Begin typing your search above and press return to search.
പ്രതിസന്ധിച്ചുഴിയില്‍ ആഗോള ട്രെന്‍ഡ്; മാറി നില്‍ക്കാന്‍ ഇന്ത്യക്കും കഴിയില്ല
കൊവിഡിന് ശേഷം ആഗോള സാമ്പത്തിക മേഖലയില്‍ പ്രതീക്ഷിച്ച തിരിച്ചുവരവ് കടുത്ത ഭീഷണിയിലാണ്. യുക്രെയ്ന്‍ യുദ്ധം, യു.എസും ചൈനയും തമ്മിലുള്ള ശത്രുത, പശ്ചിമേഷ്യയിലെ പ്രതിസന്ധി, സമ്പദ്വ്യവസ്ഥകളുടെ തെറ്റായ കൈകാര്യം ചെയ്യല്‍, രാഷ്ട്രീയം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പല സമ്പദ്വ്യവസ്ഥകളിലും മാന്ദ്യത്തിന് ഇടയാക്കുന്നു. സാമ്പത്തിക മേഖല മെച്ചപ്പെട്ട് വരുന്നതിന് മുമ്പുതന്നെ സാഹചര്യം മോശമാകുന്നു എന്നാണ് എല്ലാ സൂചനകളും.
ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ ജപ്പാനും യു.കെയും തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) നെഗറ്റീവ് വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത് സാങ്കേതിക സാമ്പത്തികമാന്ദ്യത്തിലും അകപ്പെട്ടു.
ജപ്പാന്റെ ജി.ഡി.പിയില്‍ 2023ന്റെ അവസാന പാദത്തില്‍ 0.4 ശതമാനം ഇടിവുണ്ടായി. തൊട്ടുമുമ്പത്തെ പാദത്തിലുണ്ടായ 3.3 ശതമാനം ഇടിവിന് പിന്നാലെയാണിത്. യു.കെയുടെ ജിഡിപിയിലും രണ്ടാംതവണയും ഇടിവുണ്ടായി. നാലാംപാദത്തില്‍ 0.3 ശതമാനവും തൊട്ടുമുമ്പത്തെ പാദത്തില്‍ 0.1 ശതമാനവുമാണ് ഇടിവ്.
ഇനി ഇടിവിന്റെ കാലമോ?
ജര്‍മ്മനിയിലെ ഡി.ഐ.എച്ച്.കെ ചേംബേഴ്‌സ് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സിന്റെ അഭിപ്രായത്തില്‍ ഈ വര്‍ഷം സമ്പദ്വ്യവസ്ഥയില്‍ 0.5 ശതമാനം ഇടിവുണ്ടാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാകുമിത്.
തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണ് സാധാരണയായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ഉള്ളതായി പരിഗണിക്കപ്പെടുന്നത്. സമ്പദ്വ്യവസ്ഥയിലെ ഈ ഇടിവ് മൂലം ജപ്പാന്റെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം തെറിച്ചു. ജര്‍മനിയാണ് ഇപ്പോള്‍ മൂന്നാമത്.
സ്ഥിതി ശോഭനമല്ല
മറ്റു പ്രമുഖ രാജ്യങ്ങളുടെയും സ്ഥിതി വിഭിന്നമല്ല. കുറയുന്ന ജി.ഡി.പി വളര്‍ച്ച, പ്രായം കൂടുന്ന ജനസംഖ്യ, പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ് മേഖല തുടങ്ങിയവ കാരണം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചൈനയുടെ സമ്പദ്‌വ്യവസ്ഥ 5.2 ശതമാനം വളര്‍ച്ച മാത്രമാണ് 2023ല്‍ നേടിയത്. കൊവിഡ് കാലഘട്ടം ഒഴിച്ചുനിറുത്തിയാല്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) കണക്കുപ്രകാരം 2024ല്‍ 4.6 ശതമാനമായിരിക്കും ചൈനയുടെ വളര്‍ച്ച.
ചെലവുകുറഞ്ഞ വായ്പ ലഭ്യമാക്കല്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യകത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വന്‍തോതില്‍ ചെലവിടല്‍ നടത്തേണ്ടിയിരിക്കുന്നു. ഉപഭോക്തൃ ചെലവിടല്‍ കുറഞ്ഞതോടെ ചൈനീസ് സമ്പദ്വ്യവസ്ഥ ഇപ്പോള്‍ത്തന്നെ പണച്ചുരുക്കം അനുഭവിക്കുന്നുണ്ട്.
അമേരിക്കയും പരുങ്ങലില്‍
യു.എസ് സമ്പദ്വ്യവസ്ഥ പല മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടും ജനുവരിയിലെ റീറ്റെയ്ല്‍ വില്‍പ്പന പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യു.എസില്‍ 2024ന്റെ അവസാനത്തോടെ മാന്ദ്യമുണ്ടാകുമെന്ന് പല സാമ്പത്തിക വിദഗ്ദ്ധരും പ്രവചിക്കുന്നുണ്ട്. കുതിച്ചുയര്‍ന്ന റിയല്‍ എസ്റ്റേറ്റ് വിലകള്‍ അവടെ താഴാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിയ പലിശനിരക്ക് ഭവനമേഖലയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
ജോലി നഷ്ടപ്പെടുന്നവര്‍ക്ക് നല്ല ജോലി നേടാന്‍ പ്രയാസമായി തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി മോശമായി തന്നെ. ആഗോളതലത്തില്‍ തിളക്കമുണ്ടെങ്കിലും ഇന്ത്യക്കും ഇതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. പ്രധാന സമ്പദ്വ്യവസ്ഥകളിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതി, നേരിട്ടുള്ള വിദേശ നിക്ഷേപം (FDI), വിനോദസഞ്ചാരികളുടെ വരവ്, ഉത്പാദനം, തൊഴില്‍ തുടങ്ങിയ മേഖലകളെയെല്ലാം ബാധിക്കും.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പലചരക്ക്, അവശ്യ സാധനങ്ങള്‍, ഗാര്‍ഹിക ഉത്പന്നങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കുറയാന്‍ സാധ്യതയുണ്ടെന്ന് രാജ്യാന്തര ഗവേഷണ സ്ഥാപനമായ കാന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യാന്തര പ്രവണത മനസിലാക്കി ഇപ്പോള്‍ തന്നെ പ്രമുഖ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുന്നുണ്ട്. ഈ അപ്രതീക്ഷിത സംഭവങ്ങളില്‍ ലോക നേതാക്കള്‍ ആശങ്കാകുലരാണ്.
(This article was originally published in Dhanam Magazine March 15th issue)
Next Story
Videos