കത്തിക്കയറി പണപ്പെരുപ്പം 15-മാസത്തെ ഉയരത്തില്‍; 6% കടന്ന് കേരളവും

തക്കാളി അടക്കമുള്ള പച്ചക്കറികളുടെ പൊള്ളുന്ന വിലയെ തുടര്‍ന്ന് ജൂലൈയില്‍ ഉപയോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (Retail Inflation/CPI Inflation) 7.44 ശതമാനമായി കത്തിക്കയറി. 2022 മേയില്‍ 7.99 ശതമാനം രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയരമാണിത്. കഴിഞ്ഞ ജൂണില്‍ പണപ്പെരുപ്പം 4.81 ശതമാനമായിരുന്നു.

തീപിടിച്ച് ഭക്ഷ്യവില
ഭക്ഷ്യോത്പന്നങ്ങളുടെ വില നിലവാരം ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 11.51 ശതമാനത്തിലേക്ക് കുതിച്ചതാണ് പണപ്പെരുപ്പം കൂടാന്‍ വഴിയൊരുക്കിയത്.
നിരീക്ഷകര്‍ പ്രവചിച്ചത് പണപ്പെരുപ്പം 6-6.5 ശതമാനം നിലവാരത്തിലാകുമെന്നായിരുന്നു. എന്നാല്‍, അതിനെയും കവച്ചുവയ്ക്കുന്ന കുതിപ്പാണ് ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം നടത്തിയത്.
പച്ചക്കറികളുടെ വില വാര്‍ഷികാടിസ്ഥാനത്തില്‍ 0.93 ശതമാനത്തില്‍ നിന്ന് 37.34 ശതമാനത്തിലേക്കും ഭക്ഷ്യ, പാനീയ ഉത്പന്ന വിലനിലവാരം 4.63ല്‍ നിന്ന് 10.57 ശതമാനത്തിലേക്കും ധാന്യങ്ങളുടെ വില 12.71ല്‍ നിന്ന് 13.04 ശതമാനത്തിലേക്കും കഴിഞ്ഞമാസം കൂടി.
എന്താണ് തിരിച്ചടി?
റീട്ടെയില്‍ പണപ്പെരുപ്പം ശരാശരി 4 ശതമാനത്തില്‍ തുടരുന്നതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. ഇത് രണ്ട് ശതമാനം വരെ താഴ്ന്നാലും 6 ശതമാനം വരെ ഉയര്‍ന്നാലും പ്രതിസന്ധിയില്ല എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് പരിഷ്‌കരിക്കുന്നത്. ഇത് 6 ശതമാനമെന്ന ലക്ഷ്മണരേഖ കടന്ന സ്ഥിതിക്ക് ഒക്ടോബറില്‍ നടക്കുന്ന പണനയ യോഗത്തില്‍ റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാന്‍ മുതിര്‍ന്നേക്കും. ഇത്, ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടാനിടയാക്കും. ഫലത്തില്‍ വായ്പകളുടെ ഇ.എം.ഐ (പ്രതിമാസ തിരച്ചടവ് സംഖ്യ/വായ്പാ ഗഡു) കൂടാനിടവരുത്തും.
കേരളത്തിലും 6% കടന്നു
അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മൂലം കഴിഞ്ഞമാസം കേരളത്തിലും പണപ്പെരുപ്പം കുതിച്ചു. എങ്കിലും രാജ്യത്ത് മുന്‍നിര സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി നിലനില്‍ക്കാന്‍ കേരളത്തിനായി എന്ന നേട്ടമുണ്ട്.
ജൂണിലെ 5.25 ശതമാനത്തില്‍ നിന്ന് 6.43 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം കേരളത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം കൂടിയത്. ഗ്രാമങ്ങളില്‍ 6.51 ശതമാനവും നഗരമേഖലകളില്‍ 6.37 ശതമാനവുമാണ് കേരളത്തില്‍ പണപ്പെരുപ്പം.
ഡല്‍ഹി (3.72%), അസം (3.91%), ജമ്മു ആന്‍ഡ് കശ്മീര്‍ (4.98%), ബംഗാള്‍ (5.96%), ഛത്തീസ്ഗഢ് (6.05%) എന്നിവയാണ് കേരളത്തിനേക്കാള്‍ പണപ്പെരുപ്പം കുറഞ്ഞ സംസ്ഥാനങ്ങള്‍.
രാജസ്ഥാന്‍ (9.66%), ജാര്‍ഖണ്ഡ് (9.16%) എന്നിവയാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങള്‍.
ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, തെലങ്കാന, ഒഡീഷ, ഹരിയാണ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും പണപ്പെരുപ്പം 8 ശതമാനത്തിന് മുകളിലാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it