രാജ്യത്തെ കോവിഡ് വ്യാപനം; സ്ഥിതി വഷളാക്കിയത് ആരൊക്കെ?

ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമാക്കിയതില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുഖ്യ പങ്കുവഹിച്ചോ? രാജ്യാന്തര മാധ്യമങ്ങളില്‍, ഇന്ത്യയിലെ കോവിഡ് വ്യാപനം വാര്‍ത്തയാകുമ്പോള്‍ ആ റിപ്പോര്‍ട്ടുകളില്‍ പലതിലും പ്രതിസ്ഥാനത്ത് രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളുമാണ്.

ഇന്ത്യ കോവിഡ് മുക്തമായി എന്ന് പ്രചരിപ്പിക്കാന്‍ കാണിച്ച വേലകള്‍ രാജ്യത്തിന് തന്നെ തിരിച്ചടിയായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ റിസര്‍വ് ബാങ്ക്് നേതൃത്വത്തിലുള്ളവര്‍ അടക്കം രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞുവെന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ് നടത്തിയത്. ജനുവരി മുതല്‍ കോവിഡ് വാക്‌സിന്‍ കയറ്റി അയച്ച് രാജ്യം 'വാക്‌സിന്‍ നയതന്ത്രം' പയറ്റി തുടങ്ങി. മാര്‍ച്ച് മാസം ആദ്യം കോവിഡ് മഹാമാരിയുമായുള്ള യുദ്ധം രാജ്യം അവസാനിപ്പിക്കാറായി എന്ന വിധത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തിയത്.

ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ മാധ്യമങ്ങളുടെഎല്ലാശ്രദ്ധയും രാഷ്ട്രീയ പോരിലായി. അതിനിടെ ക്രിക്കറ്റ് മത്സരം കാണാന്‍, കാണികളെ അതും മാസ്‌ക് പോലും ധരിക്കാത്തവരെ അനുവദിക്കാനും രാജ്യത്തെ അധികാരികള്‍ തുനിഞ്ഞു.

പല സംസ്ഥാനങ്ങളിലും കടകളില്‍ മാസ്‌ക് പോലും വില്‍പ്പനയ്ക്ക് വെക്കാതെയായി. ജനങ്ങള്‍ മാസ്‌കില്ലാതെ നടക്കാന്‍ തുടങ്ങി. വാക്‌സിനേഷന്‍ പക്ഷേ പതുക്കെയാണ് പുരോഗമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയും ജനങ്ങള്‍ വാശിയോടെ പുറത്തിറങ്ങുകയും ചെയ്തതോടെ കോവിഡിനെ ആരും ഗൗനിക്കാതെയായി. മാധ്യമങ്ങളും കോവിഡ് വാര്‍ത്തകള്‍ മൂലയില്‍ ഒതുക്കി. ബിസിനസുകള്‍ സാധാരണ സ്ഥിതിയിലായെന്നും കമ്പനികളുടെ വരുമാനം വര്‍ധിച്ചെന്നുമുള്ള വാര്‍ത്തകള്‍ക്കായി ഏറെ പ്രാധാന്യം. കാര്യങ്ങള്‍ സാധാരണ നിലയിലായെന്ന പ്രതീതി ജനിപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമായിരുന്നു. ഇതോടെ പൊതുസമൂഹവും നാട് കോവിഡ് മുക്തമായെന്ന പൊള്ളയായ വിശ്വാസത്തിലായി.

അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് വകഭേദങ്ങള്‍ കൂടി രാജ്യത്ത് കണ്ടെത്തിയതോടെ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം തന്നെയാണ്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇതര ലോക രാജ്യങ്ങളെ അപേക്ഷിച്ച് മരണ സംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് രാജ്യത്തിന് നേട്ടമായെങ്കിലും രണ്ടാം തരംഗത്തില്‍ സ്ഥിതി ഗുരുതരമാകുന്നത് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടത്തിനും കാരണമായേക്കും.


Related Articles
Next Story
Videos
Share it