സര്‍ഫാസി നിയമം സഹകരണ ബാങ്കുകള്‍ക്കും; സുപ്രധാന വിധിയുമായി സുപ്രീം കോടതി

വായ്പാ കുടിശ്ശിക ഈടാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി നിയമം നടപ്പാക്കാനും കടം വീട്ടാത്തവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും വില്‍ക്കാനും കഴിയുമെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇക്കാര്യത്തില്‍ മറ്റ് ബാങ്കുകള്‍ പാലിക്കുന്ന നടപടിക്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

സഹകരണ സംഘങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന 2003 ജനുവരി 28 ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു. സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമം സെക്ഷന്‍ 2 (1) (സി) യില്‍ പറയുന്ന പ്രകാരത്തിലുള്ള 'ബാങ്കുകളാണ്'. ആക്ടും റിക്കവറി നടപടിക്രമവും അത്തരം ബാങ്കുകള്‍ക്ക് ബാധകമാണ്. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിനു വിരുദ്ധവുമല്ല സര്‍ഫാസി നിയമമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു.കുടിശ്ശിക ഈടാക്കുന്നത് ഏതൊരു ബാങ്കിംഗ് സ്ഥാപനത്തിന്റെയും അനിവാര്യമായ പ്രവര്‍ത്തനമാണ്.

സര്‍ഫാസി നിയമം 'ബാങ്കിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിക്ക് ' മാത്രമാണ് ബാധകമെന്നും ബാങ്കിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സമൂഹത്തിനല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ഒരു വാദം. ഈ വാദം കോടതി തള്ളി. കോടതിയുടെ അഭിപ്രായത്തില്‍ സഹകരണ ബാങ്കുകള്‍ പണം നല്‍കുന്നത് അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതിനാല്‍ മാത്രം അവ ബാങ്കിംഗിന്റെ പരിധിക്ക് പുറത്താണെന്ന് പറയാനാവില്ല. അവ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളാണു നിര്‍വഹിക്കുന്നത്. സഹകരണ ബാങ്കുകള്‍ അംഗങ്ങളില്‍ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും നിക്ഷേപങ്ങളും വായ്പകളും വാങ്ങുന്നു, വായ്പകള്‍ നല്‍കുന്നു. അത് അവയുടെ പ്രാഥമിക പ്രവര്‍ത്തനമാണ്.

വായ്പ കുടിശ്ശികയായാല്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് ബാങ്കുകള്‍ക്ക് നേരിട്ട് വസ്തു ജപ്തി ചെയ്യാനുള്ള അധികാരം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സര്‍ഫാസി നിയമം. സെക്യുരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യുരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് എന്നതാണ് സര്‍ഫാസിയുടെ പൂര്‍ണം രൂപം.

സ്വത്തുക്കള്‍ കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ ഉത്തരവു നേടാതെ തന്നെ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും വില്‍ക്കാനും ബാങ്കുകളെ അനുവദിക്കുന്ന സര്‍ഫാസി നിയമം 2016 മുതല്‍ ഇന്‍സോള്‍വെന്‍സി, പാപ്പരത്വ കോഡ് നിലവില്‍ വന്നതിനുശേഷം വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ. വിഷയത്തില്‍ കോടതികളില്‍ നിന്നുണ്ടായിട്ടുള്ള പരസ്പരവിരുദ്ധമായ നിരവധി തീരുമാനങ്ങള്‍ കണക്കിലെടുത്ത ശേഷമാണ് ഭരണഘടനാ ബെഞ്ച് പുതിയ വിധിന്യായം പുറപ്പെടുവിച്ചത്.

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ തിരിച്ചടക്കാനാവാതെ വലയുന്നവര്‍ ധാരാളമുള്ള കേരളത്തില്‍ അതീവ ഉത്ക്കണ്ഠ ഉയര്‍ത്തുന്ന വിധിയാണിതെന്ന് സീനിയര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.സഹകരണ മേഖലയില്‍ വായ്പാ കുടിശ്ശിക ഈടാക്കല്‍ പ്രക്രിയ വര്‍ദ്ധിക്കുന്നത് സംസ്ഥാന സര്‍ക്കാരിനു വലിയ തലവേദന സൃഷ്ടിക്കും.ഈട് ജപ്തി ചെയ്യാനും ലേലം ചെയ്യാനുമുള്ള ബാങ്കുകളുടെ നടപടികള്‍ പലപ്പോഴും ദാക്ഷിണ്യമില്ലാത്തതാകുന്നുവെന്ന പരാതി കോവിഡിനു മുമ്പേ വ്യാപകമായിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ വലിയ തുകകള്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ നില്‍ക്കുമ്പോഴാണ് ചെറിയ തുകകള്‍ കടമെടുത്ത സാധാരണക്കാര്‍ക്ക് കിടപ്പാടം നഷ്ടപെടുന്ന ദുരവസ്ഥയെന്ന ആരോപണം ശക്തമായുണ്ട്.

ഈട് നിന്ന് മറ്റുള്ളവരുടെ ചതിക്കിരയായി എടുക്കാത്ത ലോണിന്റെ ഭാരം പേറുന്നവരുമുണ്ട്. എറണാകുളത്തെ പത്തടിപ്പാലത്ത് പ്രീത ഷാജി എന്ന വീട്ടമ്മയുടെ ജീവിതം ഇതിന് ഉദാഹരണമായിരുന്നു. ഒരു ബന്ധുവിന് രണ്ടു ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന പ്രീതയുടെ വീടും പുരയിടവും ബാങ്കുകാര്‍ ജപ്തി ചെയ്തു. 25 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് 43.5 ലക്ഷം രൂപ അടച്ച ശേഷം പ്രീതയ്ക്ക് വീടും സ്ഥലവും തിരികെ കിട്ടിയത്. നിരവധി സര്‍ഫാസി കേസുകളാണ് കേരളത്തില്‍ ഉയര്‍ന്നു വരുന്നത്.

വയനാട്ടിലെ 8500 കര്‍ഷകര്‍, കൊല്ലത്തെ 700 കശുവണ്ടി ഫാക്ടറികള്‍, ഒന്നര ലക്ഷത്തോളം വരുന്ന സാധാരണക്കാര്‍ എന്നിങ്ങനെ ഒട്ടനവധി പേരാണ് ജപ്തി ഭീക്ഷണി നേരിടുന്നതെന്ന് സര്‍ഫാസി വിരുദ്ധ ജനകീയ സമിതി പറഞ്ഞു. കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്ന നയം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് വിഫലമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര നിയമം എന്ന നിലയ്ക്കും ബാങ്കുകളിലെ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പട്ടികയില്‍ വരുന്നതും കൊണ്ടും സംസ്ഥാന സര്‍ക്കാരിനു പരിമിതികളുണ്ട്.

സര്‍ഫാസി കുരുക്കില്‍ നിന്ന് സാധാരണക്കാരെ സഹായിക്കാന്‍ ഉതുക്കുന്ന വിധത്തിലുള്ള ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഇതിനായി കേന്ദനിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ട് നിയമസഭ 2017 ആഗസ്റ്റ് 21 ന് പ്രമേയവും പാസാക്കി. 5 സെന്റ് വരെയുള്ള ഭൂമിയും വീടും ജപ്തി ചെയ്യുന്നത് ഒഴിവാക്കണമെന്നതായിരുന്നു ഒരു ആവശ്യം.അഞ്ച് ലക്ഷം രൂപ വരെ കാര്‍ഷിക ലോണ്‍ എടുത്തവരുടെ ഗ്രാമങ്ങളിലെ ഒരേക്കര്‍ വരെയും നഗരങ്ങളിലെ 50 സെന്റ് വരെയും ഭൂമി ജപ്തി ചെയ്യരുതെന്ന നിര്‍ദേശവുമുണ്ടായിരുന്നു. സര്‍ഫാസി നിയമത്തിന്റെ പിന്‍ബലത്തില്‍ ബാങ്കുകള്‍ നടത്തുന്ന ജപ്തി നടപടി കേരളത്തിലുണ്ടാക്കിയ അന്തരഫലം വിലയരുത്താന്‍ എസ് ശര്‍മ ചെയര്‍മാനായ 11 അംഗ നിയമസഭാ സമിതി 2018 ഡിസംബര്‍ 13 നു നിയമിതമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it