'അന്നദാതാവി'ന് ഗുണമുള്ള ബജറ്റ്; പി.എം കിസാന്‍ കൂട്ടാത്തതില്‍ നിരാശ, സബ്‌സിഡിയും വെട്ടിക്കുറച്ചു

സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന കാര്യങ്ങളാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലുള്ളതെന്ന് സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്റ്റര്‍ ശിവദാസ് ബി മേനോന്‍. ''കൃഷിക്കാരെ അന്നദാതാ എന്ന് വാക്കില്‍ വിശേഷിപ്പിച്ചത് തന്നെ അവരോടുള്ള സര്‍ക്കാരിന്റെ മനോഭാവം പ്രകടിപ്പിക്കുന്നതായി. ദരിദ്രകോടികളെ ശാക്തീകരിക്കാനുള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയുടെ യഥാര്‍ത്ഥ പ്രശ്നം തിരിച്ചറിഞ്ഞുള്ള നീക്കങ്ങള്‍ ഇവയെല്ലാം കര്‍ഷകര്‍ക്ക് ഗുണം ചെയ്യും,'' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിള നഷ്ടം കുറയ്ക്കാന്‍ ഊന്നല്‍

കര്‍ഷകരുടെ ഏറ്റവും വലിയ ദുരിതം അവരുടെ വിളകള്‍, വിളവെടുപ്പിന് ശേഷം വിപണിയിലെത്തും മുമ്പെ നശിച്ചുപോകുന്നതും വിലയില്ലാതാകുന്നതുമാണ്. അത് കുറയ്ക്കാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ടെന്നത് ആശ്വാസമാണ്. അതുപോലെ മൈക്രോ ഫുഡ് പ്രോസസിംഗ് യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇവയ്ക്കെല്ലാമുള്ള ബജറ്റ് വിഹിതമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കില്‍ പോലും കര്‍ഷക സമൂഹത്തിന് ഗുണകരമാകുന്ന കാര്യമാണ്.

വിളവെടുപ്പിന് ശേഷമുള്ള വിളകളുടെ കൈകാര്യം ചെയ്യല്‍, അവയുടെ സംഭരണം, സ്ംസ്‌കരണം തുടങ്ങിയ രംഗത്ത് പബ്ലിക് പ്രൈവറ്റ് പങ്കാളിത്തം കൊണ്ടുവരുമെന്നുള്ള നിര്‍മല സീതാരാമന്റെ പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് നേട്ടമാകും. എണ്ണക്കുരു ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നാളികേര മേഖലയ്ക്കാവും അതിന്റെ മെച്ചം കിട്ടുക. വളം സബ്സിഡി 13 ശതമാനം കുറച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഭക്ഷ്യ സബ്സിഡി 3 ശതമാനം കുറച്ചു.

ക്ഷീരകര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നമാണ് കാലികളെ ബാധിക്കുന്ന കുളമ്പുരോഗം. ഈ രോഗബാധയെ നിയന്ത്രണ വിധേയമാക്കാനും ചെറുക്കാനും കര്‍ഷകര്‍ക്ക് പിന്തുണയാകുന്ന ഒരു സമഗ്ര പദ്ധതി കൊണ്ടുവരുമെന്നും പറഞ്ഞിട്ടുണ്ട്. ഇതും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഗുണം ചെയ്യും.മത്സ്യോല്‍പ്പാദനം ഇരട്ടിയാക്കാനുള്ള പദ്ധതികളും സമൂഹത്തിലെ സാധാരണക്കാരായ മീന്‍പിടുത്തക്കാര്‍ക്കും ആ മേഖലയെ ഉപജീവനമാര്‍ഗമായി കാണുന്നവര്‍ക്കുമെല്ലാം ഉപകാരപ്പെടും.

കണക്കുകള്‍ പറയുന്നത്

വളം സബ്സിഡിക്കായി 1,75,100 കോടി രൂപയയാണ് 2024 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റ് എസ്റ്റിമേറ്റ് ഇട്ടത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 1,88,894 കോടിയാണ്. എന്നാല്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റ് എസ്റ്റിമേറ്റ് 1,64,000 കോടി രൂപയാണ്. നേരിയ കുറവ് ഇതില്‍ കാണാം.

ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് സ്ഥാനമുണ്ടെന്ന് ബജറ്റ് വിഹിതം സൂചിപ്പിക്കുന്നു. 1,97,350 കോടി രൂപയായിരുന്നു ആദ്യ ബജറ്റ് എസ്റ്റിമേറ്റ്. തുടര്‍ന്ന് ഇത് 2,12,332 കോടി രൂപയായി പുതുക്കി. 2025 ലെ ബജറ്റ് എസ്റ്റിമേറ്റ് 2,05,250 കോടി രൂപയാണ്. കാര്‍ഷിക-അനുബന്ധ മേഖലകശുടെ കാര്യത്തില്‍ 2024 സാമ്പത്തിക വര്‍ഷത്തേക്ക് ബജറ്റ് എസ്റ്റിമേറ്റ് ഇട്ടത് 1,44,214 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റില്‍ ഇത് 1,40,533 കോടി രൂപയിലേക്ക് നേരിയ തോതില്‍ കുറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് 1,46,819 കോടി രൂപയാണ് ബജറ്റ് എസ്റ്റിമേറ്റ്.

എഴുതി തള്ളല്‍ ആശ്വാസം

പി.എം കിസാന്‍ തുക 6000 ത്തില്‍ നിന്ന് 12000 രൂപ ആക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായി. കാരണം ഈ തുക സാധാരണക്കാരായ ആളുകളെ ബാങ്ക് എക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നതാണ്. അവര്‍ക്ക് കുറച്ച് തുക അധികം വന്നാല്‍ അത് വിപണിയിലേക്ക് തന്നെ തിരിച്ചുവരും. പാവപ്പെട്ടവര്‍ക്ക് പണം കൊടുത്താല്‍ നാട്ടില്‍ അത് നല്ല തോതില്‍ ക്രയവിക്രയം ചെയ്യപ്പെടും. അവരുടെ ജീവിതത്തില്‍ കുറച്ചുകൂടി സന്തോഷം വരും.

കൃഷി ഒരു സ്റ്റേജ് സബ്ജറ്റാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തിലെ കര്‍ഷകര്‍ക്ക് കിട്ടാന്‍ രാഷ്ട്രീയ ഭിന്നത മാറ്റിവെച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പരമാവധി വിഹിതം വാങ്ങിയെടുക്കണം.

നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കൈവശം വലിയ ഫണ്ടും മികച്ച പദ്ധതികളും ഒക്കെയുണ്ട്. അത് നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.

കേരളത്തിലെ സമ്പദ്‌വ്യവസ്ഥ ശക്തിപ്രാപിക്കാനും നല്ല വഴി കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നത് തന്നെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലഭിക്കാവുന്ന മികച്ച കാര്യങ്ങളാണ് കര്‍ഷകര്‍ക്കായി ബജറ്റിലുള്ളതെന്ന് ശിവദാസ് ബി മേ്നോന്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Next Story

Videos

Share it