സാമ്പത്തിക നയങ്ങൾ കേന്ദ്രം പൊളിച്ചെഴുതിയേക്കും- ഡോ. ബി.എ. പ്രകാശ്

ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തകർച്ചയിലാണ് ഇന്ത്യൻ സമ്പദ്ഘടന. എല്ലാ മേഖലകളിലും സാമ്പത്തിക മരവിപ്പ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെ മറി കടക്കണമെന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ വലിയൊരു മാറ്റം അനിവാര്യമാണ്. പുതിയ ബജറ്റിൽ നമുക്ക് അത്തരം മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വ്യവസായ ഉൽപാദന വളർച്ചാ നിരക്ക് നെഗറ്റീവ് ഗ്രോത്തോടെ പൂജ്യത്തിന് താഴെയാണ്. വ്യവസായ രംഗത്തെ ഈ തകർച്ച മാറ്റാൻ സഹായകരമായ നികുതി, വായ്പ എന്നിവക്ക് പുറമേ സമസ്ത മേഖലകളിലെയും ഡിമാൻഡും ഉപഭോഗവും വർദ്ധിപ്പിക്കാൻ സഹായകരമായ സാമ്പത്തിക പരിഷ്ക്കാരങ്ങളും നയങ്ങളും ബജറ്റിൽ ഉണ്ടായേക്കും.

ഇന്ത്യയിലെ തൊഴിലാളികളിൽ 80 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നത്. ആ മേഖലയിലെ തളർച്ച മാറ്റി ഉണർവ്വ് പകരാനുള്ള പരിഷ്ക്കാരങ്ങളും പ്രതീക്ഷിക്കാം. സർക്കാരിന്റെ അതിരുവിട്ട കമ്പോളവൽക്കരണമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. അതിനാൽ എല്ലാ മേഖലകളിലും സർക്കാരിന്റെ ഇടപെടൽ അത്യാവശ്യമായിരിക്കക്കയാണ്.

ഏറ്റവും വലിയ തൊഴിൽ മേഖലകളായ മോട്ടോർ വൃവസായത്തെയും കെട്ടിട നിർമ്മാണത്തെയും പൂർവ്വസ്ഥിതിയിൽ കൊണ്ടുവരാനുള്ള സാമ്പത്തിക നടപടികളും ബജറ്റിൽ പ്രതീക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ ധനകമ്മി സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ വളരെ വലുതായിരിക്കുന്നു. മികച്ച ഉത്തേജക പാക്കേജുകൾ കൊണ്ടുവരാൻ കഴിയാത്തത് അതുകൊണ്ടാണ്. അതിനാൽ വിവിധ മാർഗങ്ങളിലുടെ കൂടുതൽ ധനസമാഹരണത്തിന് സർക്കാർ തയ്യാറാവുകയും കൂടുതൽ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം നീക്കങ്ങളും ബജറ്റിൽ നമുക്ക് പ്രതീക്ഷിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it