കേന്ദ്ര സർക്കാർ ജി എസ് ടി നിയമം ലംഘിച്ചു , 47,272 കോടി രൂപ വകമാറ്റി ചെലവിട്ടു

കേന്ദ്ര സര്‍ക്കാര്‍ ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം ലംഘിച്ചതായി സി.എ.ജി. റിപ്പോര്‍ട്ട്. നഷ്ടപരിഹാരത്തുകയായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമയിട്ടുള്ളത്. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ ഈ സുപ്രധാനമായ നിഗമനം. 2017-18 , 2018-19 സാമ്പത്തിക വര്‍ഷമാണ് സര്‍ക്കാര്‍ നിയമം ലംഘിച്ചത്. സി.എഫ്.ഐയില്‍ (കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍) 47,272 കോടി രൂപ നിലനിര്‍ത്തുകയും പിന്നീട് ഈ തുക മറ്റാവശ്യങ്ങള്‍ക്കായി ഈ കാലയളവില്‍ വിനിയോഗിക്കുകയുമായിരുന്നു.

എന്നാല്‍ കേന്ദ്രത്തിന്റെ വീഴ്ചയല്ല മറിച്ച് കോമ്പന്‍സേഷന്‍ ഫണ്ടില്‍ തുകയില്ലാത്തതാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നത് എന്നുമായിരുന്നു ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന. അതേസമയം കോമ്പന്‍സേഷന്‍ ഫണ്ടിലേയ്ക്ക് പണം എത്താത്തത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ വീഴ്ച കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സിഎജി.

കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലെന്നും പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചത്. ഇതനുസരിച്ച് വായ്പയെടുക്കാനുള്ള ധാരണയില്‍ 21 സംസ്ഥാനങ്ങള്‍ സമ്മതവുമായി മുന്നോട്ട് വന്നിട്ടുമുണ്ട്.

ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ പിരിക്കുന്ന നികുതിതുക സിഎഫ്ഐയിലേയ്ക്കായിരിക്കും ആദ്യം എത്തുക. നികുതി വകുപ്പ് സിഎഫ്ഐയില്‍ നിന്ന് തുക കോമ്പന്‍സേഷന്‍ അകൗണ്ടിലോട്ട് മാറ്റണം. ഇങ്ങനെ മാറ്റുന്ന തുക ജിഎസ്ടി കോമ്പന്‍സേഷന്‍ സെസ് ആക്ട് 2017 പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കുന്നതാണ് രീതി. എന്നാല്‍ ഇതിന് മുതിരാതെ തുക സിഎഫ്ഐയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വകമാറ്റിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. നിയമ ലംഘനമാണിതെന്നും വ്യക്തമാകുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it