നോട്ട് നിരോധനവും ജിഎസ്ടിയും ഉണ്ടാക്കിയത് വലിയ ആഘാതം: രഘുറാം രാജൻ    

വലിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷം വളർച്ച നിരക്ക് കുറയുന്നത് സ്വാഭാവികമാണെന്ന്  ജെയ്റ്റ്ലി

Raghuram Rajan
Image credit: www.chicagobooth.edu

നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കൂച്ചുവിലങ്ങായെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.

“2017 ൽ ആഗോള സമ്പദ് വ്യവസ്ഥ വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ ഇന്ത്യ തളന്നുകൊണ്ടിരിക്കുകയായിരുന്നു. സർക്കാരിന്റെ രണ്ട്  സാമ്പത്തിക പരിഷ്കാരങ്ങളും വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്,” കാലിഫോർണിയ സർവ്വകലാശാലയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ വളർച്ച തൃപ്തികരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  25 വർഷത്തോളം 7 ശതമാനം വളർച്ച എന്നാൽ സാധാരണഗതിയിൽ വളരെ നല്ല വളർച്ചാ നിരക്കാണ്. എന്നാൽ മറ്റൊരു രീതിയിൽ നോക്കിയാൽ ഇത് പണ്ടുകാലത്തുണ്ടായിരുന്ന ‘ഹിന്ദു വളർച്ചാ നിരക്കി’ന്റെ പോലെയാണ്’. 1990 കളിൽ വളർച്ചാ നിരക്ക് 3.5 ശതമാനം എന്ന നിരക്കിൽ സ്തംഭിച്ചുപോയിരുന്നു. ഈ നിരക്കിനെയാണ് ഹിന്ദു വളർച്ചാ നിരക്ക് എന്ന് വിളിക്കുന്നത്.

ഇത്രയധികം പുതിയ ഉദ്യോഗാർത്ഥികൾ തൊഴിൽ വിപണിയിലേക്ക് കടക്കുമ്പോൾ അവർക്ക് വേണ്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ വളർച്ചാ നിരക്ക് മതിയാവില്ലെന്ന് രാജൻ പറഞ്ഞു. ഇതിലും ഉയർന്ന വളർച്ച നേടാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജന്റെ പ്രസ്താവനക്ക് ശേഷം മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. ഇന്ത്യ രണ്ട് ബൃഹത്തായ സാമ്പത്തിക പരിഷ്കാരങ്ങളാണ് നടപ്പാക്കിയതെന്നും ഇത്തരം വലിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷം വളർച്ച നിരക്ക് കുറയുന്നത് സ്വാഭാവികമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും ശേഷം രണ്ട് ത്രൈമാസ പാദങ്ങളിൽ മാത്രമേ വളർച്ച കുറഞ്ഞുള്ളൂ. അതിനുശേഷം വീണ്ടും 7 ശതമാനം വളർച്ചയിലേക്ക് തിരിച്ചെത്തി. 2012 ലും 2014 ലും യഥാക്രമം അഞ്ച് ശതമാനത്തിനുമുകളിലും ആറ് ശതമാനത്തിനുമുകളിലും ആയിരുന്നു ജിഡിപി നിരക്ക് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഓരോ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശേഷവും വളർച്ചാ നിരക്ക് കുറഞ്ഞു എന്ന് ചൂണ്ടിക്കാണിക്കാൻ വിമിര്‍ശകർ എത്തുന്നത് സ്വാഭാവികമാണെന്ന് രാജന്റെ പേര് എടുത്തുപറയാതെ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here