ഇന്ത്യയുടെ 2020 ലെ വളര്‍ച്ച 5.3 ശതമാനമായി കുറയും: മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്

മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ 2020 ലെ വളര്‍ച്ചാ പ്രവചനം 5.3 ശതമാനമായി കുറച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് ആഗോളതലത്തില്‍ ആഭ്യന്തര ആവശ്യം കുറയ്ക്കുമെന്ന കണ്ടെത്തലാണ് 5.4 ശതമാനത്തില്‍ നിന്ന് വളര്‍ച്ചാ നിരക്ക് കുറയുമെന്ന നിഗമനത്തിനു കാരണം.

ചൈനയ്ക്ക് പുറത്തേക്ക് വൈറസ് അതിവേഗം പടരുന്നത് മൂലമുള്ള ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ തളര്‍ച്ച ഈ വര്‍ഷത്തെ രണ്ടാം പാദത്തിലേക്ക് വ്യാപിക്കുമെന്ന് മാര്‍ച്ച് മാസത്തേക്കുള്ള ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് അപ്ഡേറ്റില്‍ മൂഡീസ് പറഞ്ഞു. ആഗോളതലത്തില്‍ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാനാണു സാധ്യതയെന്നും ഏപ്രില്‍-ജൂണ്‍ കാലയളവിലും യാത്രാ നിയന്ത്രണങ്ങളുണ്ടാകുമെന്നും മൂഡിയുടെ അടിസ്ഥാന പ്രവചന വിഭാഗം അനുമാനിക്കുന്നു.

വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്ക് പുറമേ, ഉപഭോഗത്തിലും നിക്ഷേപത്തിലും കുറവുണ്ടാകും. എണ്ണയുള്‍പ്പെടെയുള്ളവയുടെ വില ജൂണ്‍ അവസാനം വരെ നിലവിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്നും മൂഡീസ് കണക്കാക്കുന്നു.

ഇതോടൊപ്പം ജി -20 രാജ്യങ്ങള്‍ 2020 ല്‍ 2.1 ശതമാനം വളര്‍ച്ച നേടുമെന്ന മുന്‍കാല കണക്കില്‍ മൂഡീസ് 0.3 ശതമാനം കുറവു വരുത്തി. യുഎസ്, യൂറോ രാജ്യങ്ങള്‍, ജപ്പാന്‍, ജര്‍മ്മനി, യുകെ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളും ചൈന, ഇന്ത്യ, ബ്രസീല്‍, റഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര സമ്പദ്വ്യവസ്ഥകളും ജി -20 ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. ചൈനയുടെ 2020 വളര്‍ച്ചാ പ്രവചനവും മുന്‍പത്തെ 5.2 ശതമാനത്തില്‍ നിന്ന് 4.8 ശതമാനമായി കുറച്ചിട്ടുണ്ട്. യു.എസില്‍ 1.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.മുന്‍ എസ്റ്റിമേറ്റ് 1.7 ശതമാനമായിരുന്നു.ആഗോള മാന്ദ്യത്തിനുള്ള സാധ്യതകള്‍ ഉയര്‍ന്നുവെന്ന് മൂഡീസ് കരുതുന്നു.

ഇപ്പോഴത്തെ ആഘാതം ആഗോളതലത്തില്‍ ആഭ്യന്തര ആവശ്യകതയെ കുറയ്ക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞതായി മൂഡീസ് പറയുന്നു. ഇത് ഒരേസമയം രാജ്യാന്തര വ്യാപാരത്തെയും ആഭ്യന്തര വ്യാപാര പ്രവര്‍ത്തനങ്ങളെയും ബാധിക്കും.അനിയന്ത്രിത സാഹചര്യങ്ങളാല്‍ 'വിപുലവും നീണ്ടുനില്‍ക്കുന്നതുമായ മാന്ദ്യം' സംഭവിക്കുന്ന പക്ഷം അതിന്റെ ദോഷകരമായ വശങ്ങളും മൂഡീസ് വിശകലനം ചെയ്യുന്നുണ്ട്. അത്തരമൊരു പ്രതികൂല സാഹചര്യത്തില്‍, 2020 ലെ ഇന്ത്യയുടെ വളര്‍ച്ച 5 ശതമാനമാകും. ചൈനയിലും (3.7 ശതമാനം) യുഎസിലും (0.9 ശതമാനം) വളര്‍ച്ച കുറയുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it