ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് വെട്ടി പാതിയാക്കി റഷ്യ; എണ്ണ വാങ്ങാന്‍ ഇനി വേണം കൂടുതല്‍ കാശ്

ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡോയില്‍) വിപണിവിലയില്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയുടെ വിപണി പിടിച്ചെടുത്തത്. നിലവില്‍ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 40 ശതമാനം വിഹിതവുമായി ഒന്നാംസ്ഥാനത്തുമാണ് റഷ്യ.
ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സുകളായിരുന്ന ഇറാക്കും സൗദിയും അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ റഷ്യയുടെ ഡിസ്‌കൗണ്ട് ആയുധത്തിന് മുന്നില്‍ അടിയറവ് പറഞ്ഞ് പിന്നാക്കം പോയി. എന്നാലിപ്പോഴിതാ, റഷ്യയും മലക്കംമറിയുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് റഷ്യ വെട്ടി പാതിയാക്കി. ഇപ്പോള്‍ നല്‍കുന്നത് ബാരലിന് 3-4 ഡോളര്‍ മാത്രം.
നേട്ടം ഇടിയുന്നു, ബാധ്യത കൂടുന്നു
2023-24ന്റെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ റഷ്യയുടെ ഡിസ്‌കൗണ്ട് വഴി ഇന്ത്യ എണ്ണ ഇറക്കുമതിച്ചെലവില്‍ 580 കോടി ഡോളര്‍ ലാഭിച്ചിരുന്നു. പടിപടിയായി ഡിസ്‌കൗണ്ട് കുറഞ്ഞുതുടങ്ങിയതോടെ സെപ്റ്റംബര്‍-ഫെബ്രുവരിയില്‍ നേട്ടം 200 കോടി ഡോളറിലേക്ക് ഇടിഞ്ഞുവെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) ചൂണ്ടിക്കാട്ടുന്നു.
2023-24ല്‍ ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യ ആകെ ചെലവിട്ടത് 9,610 കോടി ഡോളറാണ്. നടപ്പുവര്‍ഷം (2024-25) ഇത് 10,000 കോടി മുതല്‍ 10,400 കോടി ഡോളര്‍ വരെ ആയേക്കാമെന്നും ഇക്ര വിലയിരുത്തുന്നു.
പാളിയ ലക്ഷ്യങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറും മുമ്പ് 2013-14ല്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി മൊത്തം ഉപഭോഗത്തിനുള്ളതിന്റെ 77 ശതമാനമായിരുന്നു. 2022ഓടെ ഇറക്കുമതി ആശ്രയത്വം 67 ശതമാനമാക്കുകയായിരുന്നു കേന്ദ്ര ലക്ഷ്യം.
ഇതിനായി ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക, ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (PPAC) റിപ്പോര്‍ട്ട് പ്രകാരം 2023-24ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് ഉപഭോഗത്തിനുള്ളതിന്റെ 87.8 ശതമാനം ക്രൂഡോയിലാണ്. ഇത് സര്‍വകാല റെക്കോഡാണ്. ഇക്കഴിഞ്ഞമാസം ഇറക്കുമതി 88.4 ശതമാനത്തിലുമെത്തി.
2023-24ല്‍ ആഭ്യന്തര ഉത്പാദനമാകട്ടെ 2022-23ലെ 29.2 മില്യണ്‍ ടണ്ണില്‍ നിന്ന് 29.4 മില്യണ്‍ ടണ്ണിലേക്ക് നേരിയ വളര്‍ച്ചയേ കുറിച്ചിട്ടുള്ളൂ.

Related Articles

Next Story

Videos

Share it