പെരുമഴയ്ക്കു കീഴടങ്ങില്ല ഇനി നെടുമ്പാശ്ശേരി വിമാനത്താവളം

പെരുമഴയുടെ പേരില്‍ ഇനി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വരില്ല. വെള്ളക്കെട്ട് തടയാന്‍ നടപ്പിലാക്കുന്ന 129.30 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ എണ്‍പത് ശതമാനം പൂര്‍ത്തിയായി.പെരുമഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയിട്ടും വിമാനത്താവളത്തില്‍ വെള്ളം കയറിയില്ല. സമീപ പ്രദേശങ്ങളിലെ പ്രളയഭീതിക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

നാല് പാലവും കനാലും റെഗുലേറ്റര്‍ കം ബ്രിഡ്ജും ഉള്‍പ്പെടുന്നതാണ് പ്രളയ നിവാരണ പദ്ധതി.കഴിഞ്ഞ രണ്ടു പ്രളയകാലത്തും റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു. 2018 ഓഗസ്റ്റില്‍ പതിനഞ്ചു ദിവസം പ്രവര്‍ത്തനം മുടങ്ങി, 2019 ല്‍ മൂന്ന് ദിവസവും. പ്രതിദിനം മുപ്പതിനായിരത്തോളം പേര്‍ യാത്ര ചെയ്യുന്ന വിമാനത്താവളം അടച്ചിടേണ്ടി വന്നതു മൂലം വന്‍ നഷ്ടം സംഭവിച്ചിരുന്നു.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 204.05 കോടി രൂപ ലാഭം നേടിയിരുന്നു.പക്ഷേ, കോവിഡ് എത്തിയതു മൂലം 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 72 കോടിയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്.കോവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് അവസാനയാഴ്ച മുതലാണ് വ്യോമഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. പ്രതിദിനം 242 സര്‍വീസുകളും മുപ്പതിനായിരത്തോളം യാത്രക്കാരും ഉണ്ടായിരുന്ന സിയാലില്‍ ഇപ്പോള്‍ ശരാശരി 36 സര്‍വീസുകള്‍ മാത്രമാണുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 2300ല്‍ താഴെയായി.
ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ സിയാലിനുണ്ടായ വരുമാനം 19 കോടി മാത്രമാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള യാത്രാസൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനായി വലിയ ചെലവ് നേരിടുന്നുണ്ട്.

കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഉള്‍പ്പെടെയുള്ള ഉപകമ്പനികളില്‍ നിന്നുള്ള ലാഭം കൂടി പരിഗണിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ മൊത്തവരുമാനം 810.08 കോടി വരും.മുന്‍ സാമ്പത്തിക വര്‍ഷം 166.91 കോടിയായിരുന്നു സിയാലിന്റെ അറ്റാദായം. കഴിഞ്ഞ വര്‍ഷം 22.25% വര്‍ധനവുണ്ടാക്കി. സിയാല്‍ മാത്രം 2019-20 സാമ്പത്തിക വര്‍ഷം 655.05 കോടിയുടെ മൊത്തവരുമാനം നേടി. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധി അയയുന്നതോടെ മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തന വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

നൂറു ശതമാനം പങ്കാളിത്തമുള്ള ഉപ കമ്പനികളുടെ പ്രവര്‍ത്തനം കൂടി പരിഗണിച്ചാല്‍ മൊത്തം 226.23 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം.ഓഹരി ഉടമകള്‍ക്ക് 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ സിയാല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ട്. ഇത്തവണത്തെ ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ മൊത്തം ലാഭവിഹിതം 282 ശതമാനമായി മാറും. ഇത്തവണ 27 ശതമാനം ലാഭവിഹിതമാണ് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് നിശ്ചയിച്ചിട്ടുള്ള വാര്‍ഷിക പൊതുയോഗം ഇത് അംഗീകരിച്ചാല്‍ 19500-ല്‍ ഏറെ വരുന്ന നിക്ഷേപകര്‍ക്ക് 27 ശതമാനം ലാഭവിഹിതം ലഭിക്കും. 34 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഈയിനത്തില്‍ കിട്ടും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it