ജി.ഡി.പി.യില്‍ നേരിയ വളര്‍ച്ച നേടി ചൈന

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെയും വന്‍ ആഘാതം ഏറ്റു വാങ്ങിയതിന്റെയും ക്ഷീണത്തില്‍ നിന്ന് ചൈനയിലെ സമ്പദ് വ്യവസ്ഥ കരകയറുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.പഴയ രീതിയിലുള്ള ജിഡിപി വളര്‍ച്ചയിലേക്ക് എത്തണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെങ്കിലും വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ മികച്ച സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ചൈനയ്ക്ക്.

ഇന്ത്യയിലെ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം പോലുള്ള പുതിയ വെല്ലുവിളികള്‍ തരണം ചെയ്യാനാവുമോയെന്ന കാര്യത്തില്‍ കനത്ത ആശങ്കയും ചൈനയില്‍ പടരുന്നുണ്ട്.അതേസമയം, ഐസിആര്‍എ റേറ്റിംഗ് ഏജന്‍സിയുടെ ഏറ്റവും പുതിയ പ്രവചന പ്രകാരം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഈ വര്‍ഷം 9.5% സങ്കോചമുണ്ടാകും.ഇന്ത്യയില്‍ തിരിച്ചുവരവിനുള്ള ദിശ സ്വന്തമാക്കാന്‍ സമ്പദ് വ്യവസ്ഥയ്ക്കു സാധ്യമായിരുന്നെങ്കിലും പ്രാദേശിക ലോക്ക്ഡൗണുകളും വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും ചേര്‍ന്ന് സ്ഥ്തിഗതികള്‍ മാറ്റിമറിച്ചതായാണ് ഏജന്‍സിയുടെ നിരീക്ഷണം.

ചൈന ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചുതുടങ്ങിയപ്പോള്‍ തന്നെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു.രണ്ട് പാദങ്ങളിലെ നെഗറ്റീവ് വളര്‍ച്ചാഗതി മാറ്റി തിരിച്ചുവരവിന്റെ ദിശ കാണിക്കാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജുകളും സഹായകമായി. 2020 ന്റ രണ്ടാം പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 3.2 ശതമാനമായി.സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ , ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേ പ്രകാരം രാജ്യം ഈ പാദത്തില്‍ പരമാവധി ഉണ്ടാക്കിയേക്കാവുന്ന വളര്‍ച്ച 2.5 ശതമാനമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആ പ്രവചനങ്ങള്‍ എല്ലാം ഇപ്പോള്‍ മാറ്റേണ്ടിവന്നിരിക്കുന്നു.ചൈനീസ് സമ്പദ്ഘടനയില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ തന്നെയാണ് പ്രകടമാകുന്നത്. ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഇറക്കുമതി/കയറ്റുമതി ബിസിനസ്സുകളില്‍ ഇപ്പോള്‍ ഉള്ള ഉണര്‍വ്വ് ചൈനയെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരമാണ്.

2018 രണ്ടാം പാദം മുതലേ ചൈനീസ് സമ്പദ്ഘടന ഇടിവിന്റെ വഴിയിലായിരുന്നു. 2019 ന്റെ അവസാന പാദം എത്തുമ്പോഴേക്കും ക്രമാനുഗതമായ തളര്‍ച്ചയെ മറികടക്കാനുള്ള പദ്ധതികള്‍ ഒരുക്കുകയായിരുന്നു അവര്‍. എന്നാല്‍ കൊറോണ വൈറസ് ചൈനീസ് സമ്പദ് വ്യവസ്ഥയെ അതുവരെ അവരുടെ സാമ്പത്തിക ചരിത്രത്തിലുണ്ടാകാത്ത വിധം തളര്‍ത്തി. ജിഡിപി 6.8 ശതമാനം കുറഞ്ഞു.അതേസമയം, ചൈനയിലെ ആഭ്യന്തര ഉപഭോഗം ഇപ്പോഴും താഴ്ന്ന നിലയിലാണ്. ചില്ലറ വിപണിയില്‍ 1.8 ശതമാനത്തിന്റെ ഇടിവാണ് ഇപ്പോഴുള്ളത്. റോയിട്ടേഴ്‌സ് സര്‍വ്വേ പ്രകാരം 0.3 ശതമാനം വര്‍ദ്ധനയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ചൈന. മെയ് മാസത്തില്‍ ചില്ലറ വില്‍പന 2.8 ശതമാനം ഇടിഞ്ഞിരുന്നു.

ഇതിനിടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയ തിരിച്ചടികള്‍ സാരമായി ഏറ്റു. പ്രമുഖ മൊബൈല്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതു കൂടാതെ ഇന്ത്യയില്‍ പ്രകടമാകുന്ന ചൈനീസ് ഉത്പന്ന ബഹിഷ്‌കരണവും ചൈനീസ് സമ്പദ്ഘടനയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും എന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.കൂടാതെ, കൊറോണ വൈറസ് ആഗോളസമൂഹത്തിന് മുന്നില്‍ ചൈനയ്ക്കുണ്ടാക്കിയ ചീത്തപ്പേര് അവരുടെ സാമ്പത്തിക വളര്‍ച്ചയെ ദീര്‍ഘകാലം വേട്ടയാടിയേക്കും എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ചതുകൊണ്ടുമാത്രം ചൈനയെ പോലെ ഒരു രാജ്യത്തിന് അവരുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാന്‍ ആവില്ല.

അതേസമയം, പ്രാദേശിക ലോക്ക്ഡൗണുകളും വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും ചൂണ്ടിക്കാട്ടിയാണ് ഐസിആര്‍എ ലിമിറ്റഡ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പ്രവചനം കുത്തനെ വെട്ടിക്കുറച്ചത്. ഇതുവരെ വന്ന നിഗമനങ്ങളില്‍ ജിഡിപി നില ഏറ്റവും താഴുമെന്ന കണക്ക് അവതരിപ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടാണിത്. റേറ്റിംഗ് ഏജന്‍സി ഇപ്പോള്‍ പറയുന്നത് 2021 സാമ്പത്തിക വര്‍ഷം ജിഡിപി 9.5% ചുരുങ്ങുമെന്നാണ്. 5% സങ്കോചമുണ്ടാകുമെന്നായിരുന്നു മുന്‍ പ്രവചനം. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ ഉണ്ടായ ശുഭ സൂചനകള്‍ മാറിമറിഞ്ഞതായി ഐസിആര്‍എ പറഞ്ഞു.പല മേഖലകളും സാധാരണ നില തിരികെ വരുന്നതായി തോന്നിയിരുന്നെങ്കിലും തുടര്‍ന്ന അവസ്ഥ മോശമായെന്ന് റേറ്റിംഗ് ഏജന്‍സിയിലെ പ്രധാന സാമ്പത്തിക വിദഗ്ധ അദിതി നായര്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it