Begin typing your search above and press return to search.
കാശ് തന്നെ രാജാവ്! രാജ്യത്ത് എ.ടി.എം പണം പിന്‍വലിക്കല്‍ കൂടി; കേരളത്തില്‍ കുറഞ്ഞു
ഡിജിറ്റല്‍ പണമിടപാടുകളുടെ സ്വീകാര്യത വര്‍ധിച്ചിട്ടും ഇന്ത്യയില്‍ കറന്‍സി നോട്ടുകളോടുള്ള പ്രിയത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് കണക്കുകള്‍. രാജ്യത്ത് എ.ടി.എമ്മുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 5.51 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് കാഷ് ലോജിസ്റ്റിക്‌സ് സ്ഥാപനമായ സി.എം.എസ് ഇന്‍ഫോസിസ്റ്റംസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഉത്പന്ന/സേവനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവാക്കലിനായി 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള ശരാശരി പിന്‍വലിക്കല്‍ 1.35 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ അത് 1.43 കോടി രൂപയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലിന്റെ പ്രതിമാസ ശരാശരി വളര്‍ച്ചാനിരക്ക് 7.23 ശതമാനമായിരുന്നു. 2023-24ലെ 12 മാസങ്ങളില്‍ പത്തിലും നിരക്ക് ഇതിന് മുകളിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും മുന്നില്‍ കര്‍ണാടക
രാജ്യത്ത് എ.ടി.എം പണം പിന്‍വലിക്കലില്‍ ഏറ്റവും മുന്നില്‍ കര്‍ണാടകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കര്‍ണാടകയുടെ വാര്‍ഷിക ശരാശരി പണം പിന്‍വലിക്കല്‍ 1.83 കോടി രൂപയാണ്. 1.82 കോടി രൂപയുമായി ഡല്‍ഹി രണ്ടാമതും 1.62 കോടി രൂപയുമായി ബംഗാള്‍ മൂന്നാമതുമാണ്.
അതേസമയം, കഴിഞ്ഞവര്‍ഷത്തെ വളര്‍ച്ചാനിരക്കില്‍ മുന്നില്‍ ഡല്‍ഹിയാണ്. 22.30 ശതമാനമാണ് ഡല്‍ഹി കുറിച്ച വളര്‍ച്ച. 17 ശതമാനം വളര്‍ച്ചയുമായി തമിഴ്‌നാടാണ് രണ്ടാമത്.
Also Read : നോട്ട് നിരോധനം ഏശിയില്ല, കറൻസി പ്രചാരം മേലോട്ട്
Also Read : നോട്ട് നിരോധനം ഏശിയില്ല, കറൻസി പ്രചാരം മേലോട്ട്
2022-23ല്‍ ഡല്‍ഹിയിലെ ശരാശരി പണം പിന്‍വലിക്കല്‍ 1.49 കോടി രൂപയായിരുന്നെങ്കില്‍ 2023-24ല്‍ അത് 1.82 കോടി രൂപയിലെത്തി. 1.33 കോടി രൂപയില്‍ നിന്ന് 1.56 കോടി രൂപയായാണ് തമിഴ്‌നാടിന്റെ വളര്‍ച്ച.
കേരളത്തില്‍ താഴേക്ക്
അതേസമയം, രാജ്യത്തെ പൊതുവേയുള്ള ട്രെന്‍ഡിന് വിപരീതമായ കണക്കാണ് കേരളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറിച്ചത്. 2022-23ലെ ശരാശരി പണം പിന്‍വലിക്കല്‍ തുകയായ 1.34 കോടി രൂപയില്‍ നിന്ന് സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം തുക 1.29 കോടി രൂപയായി കുറഞ്ഞു.
മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും എ.ടി.എം പിന്‍വലിക്കല്‍ കുറയുകയാണുണ്ടായത്.
യു.പി.ഐക്ക് നേരിയ ക്ഷീണം
ഓരോ മാസവും റെക്കോഡ് പുതുക്കി കുതിക്കുന്ന യു.പി.ഐ പണമിടപാടുകള്‍ കഴിഞ്ഞമാസം കുറിച്ചത് നേരിയ നഷ്ടം. 1,330 കോടി യു.പി.ഐ ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നത്. മാര്‍ച്ചില്‍ ഇടപാടുകള്‍ 1,340 കോടിയായിരുന്നു. കഴിഞ്ഞമാസം ഇടിവ് 0.7 ശതമാനം.
ഇടപാടുകളുടെ മൊത്തം മൂല്യം ഒരു ശതമാനവും കുറഞ്ഞുവെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) കണക്ക് വ്യക്തമാക്കി. മാര്‍ച്ചിലെ 19.8 ലക്ഷം കോടി രൂപയില്‍ നിന്ന് 19.6 ലക്ഷം കോടി രൂപയിലേക്കാണ് കുറഞ്ഞത്.
Next Story
Videos