്ടു കുതിച്ചുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കോവിഡ് വാക്‌സിന്റെ വരവ് ഉണ്ടാക്കിയ ആത്മവിശ്വാസവും പുതിയ ഓര്‍ഡറുകള്‍ കൂടുതലായി ലഭിച്ചതും ഇതിന് കാരമായി. ജീവനക്കാരെ വെട്ടിക്കുറച്ചിടങ്ങളില്‍ പുതിയ സാധ്യതകള്‍ വന്നതോടെ തൊഴിലവസരങ്ങളുണ്ടായി.

വരും മാസങ്ങളില്‍ ജി എസ് ടി കളക്ഷനിലെ ഈ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്കുകടത്തിനുള്ള ഇ വേ ബില്ലുകള്‍ ഫെബ്രുവരിയില്‍ ദശലക്ഷമായി കുതിച്ചുയര്‍ന്നിട്ടുണ്ട്. മുന്‍ മാസത്തെ പണമിടപാടുകളുടെ ജി എസ് ടി കളക്ഷനുകള്‍ രേഖപ്പെടുത്തുന്നത് അടുത്ത മാസമായിരിക്കുമെന്നതിനാല്‍ ഫെബ്രുവരിയിലെ കളക്ഷനെ മാര്‍ച്ചിലെ കളക്ഷന്‍ മറികടക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍. സേവന മേഖല, എയര്‍ ട്രാവല്‍, ടൂറിസം മേഖലകളിലെ ഉണര്‍വ് കണക്കിലെടുക്കുമ്പോള്‍ വരുന്ന മാസം ജി എസ് ടി കളക്ഷന്‍ വളരെ ഉയര്‍ന്നതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എങ്കിലും ആശങ്കകള്‍ പൂര്‍ണമായും ഒഴിഞ്ഞുവെന്ന് ഈ കണക്കുകള്‍ അര്‍ഥമാക്കുന്നില്ല. ഉപഭോഗത്തിലെ ഉണര്‍വ് സമ്പദ് വ്യവസ്ഥയുടെ ക്രമാനുഗതമായ വീണ്ടെടുപ്പിന് കാരണമായിട്ടുണ്ടെങ്കിലും സ്വകാര്യ ധനവിനിയോഗത്തിന്റെ കാര്യത്തില്‍ വലിയ കുറവ് ദൃശ്യമാണ്. ഉപഭോഗാധിഷ്ഠിതമായ സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രവണതകള്‍ക്ക് ദീര്‍ഘകാലത്തേക്ക് നിലനില്‍പ്പുണ്ടാകില്ല. കോവിഡിന്റെ രണ്ടാം തരംഗം നിക്ഷേപ സാധ്യതകള്‍ക്ക് മേല്‍ ആശങ്ക പരത്തുന്നുണ്ട്. അതുപോലെ നാണയപ്പെരുപ്പത്തിലെ വര്‍ധന കേന്ദ്ര ബാങ്കുകളെ കടുത്ത ധനനയത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചേക്കാം. ക്രൂഡ് ഓയിലില്‍ അടക്കമുള്ള ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനയാണ് വിലക്കയറ്റത്തിന്റെ സമ്മര്‍ദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ സ്വകാര്യ നിക്ഷേപം കൂടുതലായി വരുമെന്ന് പ്രതീക്ഷിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it