തീയതി കുറിച്ചു; ഇനി തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നത് ഈ 9 ഘടകങ്ങൾ
പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജ്യത്തെ 90 കോടി വോട്ടര്‍മാർ ഏഴ് ഘട്ടങ്ങളിലായി പോളിംഗ് ബൂത്തിലെത്തുമ്പോൾ ഏതൊക്കെ ഘടകങ്ങളായിരിക്കും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക?
ദേശ സുരക്ഷ
1990കൾ മുതൽ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പുകളുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ഭീകരവാദവും ദേശ സുരക്ഷയും. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ദേശസുരക്ഷ ഒരുനിർണ്ണായക തെരഞ്ഞെടുപ്പ് ചർച്ചാവിഷയമാവുകയായിരുന്നു. പുൽവാമയ്ക്കും ഉറിയ്ക്കും ശേഷം ഇന്ത്യ നൽകിയ തിരിച്ചടികൾക്ക് ശേഷം നരേന്ദ്രമോദിയെ 'ശക്തനായ' പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചിരുന്നു.
തൊഴിൽ
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണ ആയുധമാകാൻ പോന്ന വിഷയമാണ് ഇന്ത്യയുടെ 'നഷ്ടപ്പെട്ട' തൊഴിലവസരങ്ങൾ. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയിലെ തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്ന പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക കണക്കുകൾ ചോർന്നതും സർക്കാരിന് ക്ഷീണമായി.
ഗ്രാമീണരുടെ അസംതൃപ്തി
2014-ലെ മോദിയുടെ തിളക്കമാർന്ന വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗ്രാമീണ വോട്ടുകളായിരുന്നു. കാർഷിക വരുമാനത്തിലെ തുടർച്ചയായ ഇടിവ് മോദി സർക്കാരിനെതിരെ തിരിയാൻ കർഷകരെ പ്രേരിപ്പിച്ചിരുന്നു. കർഷകരുടെ രോഷം തണുപ്പിക്കാൻ സർക്കാർ ഈയിടെ നടപടികൾ എടുത്തുവെങ്കിലും അവ ബിജെപിയ്ക്ക് വോട്ടുകളായി മാറുമോ എന്ന് കണ്ടറിയുകതന്നെ വേണം.
ജാതി രാഷ്ട്രീയം
എല്ലാ തെരഞ്ഞെടുപ്പുകളേയും പോലെ തന്നെ ഇത്തവണയും ജാതി ഒരു പ്രധാന തെരഞ്ഞെടുപ്പ് തന്ത്രമായിരിക്കും. ഉത്തർ പ്രദേശിൽ എസ്‌പിയും ബിഎസ്പിയും ചേർന്ന് യാദവ്, ജാദവ്, മുസ്ലിം വോട്ടുകളുടെ സഹായത്തോടെ ബിജെപിയെ തറപറ്റിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബിഹാറിൽ ഒബിസി, മുസ്ലിം വോട്ടുകൾ ബിജെപിയ്ക്കെതിരെ ലാലു പ്രസാദ് യാദവ് ഒന്നിപ്പിക്കും. മുന്നോക്ക വിഭാഗത്തിന് സംവരണം പ്രഖ്യാപിച്ച് ബിജെപിയും അങ്കത്തട്ടിലുണ്ട്.
അഴിമതി
2014-ൽ 10 വർഷത്തെ ഭരണത്തിന് ശേഷം കോൺഗ്രസിനെ താഴെയിറക്കിയതിൽ അഴിമതിക്കേസുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. മോദിയുടെ 'അഴിമതിവിരുദ്ധ' പ്രതിച്ഛായ തകർക്കാൻ 'റാഫേൽ' കഥകളുമായി രാഹുൽ ഗാന്ധി മുന്നിൽത്തന്നെയുണ്ട്.
സോഷ്യൽ മീഡിയ
ഇലക്ഷൻ കമ്മീഷന്റെ കർശന നിരീക്ഷണത്തിലാണെങ്കിലും കൂടുതൽ കരുത്താർജിച്ച് സോഷ്യൽ മീഡിയ തെരഞ്ഞെടുപ്പങ്കത്തിന് തയ്യാറെടുക്കുകയാണ്. വ്യാജ വാർത്തകൾ നിയന്ത്രിച്ചും മറ്റും പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെക് ഭീമന്മാരായ ഫേസ്‌ബുക്കും, ട്വിറ്ററും മറ്റുള്ളവരും.
ക്ഷേമ പദ്ധതികൾ
മോദി സർക്കാരിന്റെ ഭരണകാലം പദ്ധതികളുടെ പെരുമഴക്കാലമായിരുന്നു. ഭരണപക്ഷം ഇവയെ ഉയർത്തിക്കാട്ടുമ്പോൾ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാർഷിക കടം എഴുത്തുതള്ളി കോൺഗ്രസും ഒപ്പത്തിനൊപ്പമുണ്ട്.
യുവ വോട്ടർമാർ
യുവ ഇന്ത്യയിലെ യുവ വോട്ടർമാർ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ നിർണ്ണായക പങ്കു വഹിക്കും. എണ്ണത്തിൽ ഇക്കൂട്ടരായിരിക്കും മുന്നിൽ എന്നതുതന്നെയാണ് ഈ വോട്ടുകൾ നിർണ്ണായകമാകാനുള്ള കാരണവും. മുൻപത്തേക്കാളേറെ രാഷ്ട്രീയ അവബോധമുള്ള തലമുറയാണ് ഇത്തവണ പോളിങ് ബൂത്തിലെത്തുക എന്നതും രാഷ്ട്രീയ പാർട്ടികളുടെ ഭാവിയെ സ്വാധീനിക്കും.
സ്ത്രീകൾ
രാജീവ് ഗാന്ധി, എൻടിആർ, ജയലളിത, നിതീഷ് കുമാർ തുടങ്ങി വളരെയധികം നേതാക്കളുടെ വിജയത്തിൽ സ്ത്രീ വോട്ടർമാർ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. എൽപിജി, ഉജ്വല, സ്വച്ഛ് ഭാരത് തുടങ്ങിയവയുടെ ചുവടുപിടിച്ച് സ്ത്രീ വോട്ടുകൾ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.