ലക്ഷങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ ഇളവോടെ 'അമൂല്യ അഭിഭാഷക' സ്ഥാപനങ്ങള്‍
മണിക്കൂറിന് ലക്ഷക്കണക്കിനു വരെ കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയിരുന്ന മുംബൈയിലെയും ഡല്‍ഹിയിലെയും അമൂല്യ അഭിഭാഷകര്‍ ലോക്ഡൗണ്‍ കാലത്ത് സേവനം മുഖ്യമായും വീട്ടിലിരുന്ന് വീഡിയോയിലൂടെയാക്കിയതോടെ പ്രതിഫലം ഏകദേശം 25 ശതമാനം കുറച്ചതായി റിപ്പോര്‍ട്ട്. കമ്പനി ലോ, ഓഡിറ്റിംഗ് സേവന രംഗത്തെ വിലപിടിപ്പുള്ള നിയമ വിദഗ്ധരും കണ്‍സള്‍ട്ടേഷന്‍ ഫീസില്‍ ഇതേ തോതിലുള്ള ഇളവനുവദിക്കുന്നുണ്ടെന്നാണു വിവരം.
മണിക്കൂറില്‍ 20,000 - 75,000 രൂപ ഫീസ് ഈടാക്കിയിരുന്ന വമ്പന്‍ കോര്‍പ്പറേറ്റ് നിയമ സ്ഥാപനങ്ങള്‍ കക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി നിരക്ക് കുറയ്ക്കുകയോ മണിക്കൂറുകളുടെ കണക്കില്‍ ഇളവനുവദിക്കുകയോ ചെയ്തുവരുന്നതായി വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. ഈ രംഗത്തെ
ഓഡിറ്റിംഗ്, ഉപദേശ സേവന ദാതാക്കളായ ഡെലോയിറ്റ്, പിഡബ്ല്യുസി, ഇവൈ, കെപിഎംജി എന്നിവ മണിക്കൂറില്‍ 1,000 രൂപ 12,000 രൂപ വരെയാണ് കക്ഷികളില്‍ നിന്ന് ഈയാക്കിയിരുന്നത്. ഇപ്പോള്‍ 20-25 ശതമാനം വരെ കുറയ്ക്കുന്നതായി അവര്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ് ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പ്രതിഫലത്തിനായി രേഖപ്പെടുത്തുന്ന മണിക്കൂറുകളുടെ കണക്ക് എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യവും കക്ഷികള്‍ ഉയര്‍ത്തുന്നതിനെ വിമര്‍ശിക്കാനാകില്ലെന്ന് ഈ രംഗത്തെ പ്രമുഖര്‍ സമ്മതിച്ചു.'വര്‍ക്ക് ഫ്രം ഹോം' എന്നു പറഞ്ഞ് യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുകയായിരുന്നോ 'നെറ്റ്ഫ്‌ളിക്‌സ് ' കാണുകയായിരുന്നോ എന്ന് എങ്ങനെ അറിയും?. നേരിട്ടുവന്ന് നടത്തേണ്ട സേവനങ്ങളുടെ കാര്യത്തിലാകട്ടെ വലിയ പ്രതിസന്ധിയാണുണ്ടായിട്ടുള്ളത്.
ഇങ്ങനെയൊരു സാഹചര്യം ഓഡിറ്റിംഗ്, ഉപദേശ സേവന ദാതാക്കളും അഭിഭാഷക സഥാപനങ്ങളും മുന്‍കൂട്ടി കണ്ടിരുന്നില്ല.അതുകൊണ്ട് പരാതികള്‍ ഒഴിവാക്കാന്‍ എക്‌സിക്യൂട്ടീവുകള്‍ മണിക്കൂറുകള്‍ തോറും ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂക്ഷ്മ വിവരങ്ങള്‍ ലഭ്യമാക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. ഇത് പിന്നീട് പ്രവര്‍ത്തന സമയത്തിന്റെ തെളിവായി ക്ലയന്റുകള്‍ക്ക് കൈമാറുകയാണു ലക്ഷ്യം.
ഓഡിറ്റിംഗില്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മുംബൈയിലെ വ്യവസായികള്‍ പറഞ്ഞു. മണിക്കൂറില്‍ 1,000 - 1,500 രൂപയാണ് സാധാരണ ഫീസ്. അതേസമയം, മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗില്‍ ഇത്തരത്തിലല്ല കാര്യങ്ങള്‍. മുന്‍കൂട്ടി നിശ്ചയിക്കുന്ന ഫീസിന്റെ 20-30 % മുന്‍കൂറായി അടയ്ക്കുന്നു. ഫലം നോക്കിയാകും തുടര്‍ന്നുള്ള പേയ്‌മെന്റ്.നികുതി ഉപദേശക സേവന സ്ഥാപനങ്ങള്‍ മുംബൈയില്‍ ഈടാക്കുന്ന ഫീസ് മണിക്കൂറില്‍ 5,000 മുതല്‍ 15,000 രൂപ വരെയാണ്.ഉപദേശകന്റെ അല്ലെങ്കില്‍ ഉപദേശകയുടെ സീനിയോറിറ്റി, അസൈന്‍മെന്റിന്റെ സങ്കീര്‍ണ്ണത എന്നിവയെ ആശ്രയിച്ച് തുക വലിയ തോതില്‍ ഏറിയിരുന്നു. അതേസമയം, നിലവില്‍ നിരക്കുകള്‍ ഗണ്യമായി കുറയുന്നുമുണ്ട്.
പിഡബ്ല്യുസി ഇന്ത്യയിലെ വിദഗ്ധരിലൊരാളായ സഞ്ജീവ് കൃഷന്റെ അഭിപ്രായത്തില്‍ 'ഇപ്പോഴത്തേതു പോലെ പ്രയാസകരമായ സമയങ്ങളില്‍, കക്ഷികളുമായി ഏറ്റവും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. അവര്‍ ശക്തരായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്; ഒരു നിശ്ചിത കാലയളവിലേക്ക് കണ്‍സള്‍ട്ടിംഗ്, ഉപദേശക ബിസിനസുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.'
ലോക്ഡൗണിനു മുമ്പു തന്നെ കോടതികളുടെ പ്രവര്‍ത്തനം ഭാഗികമായതോടെ രാജ്യവ്യാപകമായി അഭിഭാഷക സമൂഹം സാമ്പത്തികത്തകര്‍ച്ചയിലേക്കു നീങ്ങിത്തുടങ്ങിയിരുന്നുവെന്ന് കേരള ഹൈക്കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വന്‍ തോതില്‍ 'ഫയലുകള്‍' കൈകാര്യം ചെയ്യുകയും കനത്ത ഫീസ് വാങ്ങുകയും ചെയ്യുന്ന അഭിഭാഷകരുടെ എണ്ണം കീഴ്‌ക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ തികച്ചും ന്യൂനപക്ഷമേയുള്ളൂ. പരിമിത വരുമാനക്കാരാണ് ഭൂരിപക്ഷം അഭിഭാഷകരും. സാമൂഹിക അകലം പാലിക്കലിന്റെ ഭാഗമായി കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാമമാത്രമായപ്പോള്‍ നിയമോപദേശകര്‍ കടുത്ത തൊഴിലില്ലായ്മയിലേക്കാണു നീങ്ങിയിട്ടുള്ളത്. ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ സാഹചര്യം ഉടനെങ്ങും മാറില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ ക്ഷേമ നിധിയില്‍ നിന്നുള്ള ചെറിയ ലോണ്‍ കിട്ടാന്‍ നെട്ടോട്ടമോടുന്ന അഭിഭാഷകരുടെ എണ്ണം ആയിരങ്ങള്‍ വരും.
മുംബൈയിലും ഡല്‍ഹിയിലും ചെന്നൈയിലും മറ്റും ലക്ഷങ്ങള്‍ ഓരോ കേസിനും പ്രതിഫലം വാങ്ങുന്ന കുറച്ചുപേരുണ്ടെങ്കിലും കേരളത്തില്‍ ഈ ഗണത്തില്‍ ആരും തന്നെയില്ലെന്നതാണു വസ്തുത.ബാരിസ്റ്റര്‍ കെ.കെ വേണുഗോപാല്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുമെങ്കിലും അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. മാനേജ്‌മെന്റ്് കണ്‍സല്‍ട്ടന്‍സി രംഗത്തും ഭീമന്‍ ഫീസ് നിരക്കുകള്‍ കേരളത്തിലേക്കു വന്നിട്ടില്ല. സര്‍വേയിലൂടെ രാജ്യത്തെ അമൂല്യ അഭിഭാഷകരെ കണ്ടെത്തി ഒരു മാധ്യമ സ്ഥാപനം കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ ലിസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന അഭിഭാഷകരില്‍ ഒന്നാം സ്ഥാനക്കാരന്‍ റാം ജെത്ത്മലാനി ആയിരുന്നു.തൊണ്ണൂറാം വയസിലും 25 ലക്ഷം രൂപ ഓരോ കേസിനും ഫീസ് ആയി വാങ്ങിയ അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ചു.
ഹരീഷ് സാല്‍വേ: 6- 15 ലക്ഷം, ഫാലി നരിമാന്‍ 6- 15, കെ കെ വേണുഗോപാല്‍ : 5- 7.5 , ഗോപാല്‍ സുബ്രഹ്മണ്യം : 5.5- 15 , പി. ചിദംബരം: 6- 7 ലക്ഷം, അഭിഷേക് മനു സിംഗ്വി : 6- 11 , സി. ആര്യമ സുന്ദരം: 5.5- 16.5, സല്‍മാന്‍ ഖുര്‍ഷിദ്്: 5 , കെ.ടി.എസ്. തുളസി: 5 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മറ്റു പ്രമുഖ അഭിഭാഷകരുടെ ഫീസ് വിവരം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline