പ്രതിദിന ഇ - വെ ബില്ലുകളുടെ എണ്ണത്തില്‍ ഇടിവ്; മെയ്, ജൂണ്‍ മാസങ്ങളില്‍ ജിഎസ്ടി വരുമാനം കുറയും

കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളെ ഗൗരവമായി ബാധിക്കുന്നതിന്റെ ശക്തമായ സൂചനകള്‍ പുറത്തുവരുന്നു. പ്രതിദിന ഇ - വെ ബില്ലുകളുടെ എണ്ണം ഇപ്പോള്‍ ഒരു വര്‍ഷത്തെ മുന്‍പുള്ള നിരക്കിലാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കത്തിന് ഇ - വെ ബില്‍ നിര്‍ബന്ധമാണ്. ജിഎസ്ടി നെറ്റ് വര്‍ക്കിലെ ഡാറ്റ പ്രകാരം മെയ് 16വെ 19.4 ദശലക്ഷം ഇ - വെ ബില്ലുകളാണ് ജനറേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിദിന ശരാശരി ഏകദേശം 1.21 ദശലക്ഷം ഇ - വെ ബില്ലുകളാണ്. ഏപ്രിലില്‍ ഇത് 1.95 ദശലക്ഷവും മാര്‍ച്ചില്‍ 2.29 ദശലക്ഷവും ആയിരുന്നു. 2020 മെയില്‍ പ്രതിദിന ശരാശരി 0.8 ദശലക്ഷമായിരുന്നു.

ഇ - വെ ബില്ലുകളുടെ എണ്ണം താഴ്ന്നാല്‍ അത് ജിഎസ്ടി വരുമാനം കുറയും എന്നതിന്റെ സൂചനയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റെക്കോര്‍ഡ് ജിഎസ്ടി വരുമാനമായിരുന്നു. പക്ഷേ കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെ രാജ്യത്തെ ബിസിനസുകള്‍ പ്രതിസന്ധിയിലായി. അതുകൊണ്ടാണ് ഇ - വെബില്ലുകള്‍ കുറഞ്ഞത്.
ജിഎസ്ടി കൗണ്‍സില്‍ മെയ് 28
അതിനിടെ ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം മെയ് 28ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേരും. നേരത്തെ പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ജിഎസ്ടി കൗണ്‍സില്‍ അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നിര്‍മലാ സീതാരാമന് കത്തയിച്ചിരുന്നു. കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ വന്‍കുറവ് വരുന്നതില്‍ അമിത് മിത്ര ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

മൂന്ന് മാസത്തിലൊരിക്കല്‍ ജിഎസ്ടി കൗണ്‍സില്‍ ചേരണമെന്നാണ് ചട്ടമെങ്കിലും അടുത്തിടെ ഇക്കാര്യത്തില്‍ വീഴ്ച വരുന്നുണ്ട്. ഇതിലുള്ള ആശങ്കയും വിവിധ സംസ്ഥാന ധനമന്ത്രിമാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it