Begin typing your search above and press return to search.
പിഴ വരുമാനത്തില്‍ 'ഞെട്ടിച്ച്' സെന്‍ട്രല്‍ റെയില്‍വേ; പിരിച്ചെടുത്തത് പ്രതീക്ഷിച്ചതിലും ഏറെ
ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ ചരക്കുകൂലിയും ടിക്കറ്റ് വരുമാനവുമാണ്. പഴയ ആക്രി സാധനങ്ങള്‍ വില്‍പന നടത്തിയും റെയില്‍വേ സ്റ്റേഷനുകളിലെ ഷോപ്പുകള്‍ വാടകയ്ക്ക് നല്‍കിയും റെയില്‍വേ വരുമാനം കണ്ടെത്തുന്നു.
ഇതിനൊപ്പം തന്നെ വരുമാനത്തിന്റെ ഒരു വിഹിതം അവര്‍ കണ്ടെത്തുന്നത് ഫൈന്‍ ഇനത്തിലാണ്. കോടികളാണ് ഓരോ വര്‍ഷവും പിഴശിക്ഷയുടെ രൂപത്തില്‍ റെയില്‍വേയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ ഫൈനില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ ആണ്.
300 കോടി രൂപയാണ് ഫൈനായി മാത്രം അവര്‍ക്ക് ലഭിച്ചത്. ആകെയുള്ള 16 സോണുകളില്‍ ഫൈന്‍ പിരിച്ചെടുത്തതില്‍ സെന്‍ട്രല്‍ സോണ്‍ തന്നെയാണ് മുന്നില്‍. മുംബൈ, നാഗ്പൂര്‍, പൂനെ, സോളാപൂര്‍, ബുസാവാള്‍ എന്നിവയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ വരുന്ന ഡിവിഷനുകള്‍. 2023-24 സാമ്പത്തികവര്‍ഷം 46.26 ലക്ഷം കേസുകളാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെയോ ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടുപോയതിനോ എടുത്തത്.
പിഴവരുമാനത്തില്‍ വളര്‍ച്ച 12 ശതമാനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 265.97 കോടി രൂപ പിഴയിനത്തില്‍ പിരിച്ചെടുക്കാനായിരുന്നു പദ്ധതിയിട്ടത്. 12.80 ശതമാനം വളര്‍ച്ച ഇക്കാര്യത്തില്‍ നേടാന്‍ സാധിച്ചു. സെന്‍ട്രല്‍ റെയില്‍വേയുടെ മുംബൈ ഡിവിഷനാണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്.
20.56 ലക്ഷം കേസുകളില്‍ നിന്ന് 115.29 കോടി രൂപ പിഴയായി മുംബൈ ഡിവിഷന്‍ പിരിച്ചെടുത്തു. ബുസാവാള്‍ ഡിവിഷനാണ് 66.33 കോടി രൂപയുമായി രണ്ടാംസ്ഥാനത്ത്. 22 ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു കോടിയിലധികം രൂപ വീതം ഫൈനായി പിരിച്ചെടുത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം വരുമാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ റെക്കോഡിട്ടിരുന്നു. 2.56 ലക്ഷം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി രൂപയായിരുന്നു.
ചരക്കുനീക്കത്തില്‍ നിന്ന് മാത്രം 1,591 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ അഞ്ചു ശതമാനം കൂടുതലാണിത്. കല്‍ക്കരി നീക്കത്തിലൂടെ വന്‍ വരുമാനമാണ് ഇന്ത്യന്‍ റെയില്‍വേ നേടുന്നത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 787.6 മെട്രിക് ടണ്‍ കല്‍ക്കരിയാണ് റെയില്‍വേ മുഖേന വിവിധയിടങ്ങളില്‍ എത്തിയത്.
റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം 7,188 കിലോമീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയായി. പ്രതിദിനം 14.5 കിലോമീറ്റര്‍ വൈദ്യുതീകരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6,565 കിലോമീറ്റര്‍ ദൂരമാണ് വൈദ്യുതീകരിച്ചതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.
Next Story
Videos