ബജറ്റിന് മുമ്പേ ഞെരുങ്ങി കേരള ഖജനാവ്; കുടിശികഭാരം ₹47,000 കോടിക്കടുത്ത്, കടമെടുക്കാന്‍ ബാക്കി ₹1,000 കോടി

രണ്ടാം പിണറായി സര്‍ക്കാരിന്റെ 2024-25 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കുകയെന്ന ശ്രമകരമായ ദൗത്യം. ഫെബ്രുവരി 5നാണ് ബജറ്റ്.

സംസ്ഥാന സര്‍ക്കാര്‍ വിവിധ ഇനങ്ങളിലായി വീട്ടാനുള്ള കുടിശിക മാത്രം നിലവില്‍ 47,000 കോടി രൂപയ്ക്കടുത്തായി കഴിഞ്ഞു. ഇതില്‍ 6,790 കോടി രൂപ ശമ്പള, പെന്‍ഷന്‍ കുടിശികയാണ്. 12,696 കോടി രൂപ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കുടിശിക.

Also Read : ശേഷിക്കുന്ന 1,100 കോടി കൂടി കടമെടുക്കാന്‍ കേരളം; അതോടെ 'വായ്പാപ്പെട്ടി' കാലിയാകും!
നെല്ല് സംഭരിച്ച വകയില്‍ 673 കോടി രൂപ വീട്ടാനുണ്ട്. 3,600 കോടി രൂപയാണ് ക്ഷേമപെന്‍ഷന്‍ കുടിശിക. പദ്ധതിച്ചെലവുകള്‍ക്കായി കരുതേണ്ടത് 19,000 കോടിയോളം രൂപയുമാണ്. കുടിശിക ഭാരം വീട്ടണമെന്നത് മാത്രമല്ല, സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി തുക ഉറപ്പാക്കുകയെന്ന വെല്ലുവിളി ബജറ്റിന് മുമ്പേ തന്നെ നേരിടേണ്ട സ്ഥിതിയിലാണ് ധനമന്ത്രി.
കടമെടുക്കാന്‍ ശേഷിക്കുന്നത് ₹1,000 കോടി
ഈ മാസാദ്യം 800 കോടി രൂപ കേരളം കടമെടുത്തിയിരുന്നു. നടപ്പു സാമ്പത്തികവര്‍ഷം (2023-24) അവസാനിക്കാന്‍ രണ്ടുമാസം കൂടി ബാക്കിനില്‍ക്കേ, കേരളത്തിന് ഇനി കടമെടുക്കാന്‍ ആകെ ശേഷിക്കുന്നത് 1,000 കോടിയോളം രൂപ മാത്രമാണ്.
കിഫ്ബിയും പെന്‍ഷന്‍ ഫണ്ടും എടുത്ത കടങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമായി പരിഗണിക്കുന്നത് തത്കാലം ഒരുവര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതോടെ നടപ്പുപാദത്തില്‍ (ജനുവരി-മാര്‍ച്ച്) 7,000 കോടി രൂപ കടമെടുക്കാനുള്ള വഴി തെളിഞ്ഞിരുന്നു. എന്നാല്‍, തുടര്‍ന്ന് മലക്കംമറിഞ്ഞ കേന്ദ്രം പരമാവധി 3,838 കോടി രൂപയേ കടമെടുക്കാനാകൂ എന്ന് വ്യക്തമാക്കിയത് കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയായിരുന്നു. പുതുക്കിയ ഈ പരിധിയില്‍ നിന്ന് 2,000 കോടി രൂപ മുന്‍കൂറായി തന്നെ കേരളം കടമെടുത്തിരുന്നു. 800 കോടി രൂപ ഈ മാസാദ്യവും എടുത്ത പശ്ചാത്തലത്തിലാണ് ഇനി 1,000 കോടി രൂപ മാത്രം ശേഷിക്കുന്നത്.
ട്രഷറി നീക്കിയിരിപ്പില്‍ നിന്ന് 4,000 കോടി രൂപ കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനും കഴിഞ്ഞദിവസം കേന്ദ്രം തടയിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റിന്റെ പ്രതിസന്ധി
സംസ്ഥാന ജി.ഡി.പിയുടെ (GSDP) മൂന്ന് ശതമാനം കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം കേരളത്തിന് നടപ്പുവര്‍ഷം 32,400 കോടി രൂപ പൊതുവിപണിയില്‍ നിന്ന് കേരളത്തിന് കടമെടുക്കാമായിരുന്നു. എന്നാല്‍ കിഫ്ബിയും പെന്‍ഷന്‍ ഫണ്ടുമെടുത്ത കടങ്ങള്‍ സര്‍ക്കാരിന്റെ തന്നെ കടമായി പരിഗണിച്ച്, കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു.
ഇതേ നിലപാട് കേന്ദ്രം അടുത്തവര്‍ഷവും (2024-25) തുടരാനാണ് സാധ്യതകള്‍. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം ബജറ്റ് അവതരിപ്പിക്കേണ്ടത് എന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it