Begin typing your search above and press return to search.
കോവിഡ്: ഒരു കോടി മാസവേതനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി
കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ രാജ്യത്തെ ഒരു കോടി മാസവേതനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. 2019-20 ലെ ശരാശരി തൊഴില്‍ നഷ്ടമായ 5.5 ദശലക്ഷം എന്ന കണക്കിനേക്കാള്‍ വളരെ കൂടുതലാണിത്. തൊഴില്‍ നഷ്ടമായ ദിവസ വേതനക്കാരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ എണ്ണം കുത്തനെ ഉയരും.
എംഎസ്എംഇകളും മറ്റ് വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലായതിനാല്‍ ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഇഇ) സിഇഒയും എംഡിയുമായ മഹേഷ് വ്യാസ് പറഞ്ഞു. ജോലി നഷ്ടമായ ഒരു കോടിയില്‍ അറുപത് ശതമാനവും ഈ മേഖലയില്‍ നിന്നാണ്.
കമ്പനികളിലും ചെറുകിട സ്ഥാപനങ്ങളിലും അവസരങ്ങള്‍ നഷ്ടപ്പെട്ടതോടെ പലരും കാര്‍ഷിക മേഖലയിലേക്ക് മാറിയിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥ ഉദാരവല്‍ക്കരിക്കപ്പെട്ടതിന്റെ ഫലമായി ആളുകള്‍ ഫാമുകളില്‍ നിന്ന് ഫാക്ടറികളിലേക്ക് മാറിയ പ്രവണതയുടെ വിപരീതമാണ് ഇപ്പോള്‍ നടക്കുന്നത്.
മഹാരാഷ്ട്രയിലെ പകുതി ഫാക്ടറികള്‍ ഒന്നുകില്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടലിന്റെ വക്കിലോ എത്തിയ സ്ഥിതിയിലാണ്, അതിനാല്‍ തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ 11 ലെ 7 ശതമാനത്തില്‍നിന്ന് 7.4 ശതമാനമായി ഉയര്‍ന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് വളരെ വേഗത്തിലാണ് ഈ നിരക്ക് ഉയര്‍ന്നത്.
'അനൗപചാരിക മേഖലയിലെ മിക്ക തൊഴിലാളികള്‍ക്കും താമസിയാതെ ജോലി കണ്ടെത്താനാകും. സമ്മര്‍ദ്ദം പ്രധാനമായും മാസ വേതനം ലഭിക്കുന്ന ജീവനക്കാരിലാണ്, കാരണം അവര്‍ക്ക് വീണ്ടും നൈപുണ്യവും പുതിയ ജോലികളും കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ഇന്നത്തെ ഡ്രാഫ്റ്റ്മാന് നാളെ ഒരു കാര്‍ഷിക തൊഴിലാളിയാകാന്‍ കഴിയില്ല.' വ്യാസ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം സ്ത്രീകള്‍ തൊഴില്‍ രംഗത്തുനിന്ന് പുറത്തുപോകുന്നതാണ് മറ്റൊരു ആശങ്ക. തൊഴിലുടമകള്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നു എന്നതാണ് ഇതിനുള്ള ഒരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story